11 August Tuesday

ഹരിത പദ്ധതികൾക്ക്‌ കിഫ്‌ബി തണൽ : 6 മാസത്തിനുള്ളിൽ 1100 കോടി വായ്‌പ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


വിവിധ ഹരിത പദ്ധതികൾക്ക്‌ കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി (കിഫ്‌ബി)യുടെ സഹായം. ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (ഐഎഫ്‌സി) കിഫ്ബി വഴി 1100 കോടി രൂപ സംസ്ഥാനത്ത്‌ നിക്ഷേപിക്കും. കുറഞ്ഞ പലിശയിലാണ്‌ ഐഎഫ്‌സി വായ്‌പ. ലോക ബാങ്കിന്റെ ഉപസ്ഥാപനമാണ്‌ ഐഎഫ്‌സി. സംസ്ഥാനത്തെ മികച്ച പരിസ്ഥിതി സൗഹൃദ പദ്ധതി മാതൃകയായ കാർബൺ ന്യൂട്രൽ വയനാട് കാപ്പി വികസന പദ്ധതി‌ക്കായിരിക്കും  ‌ കൂടുതൽ സഹായം. വയനാട്‌ ബ്രാന്റഡ് കാപ്പിക്ക് മികച്ച വിപണി കണ്ടെത്താനും ഐഎഫ്‌സി ബന്ധം സഹായമാകും. ജലപാതയാണ്‌ മറ്റൊന്ന്‌. കുട്ടനാട് പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയും വായ്‌പയിലൂടെ ഏറ്റെടുക്കാനാകും.

ആറുമാസത്തിനുള്ളിൽ ഐഎഫ്സിയുമായുള്ള ചർച്ച പൂർത്തിയാക്കി‌ വായ്‌പ ലഭ്യമാക്കാനാകുമെന്ന്‌‌ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി.
ഐഎഫ്സി ബോർഡ് പദ്ധതികളുടെ അവലോകനം നടത്തും. ബോർഡ്‌ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക്‌ കടമെടുപ്പ്  പ്രക്രിയ തുടങ്ങാം. ഏഷ്യൻ വികസന ബാങ്ക്‌, ജപ്പാൻ കോ ഓപ്പറേഷൻ ഓഫ്‌ ഇന്റർനാഷണൽ അലയൻസ്‌ തുടങ്ങി രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള അവസരവും ഇതുവഴി‌ ഒരുങ്ങും‌. റവന്യു വരുമാനം സൃഷ്ടിക്കുന്ന വൻകിട പ്രോജക്ടുകൾക്ക് സ്വകാര്യ പങ്കാളികളെ കണ്ടെത്താനുള്ള സഹകരണവും ഐഎഫ്‌സിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണ്‌. തെക്കു-വടക്ക് അതിവേഗ റെയിൽപാത യാഥാർഥ്യമാകണമെങ്കിൽ ഇത്തരമൊരു പങ്കാളിയെ കണ്ടെത്തിയേപറ്റൂ.

കിൻഫ്രയുടെ കൊച്ചിയിലെയും പാലക്കാട്ടെയും ലോജിസ്റ്റിക് പാർക്കുകൾ, കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം, വയനാട്ടിലെയും മൂന്നാറിലെയും റോപ്പ് വേ, കാക്കനാട്ടെ അന്തർദേശീയ എക്സിബിഷൻ സെന്റർ തുടങ്ങിയവയും സ്വകാര്യ പങ്കാളിയെക്കൂടി കണ്ടെത്തി നടപ്പാക്കാൻ കഴിയുന്നവയാണ്. പദ്ധതി നിർദേശങ്ങൾ ഐഎഫ്‌സി വിലയിരുത്തും. സാങ്കേതിക, സാമ്പത്തിക പഠനങ്ങൾ നടത്തും. വിശദ പദ്ധതി രേഖ  തയ്യാറാക്കും. ടെൻഡർ രേഖകളും ഇതിൽ ഉൾപ്പെടും. പങ്കാളിയെ കണ്ടെത്താൻ സഹായിക്കും. പൊതു–-സ്വകാര്യ പങ്കാളിത്തത്തിൽ സാങ്കേതിക സഹായം ഐഎഫ്‌സിയുടേതാകും.

പ്രകൃതിഭംഗിയും സംസ്കാരവും അവകാശപൈതൃകങ്ങളും അടിയറവയ്ക്കാതെ ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ വികസിത സംസ്ഥാനമായി കേരളത്തെ മാറ്റണം. ഇതിനുള്ള പദ്ധതിയാണ്‌ സർക്കാർ മുന്നോട്ടുവയ്‌ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top