തിരുവനന്തപുരം > പൊതുവിദ്യാഭ്യാസവകുപ്പില്‍ ഐടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഐടി@സ്കൂള്‍ പ്രോജക്ട് സര്‍ക്കാര്‍ കമ്പനിയായി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (ഗകഠഋ) എന്നാണ് പേര്. വിദ്യാഭ്യാസവകുപ്പിലെ ആദ്യ സര്‍ക്കാര്‍ കമ്പനിയാണിത്. കമ്പനി ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായി. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍കൂടി ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവര്‍ത്തനമേഖല കമ്പനി രൂപീകരണത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചു. നവകേരള മിഷന് തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്.
ഹൈസ്കൂള്‍ ക്ളാസുകളില്‍ ഐടി പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ 2001ലാണ് ഐടി@സ്കൂള്‍ പ്രോജക്ട് രൂപീകരിച്ചത്. 2005ല്‍ പത്താംക്ളാസില്‍ ഐടി പാഠ്യവിഷയമായതും എഡ്യൂസാറ്റ് സംവിധാനവും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നടപ്പാക്കിയതും ഐടി@സ്കൂളിനെ ശ്രദ്ധേയമാക്കി. 2008 എസ്എസ്എല്‍സി പരീക്ഷ പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്കുമാറി. വിദ്യാഭ്യാസരംഗത്ത് സ്വതന്ത്ര സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംവിധാനമായി ഐടി@സ്കൂള്‍. 15,000 സ്കൂളുകളെ കോര്‍ത്തിണക്കുന്ന 'സ്കൂള്‍ വിക്കി'’പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഐടി @ സ്കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരുന്ന ഘട്ടത്തിലാണ് പൂര്‍ണമായും സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള കമ്പനിയായുള്ള രൂപമാറ്റം.
ഇതോടെ കൂടുതല്‍ വിശാലമായ പദ്ധതികള്‍ക്ക് രൂപംനല്കാന് കൈറ്റിന് കഴിയും. 4775 സ്കൂളിലെ 45,000 ക്ളാസ്മുറി ഹൈടെക്കാക്കുന്ന 493.5 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസാണ് കൈറ്റ് സിഎംഡി. കെ അന്‍വര്‍ സാദത്ത് വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരിക്കും. ഡിപിഐ കെ വി മോഹന്‍കുമാറും ഡയറക്ടര്‍ബോര്‍ഡില്‍ അംഗമാണ്. ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നു. സ്കൂളുകളിലെ ഐടി പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ഉന്നതവിദ്യാഭ്യാസവകുപ്പിലെ പശ്ചാത്തലവികസനത്തിനായി പുതിയൊരു വിഭാഗത്തെ കൈറ്റില്‍ രൂപീകരിക്കാനും തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..