22 August Thursday

വിശ്വാസത്തെ വർഗീയതയാക്കാൻ സംഘടിതശ്രമം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

കോഴിക്കോട്
വിശ്വാസത്തെ വർഗീയതയായി ചിത്രീകരിക്കാനുള്ള സംഘടിതശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഈ കാലഘട്ടത്തിൽ  നമ്മൾ ഒരേ മനസ്സാണെന്നുള്ള മൂല്യം ഉയർത്തിപ്പിടിക്കണം. സങ്കുചിത കാഴ്ചപ്പാട് വെടിഞ്ഞ് മാനവികതയെ പുണരാൻ കഴിയുന്ന വിദ്യാർഥി സമൂഹം ഉണ്ടാകണം. ഈങ്ങാപ്പുഴയ‌്ക്കടുത്ത‌് കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ അലിഫ് ഗ്ലോബൽ സ്കൂൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  -

പഠനമെന്നത‌്  ജോലിയിലേക്കുള്ള വഴി  മാത്രമല്ല‌, നല്ല മനുഷ്യനാകാനുള്ള ഉപാധികൂടിയാണ്. രാജ്യത്ത് നല്ലൊരു വിഭാഗത്തിന് വിദ്യാഭ്യാസം ലഭിക്കുന്നില്ല.  എന്നാൽ, കേരളം വിദ്യാഭ്യാസ–-ആരോഗ്യമേഖലയിൽ വൻ പുരോഗതി കൈവരിച്ചിട്ടുണ്ട്.  സർക്കാരിന്റെ പൊതുവിദ്യാഭ്യാസയജ്ഞം വൻ വിജയമായി.  ഇതോടെ  പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വിദ്യാർഥികൾ കൂടി. രണ്ട് വർഷത്തിനുള്ളിൽ 3,41,000 കുട്ടികളാണ‌് വർധിച്ചത‌്.

അക്കാദമിക മികവിനൊപ്പം കുട്ടികളിൽ അന്തർലീനമായ കഴിവുകൾകൂടി പ്രകടിപ്പിക്കുന്നതാണ‌് യഥാർഥ വിദ്യാഭ്യാസം. വിദ്യാഭ്യാസ രംഗത്ത‌് ആഗോളതലത്തിലുള്ള പുതിയ  പ്രവണതകൾ പരിചയപ്പെടുത്താനും വിജ്ഞാന വൈപുല്യത്തിനും  മർകസ‌് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ‌്. ദേശീയ മുഖ്യധാരയിൽനിന്ന‌് ചരിത്രപരമായ കാരണങ്ങളാൽ  അവഗണിക്കപ്പെടുന്ന വിഭാഗത്തെ കൈപിടിച്ചുയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മർകസ‌് നോളജ‌് സിറ്റി ചെയർമാൻ കാന്തപുരം അബൂബക്കർ മുസ്ല്യാർ അധ്യക്ഷനായി.  എംഎൽഎമാരായ ജോർജ‌് എം തോമസ‌്, പിടിഎ റഹീം, കാരാട്ട‌് റസാഖ‌്, നോളജ‌് സിറ്റി സിഇഒ ഡോ. അബ്ദുൾ സലാം മുഹമ്മദ‌്, മാനേജിങ‌്  ഡയറക്ടർ ഡോ. അസ‌്ഹാരി, സ്വാമി തച്ചോലത്ത‌് ഗോപാലൻ, ഫാദർ. ബെന്നി മുണ്ടനാട്ട‌്, ലുഖ‌്മാൻ പാഴൂർ, പ്രിൻസിപ്പൽ ഡോ. അമീർ ഹസൻ എന്നിവർ സംസാരിച്ചു. അലിഫ‌് സ‌്കൂൾ ചെയർമാൻ അലി അബ്ദുൾ റഹ‌്മാൻ സ്വാഗതവും ഡയറക്ടർ ഫസൽ ഹൈദ്രോസി  നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top