16 November Saturday

വീട്ടമ്മയെ രക്ഷിച്ച അയൽവാസികൾക്ക് നാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


അങ്കമാലി
വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞ് പാറമടയിൽ വീണ അയൽവാസിയായ വീട്ടമ്മയെ രക്ഷപ്പെടുത്തിയ അച്ഛനും മകനും പൗരാവലിയുടെ അനുമോദനം. കറുകുറ്റി പാവട്ടാട്ടുകുന്നിൽ പള്ളിപ്പാടൻ ബെന്നിയുടെ ഭാര്യ അൽഫോൻസയെ പാറമടയിൽനിന്ന് രക്ഷിച്ച അയൽവാസി ശശിയെയും മകൻ അമൽജിത്തിനെയുമാണ് നാട്ടുകാർ അനുമോദിച്ചത്.

ജൂലൈ 21 നാണ് വീട്ടുമുറ്റത്തെ മതിലിടിഞ്ഞ് അൽഫോൻസ നൂറ് അടിയോളം താഴ്ചയുള്ള പാറമടയിലെ വെള്ളത്തിൽ വീണത്. നീന്തൽ വശമില്ലാതെ ഇവർ മരണവെപ്രാളത്തിൽ മുങ്ങിത്താഴുന്നതിനിടെ ഉച്ചത്തിൽ കരഞ്ഞതുകേട്ട് ഓടിയെത്തിയ അമൽജിത്തും അച്ഛനും ചാടി രക്ഷപ്പെടുത്തുകയായിരുന്നു.

നാടിന് മാതൃകയായ ശശിയെയും മകൻ അമൽജിത്തിനെയും കറുകുറ്റി റെയിൽവേ സ്റ്റേഷൻ കവലയിൽ ചേർന്ന പൗരയോഗമാണ് അനുമോദിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ് ഇരുവർക്കും ഉപഹാരം നൽകി. കെ പി റെജീഷും, കെ കെ ഗോപിയും ചേർന്ന് പൊന്നാട അണിയിച്ചു. പി വി ടോമി, അഡ്വ. ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി കെ പൗലോസ് അധ്യക്ഷനായി. കെ ജി വർഗീസ് സ്വാഗതവും പ്രിൻസ് ഫ്രാൻസിസ് നന്ദിയും പറഞ്ഞു. അമൽജിത്ത് ഡിവൈഎഫ്‌ഐ കറുകുറ്റി മേഖലാ സെക്രട്ടറിയാണ്.


പ്രധാന വാർത്തകൾ
 Top