05 August Wednesday

ഉറവിടം അറിയാത്തവ ഒരു ശതമാനത്തിൽ താഴെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


സംസ്ഥാനത്ത്‌ ഉറവിടം അറിയാത്ത കോവിഡ്‌ രോഗികൾ ഒരുശതമാനത്തിൽ താഴെയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത്‌ 40 ശതമാനം രോഗബാധിതരുടെയും രോഗ ഉറവിടം അറിയില്ല. സംസ്ഥാനത്ത്‌ ജൂൺ 30 വരെ ഉണ്ടായ 4442 രോഗികളിൽ 166 പേരുടെ ഉറവിടമാണ് (രണ്ട്‌  ശതമാനം) ആരംഭത്തിൽ അറിയാൻ സാധിക്കാഞ്ഞത്.

ഇതിൽ 125 എണ്ണത്തിന്റെയും ഉറവിടം  പിന്നീട് കണ്ടെത്തി. ബാക്കിയുള്ള 41ൽ 23 രോഗികളുടെ അന്വേഷണം പുരോഗമിക്കുന്നു.ഉറവിടം അജ്ഞാതമായ 18 രോഗബാധിതരുണ്ട്‌. അവയിൽ മൂന്നു രോഗികൾവീതം തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ്. രണ്ട്‌ രോഗികൾവീതം കൊല്ലം, ഇടുക്കി ജില്ലകളിലാണ്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരുടെയും ഉറവിടം വ്യക്തമല്ല. മറ്റ്‌ ജില്ലകളിൽ ഉറവിടം വ്യക്തമല്ലാത്തവയില്ല. അന്വേഷണം പുരോഗമിക്കുന്ന 23 രോഗികളിൽ 13 എണ്ണം മലപ്പുറത്താണ്‌. മൂന്നുപേർ ഇടുക്കി ജില്ലയിലും‌. പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ട്‌ രോഗികൾവീതവും  കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളിൽ ഓരോന്നും അന്വേഷണത്തിലാണ്. ഇങ്ങനെ നോക്കുമ്പോൾ ഒരുശതമാനത്തിൽ താഴെ രോഗികളുടെമാത്രം ഉറവിടമാണ്‌ കണ്ടെത്തേണ്ടത്. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും മികച്ച പ്രവർത്തനമാണ്‌ ഇത്രയും പേരുടെ രോഗബാധാ പശ്ചാത്തലം കണ്ടെത്താൻ സഹായിച്ചത്‌.

രോഗികൾ കൂടുന്ന സാഹചര്യത്തിൽ കോണ്ടാക്റ്റ് ട്രേസിങ്‌ ഫലപ്രദമായി നടപ്പാക്കാൻ ജനങ്ങളുടെ സഹകരണം കൂടുതൽ വേണം. യാത്രകൾ, കയറിയ വാഹനങ്ങൾ, കടകളും ഹോട്ടലുകളും ഉൾപ്പെടെ സന്ദർശിച്ച സ്ഥലങ്ങളും സമയവും കുറിച്ചുവയ്ക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top