12 August Wednesday

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം ഈ വർഷം ഇല്ല

എം വി പ്രദീപ്‌Updated: Tuesday Jul 7, 2020


തിരുവനന്തപുരം
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം ഈ വർഷം ഉണ്ടാകില്ല. സ്‌കൂളുകൾ എന്ന്‌ തുറക്കാനാകുമെന്നതിൽ ഇതുവരെ വ്യക്തതവന്നിട്ടില്ല. കോവിഡിനുശേഷമുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്തെല്ലാം മാറ്റങ്ങൾ വേണമെന്നടക്കം വിശദമായ പഠനവും ആവശ്യമാണ്‌. അതിനാലാണ്‌‌ പാഠ്യപദ്ധതി പരിഷ്‌കരണം വേണ്ടെന്ന്‌വയ്ക്കുന്നത്‌‌‌. കോവിഡ്‌ കാരണം ക്ലാസ്‌ നഷ്ടമായതിനാൽ പൊതുവിദ്യാലയങ്ങളിലെ 30 ശതമാനം സിലബസ്‌ വെട്ടിച്ചുരുക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന്‌ എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്‌ അറിയിച്ചു. അഞ്ചുവർഷത്തിലൊരിക്കൽ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്ന രീതി പ്രകാരം 2020–- 21 അധ്യയനവർഷം പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതാണ്‌. 2015ൽ പരിഷ്‌കരിച്ചിരുന്നു. പാഠ്യപദ്ധതി സമഗ്രമാക്കാനുള്ള പ്രവർത്തനം രണ്ടു വർഷം മുമ്പ്‌ ആരംഭിക്കുകയും ചെയ്തു. പ്രഥമിക ഘട്ട ചർച്ചയും തുടങ്ങി. ആ സമയത്താണ്‌ കോവിഡ്‌ വ്യാപനം‌.

കോവിഡ്‌ കാലത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ  പ്രവർത്തനങ്ങൾ വിലയിരുത്താൻ കരിക്കുലം കമ്മിറ്റി വൈകാതെ ചേരും. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഓൺലൈൻ പഠനം സംബന്ധിച്ച്‌ അവലോകനവും നടത്തും. ജൂലൈയിൽ സ്‌കൂൾ തുറക്കേണ്ടതില്ലെന്ന്‌ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനാൽ കുട്ടികളുടെ തുടർപഠന സാധ്യതാ വിശദാംശങ്ങളുടെ റിപ്പോർട്ട് എസ്‌സിഇആർടി ‌കരിക്കുലം കമ്മിറ്റിക്ക്‌ സമർപ്പിക്കും. സ്‌കൂൾ തുറക്കുന്നതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിലാണ്‌ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾക്ക്‌ ഓൺലൈൻ ക്ലാസ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്‌‌. പ്രതിസന്ധി തുടർന്നാൽ ഇതിന്റെ തുടർപ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നതടക്കം കരിക്കുലം കമ്മിറ്റി ആലോചിക്കും.

കരിക്കുലം സ്‌റ്റിയറിങ്‌ കമ്മിറ്റി മാറ്റി
ഒമ്പതിന്‌ ചേരാനിരുന്ന കരിക്കുലം സ്‌റ്റിയറിങ്‌ കമ്മിറ്റി മാറ്റിവച്ചതായി എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്‌ അറിയിച്ചു. തിരുവനന്തപുരത്ത്‌ ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ്‌ യോഗം മാറ്റിയത്‌. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top