കളമശേരി
ഏലൂരിലെ കരിപ്പായിപ്പാടത്ത് വിരുന്നുകാരായെത്തുന്ന പക്ഷികളുടെ ഫോട്ടോ പ്രദർശനവുമായി ഏലൂർ മോഹനൻ. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു ഫോട്ടോഗ്രാഫർ ഏലൂർ മോഹനൻ പ്രദർശനം ഒരുക്കിയത്. ചിത്രം പകർത്തിയ സ്ഥലത്തുതന്നെ നടത്തുന്ന പ്രദർശനം എന്ന പ്രത്യേകതയുമുണ്ട്.
ഏലൂരിൽ പാട്ടുപുരയ്ക്കൽ വാർഡിൽ പീറ്ററിന്റെ വീടിനുമുന്നിലാണ് അമ്പതോളം പക്ഷികളുടെ ചിത്രങ്ങളുമായി പ്രദർശനം. പീറ്ററിന്റെ വീടിനുമുന്നിലെ വിശാലമായ പാടത്ത് സ്ഥിരമായി ദേശാടനപക്ഷികൾ എത്താറുണ്ട്. ഒന്നരവർഷത്തിനിടെ വർണക്കൊക്ക്, ചായമുണ്ടി, ചാരമുണ്ടി, കരുവാരക്കുരു, ചേരക്കൊക്ക്, അരിവാൾക്കൊക്ക്, വിവിധയിനം കാടപ്പക്ഷികൾ, മീൻകൊത്തികൾ, താമരക്കോഴി, നീലക്കോഴി, ചെങ്കണ്ണി തിത്തിരി, പവിഴ കാലൻ, കാളിക്കാട, നീർക്കാക്ക, എരണ്ട തുടങ്ങിയ പക്ഷികളുടെ ചിത്രമാണ് പകർത്തിയത്. ഉദ്ഘാടനംപോലുള്ള ഔപചാരികത ഒന്നുമില്ലാതെയാണ് പ്രദർശനം ഒരുക്കിയത്. പക്ഷികളുടെ വരവ് പഴയതുപോലില്ലെന്ന ആശങ്ക മോഹനൻ പങ്കുവച്ചു. കൃഷി നടക്കാത്തതിനാൽ തരിശുപാടത്ത് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് പക്ഷികളെ പിന്തിരിപ്പിക്കുമെന്നതാണ് കാരണം. പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശംകൂടിയാണ് പ്രദർശനമെന്നും മോഹനൻ പറഞ്ഞു. പ്രദേശത്തുകാർക്ക് ഇടയ്ക്കിടെ കാണുന്ന പക്ഷികളുടെ ചിത്രപ്രദർശനം ഏറെ കൗതുകകരമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..