19 September Thursday

വികസനം തടസ്സപ്പെടുത്തി കേരളത്തെ തകർക്കലാണ്‌ ബിജെപിയുടെ ലക്ഷ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

തിരുവനന്തപുരം> കേരളം ഇന്നേവരെ നേടിയിട്ടുള്ള വികസന നേട്ടങ്ങളെ ഇല്ലാതാക്കി സംസ്‌ഥാനത്തെ തകർക്കാനാണ്‌ ബിജെപിയും സംഘപരിവാറും എന്നും ശ്രമിക്കുന്നതെന്നും  ദേശീയപാതാ വികസനത്തിന്‌ തടസ്സം നിൽക്കുന്നതും ആ ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങൾ എന്നും യാത്രാക്കുരുക്കിൽ കുടുങ്ങി കിടക്കണമെന്നാണ്‌ ബിജെപി ആഗ്രഹിക്കുന്നത്‌. കേരളത്തിന്റെ എല്ലാമുന്നേറ്റങ്ങളേയും തകർക്കുക.എന്നതിലുടെ കേരളത്തെ തന്നെ തകർക്കുക അതാണ്‌ അവരുടെ പ്രധാന അജണ്ട. ബിജെപി സംസ്‌ഥാനത്തിന്‌ തന്നെ ബാധ്യതയായിരിക്കയാണ്‌. സംസ്‌ഥാനത്തെ  തകർക്കാനുള്ള ഈ നീക്കങ്ങളെ  കേരളജനത ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വികസനം കേരളത്തിന്‌ അത്യാവശ്യമാണ്‌. പലയിടത്തും ദേശീയപാത എന്നുപോലും വിളിക്കാൻ പറ്റാത്ത  റോഡുകളാണുള്ളത്‌. അത്‌ മാറ്റുവാനാണ്‌ സർക്കാർ ഇടപ്പെട്ടത്‌. സ്‌ഥലം ഏറ്റെടുത്ത്‌ നൽകൽ ആണ്‌ അതിൽ പ്രധാനം. യുദ്ധകാലാടിസ്‌ഥാനത്തിൽ അത്‌ നടപ്പാക്കുന്നതിനിടെയാണ്‌ ദേശീയപാത അതോറിറ്റി തടസ്സവാദവുമായി വന്നത്‌.

 ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ള അയച്ച കത്താണ്‌ ഇപ്പോൾ ദേശീയപാത വികസനം നിർത്തിവെയ്‌പിക്കാൻ ഇടയാക്കിയത്‌. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള 3 എ വിജ്ഞപനം റദ്ദാക്കണമെന്നാണ്‌ ശ്രീധരൻപിള്ള ആവശ്യപ്പെട്ടത്‌. നാട്ടിലെ ജനങ്ങൾ ഗതാഗതക്കുരുക്കിൽതന്നെ കഴിയട്ടെ എന്ന സാഡിസ്‌റ്റ്‌ മാനോഭാവമാണ്‌  ഇതിലുള്ളത്‌. വികസനം നിർത്തിവെയ്‌ക്കാൻ പറയുന്ന കാര്യങ്ങൾ പരസ്യമായി ഉന്നയിക്കാൻ  തയ്യാറാകാതെ അതീവ രഹസ്യമായി കത്തയച്ച്‌ വികസനപ്രവർത്തനത്തെ തടയലാണ്‌ ഇവിടെ ഉണ്ടായത്‌.

ദേശീയപാതാ വികസനത്തിൽ ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളെ ഒന്നാം ഘട്ടത്തിലേക്കും  മറ്റ്‌ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളെ രണ്ടാം ഘട്ടത്തിലേക്കും  മാറ്റുകയാണ്‌ ചെയ്‌തത്‌.  ഇത്‌ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക്‌ എതിരാണ്‌ . സ്വന്തം ഇംഗിതം മാത്രമാണ്‌ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്‌. തങ്ങൾക്ക്‌ താൽപര്യമുള്ളിടത്ത്‌ മാത്രം വികസനം എന്നതാണ്‌ അവർ സ്വീകരിക്കുന്ന നയം .

ഇതാദ്യമല്ല കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത്‌. റെയിൽവേ സോൺ, എയിംസ്‌, ഇങ്ങനെ ഒട്ടേറെ കാര്യങ്ങളാണ്‌ നമുക്ക്‌ നിഷേധിച്ചിട്ടുള്ളത്‌. സംസ്‌ഥാനം നേടിയനേട്ടങ്ങൾ ചൂണ്ടിക്കാണിച്ച്‌ അർഹമായ അവകാശം കൂടി നൽകാത്ത നിലയാണ്‌. ഓഖി, നിപ്പ, കാലവർഷക്കെടുത്തി എന്നിവയുണ്ടായപ്പോളെല്ലാം ഈ നിഷേധിക്കൽ കേരളം നേരിട്ടറിഞ്ഞതാണ്‌. അർഹമായത്‌ തന്നില്ലെന്ന്‌ മാത്രമല്ല; മറ്റ്‌ രാജ്യങ്ങളിൽനിന്ന്‌ സഹായമടക്കം തടഞ്ഞ കേന്ദ്രമാണുള്ളത്‌.

കേരളത്തെ വർഗീയമായി ധ്രുവീകരിക്കലാണ്‌ അവരുടെ ലക്ഷ്യം. ആപത്ത്‌ വരുമ്പോൾ  ഒറ്റക്കെട്ടായി നിന്ന ജനതയെ വർഗീയമായി ധ്രുവുകരിക്കാനാണ്‌ തെരഞ്ഞെടുപ്പ്‌ കാലത്ത്‌  സംഘപരിവാർ ശ്രമിച്ചത്‌.  തങ്ങളുടെ സങ്കുുചിതമായ രാഷ്‌ട്രീയ ലാഭത്തിന്‌ വേണ്ടി എന്തുചെയ്യാനും അവർക്ക്‌ മടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top