19 September Thursday

"വർഗീയത വേണ്ട ജോലി മതി' : ആവേശത്തേരിലേറി ഡിവൈഎഫ്ഐ യുവജന ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

കോട്ടയം/പാലക്കാട്‌> സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിന്‌ മുന്നോടിയായുള്ള രണ്ട്‌ യുവജനജാഥകൾ ആവേശത്തോടെ മുന്നോട്ട്‌. സംസ്ഥാന സെക്രട്ടറി എ എ റഹീം ക്യാപ്‌റ്റനായ വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ പാലക്കാട്‌ ജില്ലയിൽ പര്യടനം നടത്തി.

തൃത്താലയിലെ നീലിയാട്ടിൽ നിന്നുമാണ്‌ ജില്ലയിലെ പര്യടനം തുടങ്ങിയത്‌. തുടർന്ന്‌ കൂറ്റനാട്‌, പട്ടാമ്പി, ഒറ്റപ്പാലം, ചെർപ്പുളശേരി, മണ്ണാർക്കാട്‌, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാലക്കാട്ട്‌ സമാപിച്ചു. ബുധനാഴ്‌ച രാവിലെ കൊടുമ്പിൽനിന്ന്‌ ജാഥ ആരംഭിക്കും. വടക്കഞ്ചേരിയിൽ സമാപിക്കും.

എസ്‌ സതീഷ്‌ ക്യാപ്‌റ്റനായ തെക്കൻ മേഖലാ ജാഥ കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ഇന്നലെ രാവിലെ ചങ്ങനാശേരിയിൽ നിന്ന്‌ ആരംഭിച്ചു. പാമ്പാടി, വാഴൂർ, പൂഞ്ഞാർ, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾക്ക്‌ ശേഷം കാഞ്ഞിരപ്പള്ളിയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്‌റ്റനെ കൂടാതെ ജാഥാ മാനേജർ എസ്‌ കെ സജീഷ്‌, അംഗങ്ങളായ വി കെ സനോജ്‌, എം വിജിൻ, ഡോ. പ്രിൻസി കുര്യാക്കോസ്‌, ഷിജു ഖാൻ, ജില്ലാ സെക്രട്ടറി സജേഷ്‌ ശശി, പ്രിസഡന്റ്‌ കെ ആർ അജയ്‌, എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ജാഥ ബുധനാഴ്‌ച  ഇടുക്കി ജില്ലയിൽ പ്രവേശിക്കും. വണ്ടിപ്പെരിയാറിൽ തുടങ്ങി നെടുങ്കണ്ടം, ഇടുക്കി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം തൊടുപുഴയിൽ സമാപിക്കും. 8, 9 തീയതികളിൽ എറണാകുളം ജില്ലയിൽ പര്യടനം നടത്തി ജാഥ സമാപിക്കും.


പ്രധാന വാർത്തകൾ
 Top