30 May Saturday

മംഗളൂരുവിലേക്ക്‌ രോഗികളെ കടത്തിവിടുമെന്ന വാക്ക്‌ പാലിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


കാസർകോട്‌
മംഗളൂരുവിലേക്കുള്ള രോഗികളെ കടത്തിവിടുമെന്ന്‌ കർണാടക സർക്കാർ കേരള സർക്കാരിനെ അറിയിച്ചിട്ടും വാക്ക്‌പാലിച്ചില്ല. നിരവധി രോഗികൾ ചൊവ്വാഴ്‌ച രാവിലെ മുതൽ തലപ്പാടി ദേശീയപാത ചെക്ക്‌പോസ്‌റ്റിൽ എത്തി. എന്നാൽ ഉത്തരവ് കിട്ടിയിട്ടില്ലെന്നും കടത്തിവിടില്ലെന്നുമായിരുന്നു  കർണാടക പൊലീസിന്റെ നിലപാട്‌. പരിശോധനയ്‌ക്ക്‌ കർണാടകയുടെ മെഡിക്കൽ സംഘം ഉണ്ടാകുമെന്ന്‌ അറിയിച്ചിട്ടും ആരുമുണ്ടായില്ല. ആംബുലൻസിലെത്തിയ കണ്ണൂർ മൊറാഴയിലെ സി എൻ മോഹനന്റെ മകൻ ആദിത്‌ ഗോവിന്ദ്‌, കാറിലെത്തിയ പയ്യന്നൂർ അന്നൂരിലെ ശാന്ത എന്നിവർ കാത്തുനിന്ന്‌ മടുത്ത്‌ വൈകിട്ട്‌ നാലോടെ മടങ്ങി. കാസർകോട്‌ ജില്ലയിൽനിന്നുള്ളവരും രോഗികളുമായി എത്തിയിരുന്നു. തുടർചികിത്സയ്‌ക്കായാണ്‌ ഇവരൊക്കയും മംഗളൂരുവിലെ ആശുപത്രികളിലേക്ക്‌ പോകാൻ ശ്രമിച്ചത്‌.

കർണാടക, കേരള ചീഫ്‌ സെക്രട്ടറിമാരുടെ ചർച്ചയിലുണ്ടായ ധാരണയിൽ സുപ്രീംകോടതി രാവിലെ കേസ്‌ തീർത്തിരുന്നു. വൈകിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയുടെ ഉത്തരവ്‌ വാർത്താസമ്മേളനത്തിൽ വായിക്കുകയും ചെയ്‌തു. എന്നാൽ ബംഗളൂരുവിൽ ഇറങ്ങിയ ഉത്തരവ്‌ ദക്ഷിണ കന്നഡ ജില്ലയിൽ കിട്ടിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം. രാത്രിയായിട്ടും രോഗികൾക്കായി അതിർത്തി തുറന്നിട്ടില്ല. രോഗികളെ കടത്തിവിടാനുള്ള കടുത്ത നിബന്ധനകൾ വലിയ പ്രയാസമുണ്ടാക്കും. കേരളത്തിൽനിന്നുള്ള രോഗികൾക്ക്‌ പരമാവധി ചികിത്സ നിഷേധിക്കാനുള്ള  രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമാണിത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top