28 March Tuesday

"സുരക്ഷിതം 2.0' അന്താരാഷ്‌ട്ര സെമിനാർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


കൊച്ചി
വ്യവസായശാലകളിൽ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഫാക്‌ടറീസ്‌ ആൻഡ്‌ ബോയിലേഴ്‌സ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സെമിനാർ ‘സുരക്ഷിതം 2.0’ന്‌ തുടക്കമായി. നോർത്ത്‌ കളമശേരി ചാക്കോളാസ് പവിലിയൻ ഈവന്റ് സെന്ററിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. തൊഴിൽമന്ത്രി വി ശിവൻകുട്ടി, വ്യവസായമന്ത്രി പി രാജീവ്‌ എന്നിവരും ഓൺലൈനിൽ പങ്കെടുത്തു.

ജർമനി, നെതർലൻഡ്‌സ്‌, അമേരിക്ക, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പന്ത്രണ്ടിലധികം വിദഗ്‌ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തൊഴിൽസുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്‌. ആധുനിക സാങ്കേതികവിദ്യകളായ നിർമിതബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിങ്‌, ഐഒടി, ഡാറ്റാ അനലിറ്റിക്സ് എന്നിവയെ തൊഴിലപകടങ്ങളും തൊഴിൽജന്യരോഗങ്ങളും തടയാൻ പ്രയോജനപ്പെടുത്തുകയാണ്  സെമിനാറിന്റെ ലക്ഷ്യം. ജർമൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ്, നാഷണൽ സേഫ്റ്റി കൗൺസിൽ  - കേരള ചാപ്റ്റർ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. ചൊവ്വാഴ്‌ച സമാപിക്കും.

ഉദ്‌ഘാടനസമ്മേളനത്തിൽ ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്‌സ് ഡയറക്ടർ പി പ്രമോദ്, ജോയിന്റ് ഡയറക്ടർ ആർ സൂരജ് കൃഷ്ണൻ, ഇഎസ്‌ഐസി ഡയറക്ടർ ജനറൽ ഡോ. രാജേന്ദ്രകുമാർ, കൊച്ചി കപ്പൽശാല സിഎംഡി മധു എസ്‌ നായർ, ഇന്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കാൾ ഹെയ്ൻസ് നോയേട്ടൽ, ബിപിസിഎൽ ചീഫ് എക്‌സിക്യൂട്ടീവ് ചാക്കോ എം ജോസ്, ഒകുപേഷണൽ സേഫ്റ്റി ആൻഡ്‌ ഹെൽത്ത് സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. സുയോഷി കവാകാമി തുടങ്ങിയവർ സംസാരിച്ചു.

ഉൽപ്പാദനമേഖലയിൽ 
അതിവേഗ വളർച്ച: മുഖ്യമന്ത്രി
കേരളത്തിൽ ഉൽപ്പാദനമേഖല അതിവേഗത്തിലുള്ള വളർച്ച കൈവരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 10 മാസത്തിനിടെ സംസ്ഥാനത്ത് തുടക്കമിട്ട 1,27,000 സംരംഭങ്ങളിൽ 15.71 ശതമാനവും ഉൽപ്പാദനമേഖലയിലാണ്‌. സംരംഭകവർഷം പദ്ധതി ഇന്ത്യയിലെ മികച്ച പദ്ധതിയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഉൽപ്പാദനമേഖലയിലെ സംരംഭങ്ങളുടെ ഓഹരി വളർച്ചനിരക്ക് ഏഴിൽനിന്ന് 13 ശതമാനത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിച്ച സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിങ്‌ ബിസിനസുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ രൂപീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. കൃത്യമായ അവബോധത്തിലൂടെമാത്രമേ ഏതൊരു നിയമവും വിജയകരമായി നടപ്പാക്കാനാകൂ. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവ  വ്യാവസായികരംഗത്തുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിർമിതബുദ്ധി വ്യാപകമാകുന്നതോടെ യന്ത്രങ്ങളുമായുള്ള മനുഷ്യന്റെ ഇടപെടലുകൾ പുതിയ വെല്ലുവിളി ഉയർത്തുന്നു. റോബോട്ടിക്‌സ് ഉപയോഗിക്കുന്ന അപകടകരമായ ജോലികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൃത്യമായ യന്ത്രനിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top