16 September Monday

ഐ ടിക്ക്‌ നാടകം ജീവിതം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


മട്ടാഞ്ചേരി
അമ്പതാണ്ട് പിന്നിടുന്ന നാടക ജീവിതത്തിനൊടുവിൽ അക്കാദമി അംഗീകാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് തോപ്പുംപടിക്കാരനായ ഐ ടി ജോസഫ്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരമാണ്‌  ഐ ടിക്ക്‌ ലഭിച്ചത്‌. നടൻ, സംവിധായകൻ, നാടകസംഘാടകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം അറിയപ്പെട്ടു. കൊച്ചി തുറമുഖ ട്രസ്റ്റിൽ ജോലി ലഭിച്ചപ്പോഴും നാടകം തുടർന്നു. പകൽ ജോലി, രാത്രി നാടകമെന്നായി. 66 വയസ്സുകാരനായ ഐ ടി, വിരമിച്ചശേഷവും നാടകത്തോടൊപ്പംത്തന്നെ.

സ്കൂൾവിദ്യാർഥിയായിരുന്ന കാലത്ത്‌ നാടകവേദിയിലെത്തി. പഠനകാലം കഴിഞ്ഞതോടെ കൊച്ചിയിലെ അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. ചിലത് സംവിധാനംചെയ്തു. ആലപ്പുഴ കൽപ്പന തിയറ്റേഴ്‌സിന്റെ ‘പ്രഭാതം അകലെ’ എന്ന നാടകത്തിൽ ബാലനടനായാണ്‌ പ്രൊഫഷണൽ രംഗത്ത്‌ തുടക്കം. ടിപ്‌ടോപ്‌ അസീസിന്റെ ‘ഹിപ്പി വാർഡ്‌’ ഉൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. 38 പ്രൊഫഷണൽ നാടകങ്ങളിൽ വേഷമിട്ടു. എല്ലാം മികച്ച കഥാപാത്രങ്ങൾ. 13 സിനിമ, പത്ത് സീരിയൽ, എട്ട് ഷോർട്ട് ഫിലിം, രണ്ട് പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ജോസി കുറ്റിക്കാട്, കെ എം ധർമൻ, നെൽസൺ ഫെർണാണ്ടസ്, പ്രദീപ് റോയി, ഞാറക്കൽ ശ്രീനി, ജയൻ തിരുമന, രാജീവ് മാമ്പിള്ളി, ദേശീയൻ എന്നീ പ്രമുഖരായ നിരവധി സംവിധായകരുടെ കീഴിൽ അഭിനയിച്ചു. ജോൺ ഫെർണാണ്ടസ് എംഎൽഎ രചിച്ച  ‘മത്തായിയുടെ മരണം’ എന്ന നാടകം അദ്ദേഹം നിരവധി വേദികളിലെത്തിച്ചു. നിയമസഭയിൽ മീനാരാജിനോടൊപ്പവും അവതരിപ്പിച്ചു.

കൊച്ചിയിൽ നാടകകലാകാരന്മാരുടെ കൂട്ടായ്മയുടെ സംഘാടകനാണ്. അവശരായ കലാകാരന്മാർക്ക് സഹായവും പിന്തുണയും നൽകുന്നു. കൊച്ചിയിലെ കലാകാരന്മാരെക്കുറിച്ച് പ്രതിപാദിക്കുന്ന ‘രംഗകലകളുടെ കൊച്ചി’ പുസ്തകം ഇറക്കുന്നതിന് പ്രധാന പങ്കുവഹിച്ചു. ഇടക്കൊച്ചി പ്രഭാകരൻ സ്മാരക അവാർഡ്‌, തിരുവനന്തപുരം സൂര്യ സാരഥി പുരസ്‌കാരം, നാടകകൃത്ത് പി ബി ആന്റണി സ്മാരക പുരസ്‌കാരം, ഭൂമിക അവാർഡ് എന്നിവ നേടി. ഓൾ ഇന്ത്യ തുറമുഖത്തിന്റെ നാടകമത്സരത്തിൽ മികച്ച നടനായി. ഭാര്യ: ഷൈനി. മക്കൾ: ദീപ, ദീപ്‌തി.


പ്രധാന വാർത്തകൾ
 Top