22 May Wednesday

ശബരിമലയുടെ പേരിൽ നടത്തിയത് രാഷ്ട്രീയസമരം: വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019


പത്തനംതിട്ട 
ശബരിമലയിലെ സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരിൽ ഒരുവിഭാഗം നടത്തിയത് അയ്യപ്പധർമമല്ല, രാഷ്ട്രീയ സമരമാണെന്ന് ജനം തിരിച്ചറിഞ്ഞതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയന്റെ നവതി ആഘോഷ സമാപനവും പത്ത് ഭവനങ്ങളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ എടുത്തുചാടിയവർ ഇപ്പോൾ തിരിച്ച‌് ചിന്തിക്കാൻ തുടങ്ങി.   കാര്യങ്ങൾ മനസ്സിലാക്കാതെയാണ‌് ചിലർ പ്രതികരിച്ചത‌്. എന്റെ നിലപാടിനെ തുടർന്ന‌് വാട‌്സാപ്പിലും മറ്റും വലിയ തെറിവിളിയാണുണ്ടായത‌്. ശബരിമലയുടെ കാര്യത്തിൽ ഭക്തരോടൊപ്പമാണെന്നാണ‌് ഞാൻ പറഞ്ഞത‌്.  ഇതിന്റെ പേരിൽ കലാപത്തിന‌് ഇറങ്ങരുതേ എന്നാണ‌് ഞാൻ അഭ്യർഥിച്ച‌ത‌്. ശബരിമലയിലെ സമരം ഭക്തർക്കുവേണ്ടിയായിരുന്നില്ല, അത‌് രാഷ്ട്രീയമായിരുന്നു. ശബരിമലയിൽ നേർച്ച പോലും ഇടരുതെന്ന‌് പറഞ്ഞതിനെതിരെ ആരും പ്രതികരിച്ചില്ല. നമ്മളാരും അയ്യപ്പനെതിരെയല്ല, ഭക്തർക്കെതിരെയുമല്ല. എന്നാൽ അത്തരത്തിൽ പ്രചാരണം ഉണ്ടായി.

ഒരു ആലോചനയുമില്ലാതെ കഥയറിയാതെ വികാരംകൊണ്ട‌് എടുത്തുചാടുകയാണ‌് ഒരുകൂട്ടർ ചെയ‌്തത‌്. സമരത്തിന്റെ പേരിൽ എത്ര കേസുകളാണ് വന്നത്. ആരായിരുന്നു സമരത്തിന്റെ നേതാവ് എന്നു ചോദിച്ചാൽ ആർക്കുമറിയില്ല. പിന്നിൽ പ്രവർത്തിച്ചവർക്ക് രക്തസാക്ഷികളെയാണ് വേണ്ടിയിരുന്നത്. നമ്മെ സമരത്തിലേക്കു തള്ളിവിടാൻ വന്നവർ ദേവസ്വം ബോർഡുകളിൽ നമുക്ക് എത്ര ശതമാനം  സംവരണം തന്നു എന്നാലോചിക്കണം. തുല്യനീതിക്ക് ദേവസ്വംബോർഡുകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ചിന്തിക്കണം. ആദർശരാഷ്ട്രീയമല്ല, അവസരവാദ രാഷ്ട്രീയമാണ് ഇപ്പോഴത്തേത് –- വെള്ളാപ്പള്ളി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top