11 August Tuesday

മലങ്കര ജലസേചന പദ്ധതി 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


തൊടുപുഴ
നിർമാണം പൂർത്തിയാക്കിയ മലങ്കര ജലസേചന പദ്ധതി 10ന് പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്യും. 1994 നവംബർ ഒന്നിന് ഭാഗികമായി കമീഷൻ ചെയ്‌തു പ്രവർത്തനം ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ പൂർണതോതിൽ നിർമാണം പൂർത്തിയാക്കിയത്. പ്രധാനമായും കൃഷി, ജലസേചന ആവശ്യം മുൻനിർത്തി നടപ്പാക്കിയ പദ്ധതിയിൽനിന്ന്‌ വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്.

തൊടുപുഴയാറ്റിൽ മലങ്കര ഭാഗത്ത് അണക്കെട്ട് നിർമിച്ച് ഇരുവശങ്ങളിലെയും കനാലുകളിലൂടെ കരിങ്കുന്നം, മണക്കാട്, ഏറ്റുമാനൂർ, കുറുപ്പന്തറ ഭാഗങ്ങളിലേക്കും ഇടവെട്ടി, കുമാരമംഗലം, പോത്താനിക്കാട്, കോതമംഗലം ഭാഗങ്ങളിലേക്കും കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കനാലുകളുടെ നിർമാണമാണ് അനന്തമായി നീണ്ടുപോയത്. പദ്ധതി പൂർണമായി കമീഷൻ ചെയ്യുന്നതോടെ 18,000 ഹെക്ടറോളം കൃഷിയിടങ്ങളിൽ ജലസേചനത്തിന് സൗകര്യമൊരുങ്ങും.

അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജലവൈദ്യുത നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ടിരുന്നു. 1974 കാലഘട്ടത്തിലാണ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ, 46 വർഷം പിന്നിട്ടിട്ടും പദ്ധതി പൂർണമാക്കാൻ കഴിഞ്ഞിരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കംമുതൽ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇപ്പോൾ എൽഡിഎഫ് സർക്കാരാണ് പദ്ധതിക്ക് ഗതിവേഗം പകർന്ന് ഉദ്ഘാടനത്തിന് സജ്ജമാക്കിയത്.
പദ്ധതിയുടെ ഭാഗമായ പവർഹൗസിൽ 10.5 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അണക്കെട്ടിൽ പൂർണതോതിൽ വെള്ളമുള്ളപ്പോൾ ഏഴ് മെഗാവാട്ട് വരെ വൈദ്യുതി നിലവിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top