03 August Monday

ട്രിപ്പിൾ ലോക്ഡൗൺ : കെഎസ്ആർടിസി റിലേ, ബോണ്ട് സർവീസ്‌ നിർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


തിരുവനന്തപുരം
കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി റിലേ, ബോണ്ട് സർവീസ്‌ നിർത്തി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന് തൃശൂർക്ക്‌ നടത്തിയിരുന്ന റിലേ സർവീസ് തിങ്കളാഴ്‌ചമുതൽ കൊല്ലത്തുനിന്ന്‌ പുറപ്പെടും. നെയ്യാറ്റിൻകരയിൽനിന്നുള്ള ബോണ്ട്(ബസ് ഓൺ ഡിമാൻഡ്‌) സർവീസ്‌ ലോക്ഡൗൺ പിൻവലിച്ചശേഷമേ പുനരാരംഭിക്കൂ.

തിരുവനന്തപുരം സിറ്റി, സെൻട്രൽ പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം ഡിപ്പോകൾ അടച്ചിരിക്കുകയാണ്. എംസി റോഡിൽനിന്നുള്ള ഓർഡിനറി സർവീസ്‌ മരുതൂർ ജങ്‌ഷനിൽ അവസാനിപ്പിച്ചു. കൊല്ലം ഭാഗത്തുനിന്ന് ദേശീയപാത വഴിയുള്ള സർവീസ് ആറ്റിങ്ങലിലും എം സി റോഡ് വഴിയുള്ള സർവീസ് വെഞ്ഞാറമൂട്ടിലും അവസാനിപ്പിച്ചു. വിഴിഞ്ഞം -പൂവാർ റൂട്ടിൽ ചപ്പാത്തിലും മലയിൻകീഴ് -പേയാട് റൂട്ടിൽ കുണ്ടമൺകടവിലും നെടുമങ്ങാട് -പേരൂർക്കട റൂട്ടിൽ ആറാം കല്ലിലും കളിയിക്കാവിള -തിരുവനന്തപുരം റൂട്ടിൽ പ്രാവച്ചമ്പലത്തും സർവീസ് അവസാനിപ്പിച്ചു.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്കായി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന്‌ പ്രത്യേക സർവീസ്‌ നടത്തും. ആരോഗ്യപ്രവർത്തകർക്കായും സർവീസ് നടത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top