29 May Sunday

കൃത്യം വ്യക്തം ; എതിർപ്പുകളുടെ മുനയൊടിച്ച്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022


കൊച്ചി
ഭാവികേരള വികസനത്തിന്റെ രജതരേഖയാകുന്ന സിൽവർലൈൻ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോളെന്ന ചോദ്യത്തിന്‌ മറുപടിയായത്‌ പൗരപ്രമുഖർ നിറഞ്ഞ സദസ്സിൽനിന്ന്‌ ഉയർന്ന നീണ്ട കരഘോഷം. ഗെയിൽ പൈപ്പുലൈൻ സ്ഥാപിക്കുന്നതിലും കൂടംകുളം പവർഹൈവേ പൂർത്തീകരണത്തിലും ദേശീയപാത വിപുലീകരണത്തിലും സർക്കാർ പ്രകടിപ്പിച്ച ഇച്ഛാശക്തിക്കുള്ള അംഗീകാരംകൂടിയായിരുന്നു അത്‌.  സിൽവർലൈൻ ഇപ്പോൾ ഇല്ലെങ്കിൽ ഇനിയൊരിക്കലും ഇല്ലെന്നുകൂടിയായിരുന്നു ആ പ്രതികരണത്തിന്റെ ധ്വനി.

മറ്റുള്ളവർ അസാധ്യമെന്ന്‌ എഴുതിത്തള്ളിയത്‌ എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കിയതിന്റെ നാൾവഴികൾ മുഖ്യമന്ത്രി കുറഞ്ഞ വാക്കുകളിൽ വിശദമാക്കി. പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിലൂടെ അക്കാദമിക്‌ രംഗത്തും രാജ്യാന്തര നിലവാരം കൈവരിക്കാനായി. പൊതുവിദ്യാഭ്യാസമേഖലയിൽ കാലാനുസൃതപുരോഗതി ഉണ്ടാകണമെന്ന്‌ തീരുമാനിക്കുകയും അതനുസരിച്ച് സർക്കാർ പ്രവർത്തിക്കുകയും ചെയ്‌തതിന്റെ ഫലമാണിത്.

ആരോഗ്യരംഗത്തും ഇതുതന്നെയാണ് സംഭവിച്ചത്. ആർജിച്ച നേട്ടങ്ങളിൽ തറച്ചുനിൽക്കാതെ പുതിയ നേട്ടങ്ങൾക്കായി ശ്രമിച്ചു. ആർദ്രം മിഷൻ സമഗ്രമാറ്റമുണ്ടാക്കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി. താലൂക്കാശുപത്രികളും മെഡിക്കൽ കോളേജുകളും സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്‌ ഉയർന്നു.

ദേശീയപാത വികസനത്തിൽ കേരളം പിന്നിലായിരുന്നു. ദേശീയപാതകൾ 45 മീറ്റർ വീതിയിൽ നിർമിക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചിട്ടും എതിർപ്പിന്‌ വഴിപ്പെട്ട്‌ യുഡിഎഫ്‌ സർക്കാർ പിന്നോട്ടുപോയി.  എൽഡിഎഫ്‌ അധികാരത്തിൽ വന്നപ്പോൾ എല്ലാവരുടെയും സഹകരണം തേടി. ഏറ്റവും അധികം എതിർപ്പ് ഉയർന്നിടത്തുപോലും ഇപ്പോൾ ജനങ്ങൾ സംതൃപ്തരാണ്. വലിയ നഷ്ടപരിഹാരമാണ് ലഭ്യമാക്കിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ, ജലപാത തുടങ്ങിയ പശ്ചാത്തലസൗകര്യ വികസനപദ്ധതികളും പുരോഗമിക്കുന്നു.
ഗെയിൽ പൈപ്പുലൈൻ മറ്റ്‌ സംസ്ഥാനങ്ങളിൽ പൂർത്തിയായപ്പോൾ ഇവിടെ എതിർപ്പുകൾമൂലം മുടങ്ങി. എന്നാൽ, എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് പദ്ധതി നടപ്പായി.

കൂടംകുളം വൈദ്യുതിലൈൻ പദ്ധതിയും ഉപേക്ഷിച്ചനിലയിലായിരുന്നു. സർക്കാർ മുൻകൈയെടുത്ത് പദ്ധതി നടപ്പാക്കിയപ്പോൾ വൈദ്യുതി എത്തിക്കാനുള്ള പവർഹൈവേ യാഥാർഥ്യമായതും മുഖ്യമന്ത്രി ഓർമിപ്പിച്ചു.


ഭാവിതലമുറയോട്‌ മറുപടി 
പറയേണ്ടിവരും: മുഖ്യമന്ത്രി
എതിർപ്പുകളുടെ പേരിൽ സിൽവർലൈൻ പദ്ധതി മുടങ്ങിയാൽ നമ്മുടെ കുഞ്ഞുങ്ങളോട്‌ ചെയ്യുന്ന അനീതിയാകുമെന്നും ഭാവിതലമുറയോട്‌ മറുപടി പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എതിർപ്പിനൊപ്പം നിൽക്കലല്ല, പൊതുവായ ആവശ്യം മുൻനിർത്തി നാടിനെ പുരോഗതിയിലേക്ക് നയിക്കലാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.   സിൽവർലൈൻ പദ്ധതി വിശദീകരിച്ച്‌ എറണാകുളം ടിഡിഎം ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലിരട്ടി നഷ്‌ടപരിഹാരം
സിൽവർലൈൻ പദ്ധതിക്കായി 9316 കെട്ടിടങ്ങളാണ് പൊളിക്കേണ്ടിവരിക. ഇത് കുറയ്ക്കാനാകുമോയെന്ന്‌ പരിശോധിക്കുന്നുണ്ട്‌. ഭൂമി ഏറ്റെടുക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ പരമാവധി നാലിരട്ടി തുകയും നഗരങ്ങളിൽ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരം. സ്ഥലം ഏറ്റെടുക്കാനും നഷ്ടപരിഹാരത്തിനുമായി 13,265 കോടി രൂപയാണ്‌ നീക്കിവച്ചിട്ടുള്ളത്. ഇതിൽ 1730 കോടി പുനരധിവാസത്തിനും 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ്‌.

പരിസ്ഥിതിക്ക് കോട്ടമല്ല, നേട്ടം
പദ്ധതി പരിസ്ഥിതിക്ക് ദോഷമാണെന്ന വാദം തെറ്റാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവിമേഖലകളിലൂടെയോ സിൽവർലൈൻ കടന്നുപോകുന്നില്ല. നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നില്ല. നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലും തൂണുകൾക്കുമുകളിലൂടെയാണ് പാത. കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയും. റോ- റോ സംവിധാനംവഴി ചരക്കുവാഹനങ്ങളും കാറും എത്തിക്കാനാകും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലും വലിയ കുറവുണ്ടാകും. ഇതുമൂലം പ്രകൃതിക്ക് വലിയ നേട്ടമാണുണ്ടാകുക. പ്രകൃതിയെ മറന്നുള്ള വികസനം സർക്കാർ നടപ്പാക്കില്ല.

റെയിൽ‍വേ ലൈൻ പ്രളയമുണ്ടാക്കില്ല
പദ്ധതി പ്രളയമുണ്ടാക്കുമെന്ന വാദവും തെറ്റാണ്‌. നിലവിലെ റെയിൽവേ ലൈനുകളൊന്നും വെള്ളപ്പൊക്കത്തിന്‌ കാരണമായിട്ടില്ല. ഇതേരീതിയിലാണ് സിൽവർലൈനും നിർമിക്കുന്നത്. കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടെയുണ്ടായ പ്രളയത്തിന്റെയും വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും കണക്കെടുത്തിട്ടാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്‌.

500 മീറ്ററിൽ അടിപ്പാത, മേൽപ്പാലം
കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദവും തെറ്റ്‌.  ഓരോ 500 മീറ്ററിലും മേൽപ്പാലമോ അടിപ്പാതയോ ഉണ്ടാകും. ആകെ പാതയുടെ 25 ശതമാനത്തിലേറെ തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയുമാണ്. നിലവിലെ റെയിൽവേ ലൈനുകളുടെ വികസനത്തിന് സിൽവർലൈന്‌ വേണ്ടതിനെക്കാൾ പണം ആവശ്യമാണ്.

അഞ്ചുവർഷത്തിനുള്ളിൽ 
പൂർത്തീകരണം
63,941 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളിൽനിന്ന്‌ കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കും. കേന്ദ്ര–--സംസ്ഥാന വിഹിതവുമുണ്ടാകും. അഞ്ചു പാക്കേജുകളായാണ്‌ നിർമാണം. രണ്ടുവർഷത്തിനകം ഭൂമിയേറ്റെടുക്കലും മൂന്നുവർഷത്തിനുള്ളിൽ നിർമാണവും പൂർത്തിയാക്കും. നിർമാണസമയത്ത് 50,000 തൊഴിലവസരങ്ങളും പദ്ധതി നിലവിൽവരുന്നതോടെ 11,000 പേർക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ പദ്ധതിയുടെ സവിശേഷതകളും പദ്ധതിമൂലമുണ്ടാകുന്ന നേട്ടങ്ങളും കെ–-റെയിൽ എംഡി വി അജിത്‌കുമാർ വിശദീകരിച്ചു. സദസ്സിൽനിന്ന്‌ ഉയർന്ന സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top