02 June Tuesday

ചെറുകിടക്കാർക്ക്‌ പട്ടയം; ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക്‌ സമയബന്ധിത പരിഹാരം

പ്രത്യേക ലേഖകൻUpdated: Thursday Aug 8, 2019


തിരുവനന്തപുരം
ഇടുക്കിയിൽ അർഹരായ ചെറുകിടക്കാർക്ക്‌ പട്ടയം അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. 15 സെന്റിൽ താഴെയുള്ള പട്ടയങ്ങൾക്ക്‌ കർശന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകാനും അല്ലാത്തവ തിരിച്ചുപിടിക്കാനുമാണ്‌ തീരുമാനം. ഭൂപ്രശ്‌നങ്ങൾക്ക്‌ സമയബന്ധിതമായി പരിഹാരം കാണുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നേരത്തേ പട്ടയം നൽകിയ ഭൂമിയിൽ അനധികൃതനിർമാണം നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തും. കൈയേറിയ സർക്കാർഭൂമിയുടെ കണക്കെടുക്കാൻ കലക്ടർക്ക്‌ നിർദേശം നൽകി. ഈ സ്ഥലങ്ങൾ ഏറ്റെടുത്ത്‌ പൊതുആവശ്യങ്ങൾക്ക്‌ ഉപയോഗിക്കും.

15 സെന്റിന്‌ താഴെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിക്ക്‌ താഴെയുള്ള കെട്ടിടങ്ങൾ ക്രമീകരിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. കെട്ടിടം ഏക വരുമാനമാർഗമാണെന്ന്‌ തെളിയിക്കണം. ഇത്‌ കലക്ടർ പ്രത്യേകം റിപ്പോർട്ടായി സമർപ്പിക്കും. ഭൂമി കൈവശം വച്ചയാൾക്കും ആശ്രിതർക്കും മറ്റെവിടെയും ഭൂമിയില്ലെന്ന്‌ ആർഡിഒ സാക്ഷ്യപ്പെടുത്തുകയുംവേണം. പട്ടയഭൂമിയിൽ  വാണിജ്യ–-നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ പട്ടയം റദ്ദാക്കി സർക്കാർ ഏറ്റെടുക്കും. ഈ ഭൂമി പുതിയ നയമനുസരിച്ച്‌ പാട്ടത്തിന്‌ നൽകും. ഈ വിഭാഗത്തിൽ വരാത്ത സർക്കാർഭൂമിയിലെ കൈയേറ്റവും അതിലെ നിർമാണവും ഏറ്റെടുത്ത്‌ പൊതുആവശ്യങ്ങൾക്ക്‌ ഉപയോഗിക്കും.

അനധികൃതമായി നൽകിയ പട്ടയങ്ങൾ പരിശോധിക്കുന്നതിന്‌ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. മൂന്ന്‌ മാസത്തിനകം തുടർനടപടി സ്വീകരിക്കും. പട്ടയം അനുവദിച്ച ഭൂമിയിൽ വ്യവസ്ഥ ലംഘിച്ച്‌ വാണിജ്യനിർമാണ പ്രവർത്തനങ്ങൾ ഭാവിയിൽ നടത്തരുത്‌. ഏത്‌ ആവശ്യത്തിനാണ്‌ പട്ടയം അനുവദിച്ചത്‌ എന്ന്‌ വില്ലേജ്‌ ഓഫീസറുടെ സാക്ഷ്യപ്പെടുത്തൽ വേണം. ആ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ കെട്ടിടപെർമിറ്റ്‌ അനുവദിക്കാവൂ.

ചിലർ ഇടുക്കിയിലെ ജനങ്ങളെ മൊത്തം കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത്‌ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ഇതിന്‌ പൂർണ പരിഹാരം കാണുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിലെ നിർമാണം പരിസ്ഥിതിസൗഹൃദമാകണമെന്ന്‌ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ നയത്തിന്‌ അനുസൃതമായി ടൗൺ പ്ലാനിങ്‌  സ്‌കീംവരും. രവീന്ദ്രൻ പട്ടയങ്ങളെന്ന്‌ അറിയപ്പെടുന്നവയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കും. മൂന്നാർ ട്രിബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ കേസുകൾ അതത്‌ കോടതികളിലേക്ക്‌ തിരിച്ചയക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

കാർഷികവായ്പ: മൊറട്ടോറിയം ഡിസം. 31 വരെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കാർഷികവായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ ദീർഘിപ്പിക്കും. പുനഃക്രമീകരിക്കാത്തതടക്കം എല്ലാ കാർഷിക വായ്പകളിലെയും ജപ്തിനടപടി ഡിസംബർ 31 വരെ മരവിപ്പിക്കാനും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ സർക്കാരിന്റെ നിർദേശം ബാങ്കുകൾ അംഗീകരിച്ചു. മൊറട്ടോറിയം നീട്ടുന്നതിന്‌ എസ്എൽബിസിക്ക് തീരുമാനമെടുക്കാമെന്ന്‌ റിസർവ് ബാങ്ക് നിർദേശമുണ്ടായിരുന്നു.

വായ്പ പുനഃക്രമീകരിക്കാത്തവർക്ക് പുതിയ വായ്പ അനുവദിക്കാനും പലിശയടച്ച് പുതുക്കാനും അതത്‌ ബാങ്കുകൾ തീരുമാനമെടുക്കുമെന്ന്‌ കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ഇതിന്‌ എസ്എൽബിസി ഉപസമിതി അടിയന്തരമായി ചേർന്ന് നിർദേശങ്ങൾ നൽകും. കൃഷി ഉപജീവനമാക്കിയവരുടെ എല്ലാ വായ്പകൾക്കും മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന സർക്കാരിന്റെ ആവശ്യം റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി വ്യക്തമാക്കി. വായ്പ പുനഃക്രമീകരിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി ലഭിച്ചിട്ടില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ അനുഭാവ നിലപാട്‌ സ്വീകരിക്കണമെന്ന ആവശ്യം ബാങ്കുകൾ അംഗീകരിച്ചു.

നിരീക്ഷിക്കാൻ ജില്ലാതല സമിതി
കാർഷികവായ്പകൾക്കെതിരായ ബാങ്കുകളുടെ അനാവശ്യനടപടികൾ നിയന്ത്രിക്കാനും തടയാനും  എല്ലാ ജില്ലയിലും ഒരാഴ്‌ചയ്‌ക്കകം ഉപസമിതികൾ രൂപീകരിക്കും. നിലവിൽ ഇടുക്കി, വയനാട് ജില്ലകളിലുണ്ട്‌.  ബാങ്ക് പ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളാകും. സർഫാസി ആക്ട് പ്രകാരമുള്ള നോട്ടീസയക്കൽ ഉൾപ്പെടെ എല്ലാ നടപടികളും സമിതിയുടെ പരിഗണനയിൽ വരും .


പ്രധാന വാർത്തകൾ
 Top