20 August Tuesday

വൈദികര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ പൊതു സിനഡ് ചര്‍ച്ച ചെയ്യുമെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

കൊച്ചി> എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ഓഗസ്റ്റിൽ ചേരുന്ന സിറോ മലബാര്‍ സഭ പൊതു സിനഡ് ചര്‍ച്ച ചെയ്യുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഓഗസ്റ്റ‌് 19 ന് ചേരുന്ന സഭാ സിനഡിന്റെ പ്രധാന അജൻഡ ഇതാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദികരുടെ വികാരം സിനഡ് പരിഗണിക്കും.

നിലവിലെ സാഹചര്യം സങ്കീര്‍ണമാണ്. പ്രശ്‌നങ്ങള്‍ക്ക് സിനഡിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും തീരുമാനമുണ്ടാകുമെന്നും മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരിക്കെ താന്‍ വത്തിക്കാന് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല നിലവില്‍ അതിരൂപതയില്‍ ഉണ്ടായിരിക്കുന്ന നടപടികളെന്ന‌് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

ഞായറാഴ‌്ച പുലര്‍ച്ചെയാണ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനില്‍ നിന്നും എത്തിയത്. അതിരൂപതയില്‍ നിന്നും പുറത്താക്കപ്പെട്ട സഹായമെത്രാന്മാരില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സഹായമെത്രാന്മാരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.


പ്രധാന വാർത്തകൾ
 Top