24 June Monday

കോൺഗ്രസിലെ ആ രണ്ട‌് സീറ്റ‌് ആർക്ക‌് ; ഘടക കക്ഷികൾ പിന്നോട്ടില്ല

കെ ശ്രീകണ‌്ഠൻUpdated: Thursday Feb 7, 2019


തിരുവനന്തപുരം
ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്നതോടെ കേരളം തെരഞ്ഞെടുപ്പ‌് ചൂടിലേക്ക‌്. സീറ്റ‌് വിഭജനം, സ്ഥാനാർഥി നിർണയം  എന്നിവയിൽ  ഗൗരവമായ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെങ്കിലും രണ്ട‌് മുഖ്യ ഘടകകക്ഷികളുടെ അധിക സീറ്റ‌് വാദമാണ‌് യുഡിഎഫിനെ പുകയ‌്ക്കുന്നത‌്. മൂന്നാം സീറ്റിന‌് മുസ്ലിംലീഗും രണ്ടാം സീറ്റിന‌് കേരള കോൺഗ്രസ‌ും നിലപാട‌് കടുപ്പിച്ചത‌് കോൺഗ്രസിലെ  സീറ്റ‌് ചർച്ച ഉൾപ്പെടെയുള്ളവ സങ്കീർണമാക്കിയിട്ടുണ്ട‌്. കൂടുതൽ സീറ്റ‌് വേണമെന്ന ബിഡിജെഎസ‌് നിലപാട‌് ചേരിപ്പോരിൽപ്പെട്ടുഴലുന്ന ബിജെപി മുന്നണിയെയും പ്രതിസന്ധിയിലാക്കി. ഒരു ഭാഗത്ത്‌ ആശയക്കുഴപ്പമെന്ന പോലെ നടിക്കുന്ന ലീഗ്‌ സീറ്റിനായുള്ള വാദം കടുപ്പിക്കകയാണ്‌.
അതേസമയം, സീറ്റ‌് വിഭജനവും സ്ഥാനാർഥിനിർണയവും ഒരു ദിവസംകൊണ്ട‌് പൂർത്തീകരിക്കാൻ കഴിയുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. മേഖലാ ജാഥകൾ സമാപിക്കുന്ന മുറയ‌്ക്ക‌് പ്രചാരണരംഗത്ത‌് എൽഡി‌എഫ‌് സജീവമാകും.

മുസ്ലിംലീഗും കേരള കോൺഗ്രസും അധിക സീറ്റിന‌് മുറുകെപ്പിടിച്ചാൽ അടുത്ത ആഴ‌്ച തുടങ്ങുന്ന യുഡിഎഫിലെ ഉഭയകക്ഷി ചർച്ച പ്രക്ഷുബ‌്ധമാകും. ഇരുകക്ഷികൾക്കും കൂടുതൽ സീറ്റ‌് നൽകാനാകില്ലെന്ന നിലപാടിലാണ‌് കോൺഗ്രസ‌്. കൂടുതൽ നിയമസഭാ സീറ്റുകളോ രാജ്യസഭാ സീറ്റോ വാഗ‌്ദാനം ചെയ‌്ത‌് ഇരുകൂട്ടരെയും മെരുക്കാമെന്ന ധാരണയിലാണ‌് അനുരജ‌്ഞന ശ്രമങ്ങൾക്ക‌് മുൻകൈ എടുത്തിരിക്കുന്ന എ കെ ആന്റണിയും മറ്റും. കേരള കോൺഗ്രസിലെ മാണി–-ജോസഫ‌് വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ‌് രണ്ടാം സീറ്റ‌് ആവശ്യം ഉയർത്തിയതിന‌ു പിന്നിലെ മുഖ്യകാരണം. ഇരു വിഭാഗവും തമ്മിലുള്ള അന്തഃഛിദ്രം കൂടുതൽ മൂർച്ഛിപ്പിക്കുന്നതിനും കോൺഗ്രസ‌് നേതാക്കൾ വഴിമരുന്നിട്ടുണ്ട‌്. മാണിയുടെ മകൻ കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം സീറ്റ‌് ജോസഫ‌് വിഭാഗത്തിൽപ്പെട്ട ആർക്കെങ്കിലും നൽകി മാണിയെ ഒതുക്കാനാണ‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ഉൾപ്പെടെ കരുക്കൾ നീക്കുന്നത‌്.

കഴിഞ്ഞ തവണ കോൺഗ്രസ‌് 15 സീറ്റിലാണ‌് മത്സരിച്ചത‌്, എം പി വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാടും  കൂട്ടി 16 ആകും. 
സ്ഥാനാർഥിയെ നൂലിൽ കെട്ടിയിറക്കില്ലെന്നും മറ്റും എ കെ ആന്റണി വീരവാദം മുഴക്കിയെങ്കിലും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാൻ ഇടിയും തൊഴിയുമാണ‌്. സ്ഥാനാർഥികളെ കണ്ടെത്താൻ ഹൈക്കമാൻഡ‌ുമുതൽ ഡിസിസികൾവരെ സർവേ നടത്തുകയാണ‌്. ഹൈക്കമാൻഡിന‌ുവേണ്ടി 20 മണ്ഡലത്തിലും രണ്ട‌് സർവേ വീതം നടത്തിയിട്ടുണ്ടെന്നാണ‌് പ്രചാരണം. അങ്ങനെയൊന്ന‌് ഞങ്ങൾക്കറിവില്ലെന്ന‌് പ്രവർത്തകർ.

കോൺഗ്രസിന്റെ സ്ഥാനാർഥി സാധ്യതാ പാനലുകളിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകണമെന്ന‌് ഹൈക്കമാൻഡ‌് ഡിസിസികൾക്ക‌് നിർദേശം നൽകിയത‌്. എന്നാൽ, ആറ‌് സിറ്റിങ‌് സീറ്റുകളിൽ നിലവിലുള്ള എംപിമാർ തന്നെ മത്സരിക്കുമെന്നും പറയുന്നു. എം ഐ ഷാനവാസ‌് മരിച്ചതിനാൽ വയനാട‌ും മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ‌് ആയതിനാൽ വടകരയുമാണ‌് ഒഴിവുള്ളവ. ഈ രണ്ട‌് സീറ്റിൽമാത്രമാണ‌് പുതുമുഖങ്ങൾക്ക‌് അവസരം ലഭിക്കുക. 

നൂറ‌് ശതമാനവും തോൽവി ഉറപ്പായ സീറ്റുകളിൽ പാനലും സർവേയും നടത്തിയിട്ട‌് എന്ത‌് പ്രയോജനമെന്നാണ‌് സ്ഥാനാർഥി മോഹികൾ ചോദിക്കുന്നത‌്.ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിലെ മുഖ്യ കക്ഷിയായ ബിഡിജെഎസ‌് എട്ട‌് സീറ്റിനാണ‌് അവകാശവാദം ഉന്നയിച്ചിട്ടുള്ളത‌്. നാല‌് എണ്ണം നൽകാമെന്നാണ‌് ബിജെപി പറഞ്ഞിട്ടുള്ളത‌്. സീറ്റ‌് വിഭജന ചർച്ചയിലേക്ക‌ുപോലും കടക്കാനാകാത്ത പ്രതിസന്ധിയിലാണ‌് എൻഡിഎ. സീറ്റിനായി ബിജെപിയിലും തർക്കം രൂക്ഷമാണ‌്.


പ്രധാന വാർത്തകൾ
 Top