21 February Thursday

‘‘മതഭ്രാന്തന്‍മാരുടെ മുന്നിലേക്ക് സ്ത്രീകളെ എറിഞ്ഞുകൊടുക്കില്ല; ശബരിമലയിലെ അക്രമങ്ങളെക്കുറിച്ച് നിരീക്ഷകസമിതി മൗനം പാലിക്കുന്നു’’‐ പൊലീസ്‌ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

കൊച്ചി > ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നത് സാധാരണ ഭക്തരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷക സമിതിയുടെ വാദം അടിസ്ഥാനരഹിതമെന്ന് പൊലീസ് ഹൈക്കോടതിയില്‍. നിരീക്ഷക സമിതി 25ന്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലെ പരാമര്‍ശങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടിയാണ് പൊലീസ്‌ സമര്‍പ്പിച്ച സ്റ്റേറ്റ്മെന്‍റിലുള്ളത്. ഒരു രാഷ്ട്രീയ പാര്‍ടിയുടെ പിന്തുണയില്‍ ശബരിമല കര്‍മസമിതി, ആചാര സംരക്ഷണ സമിതി എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ മതഭ്രാന്തന്‍മാരുടെ മുന്നിലേക്ക് സ്ത്രീകളെ എറിഞ്ഞുകൊടുക്കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ സമര്‍പ്പിച്ച സ്റ്റേറ്റ്മെന്‍റ് പറയുന്നു.

വസ്തുതകളുടെ അടിത്തറയില്ലാത്ത നിരീക്ഷകസമിതി റിപ്പോര്‍ട്ട്‌ ശബരിമലയില്‍ മതഭ്രാന്തന്‍മാര്‍ സ്ത്രീകള്‍ക്കുനേരെ അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്. കടുത്തരീതിയിലുള്ള അക്രമങ്ങളെ പൊലീസ്‌ വിവേകപൂര്‍വമാണ് നേരിട്ടത്. ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന സുപ്രീം കോടതിവിധിയും പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധിയും ലംഘിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ സമിതിക്കു നിര്‍ദേശം നല്‍കുകയാണ് കോടതി ചെയ്യേണ്ടത്.

ശബരിമലയില്‍ എത്ര തിരക്കുണ്ടെങ്കിലും സ്ത്രീകള്‍ വന്നാല്‍ ഭരണഘടനാപരമായ സംരക്ഷണം നല്‍കും. മുമ്പ് സ്ത്രീകള്‍ വന്നപ്പോള്‍ സംരക്ഷണം നല്‍കിയിരുന്നു. അന്ന് അത് സാധാരണ ഭക്തരെ പ്രതികൂലമായി ബാധിച്ചിരുന്നില്ല. ഏതുസാഹചര്യവും നേരിടാന്‍ പൊലീസിന് കഴിവും ശേഷിയുമുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം പാടില്ലെന്ന സമിതിയുടെ നിലപാട് ശരിയല്ല. പ്രോട്ടോക്കോള്‍ പ്രകാരമുള്ള വിശിഷ്ട വ്യക്തികള്‍ക്കും കോടതി വിധിയുള്ളവര്‍ക്കും മാത്രമേ സംരക്ഷണം നല്‍കാവൂ എന്ന വാദവും തെറ്റാണ്.

തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനീതി സംഘത്തിലെ 11 പേരുടെ വാഹനം പ്രവേശിപ്പിച്ചത് നിയമപരമായ കടമയുടെ ഭാഗമായാണ്. സംഘം കേരള തമിഴ്നാട് അതിര്‍ത്തിയിലും  കേരളത്തില്‍ പലയിടത്തും ആക്രമണത്തിന് ഇരയായി. അതിനാലാണ് അവരുടെ വാഹനം കടത്തിവിടാന്‍ തീരുമാനിച്ചത്. സ്ത്രീകളെ നിലക്കലില്‍ ഇറക്കിയാല്‍  ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മനീതി സംഘം തിരികെ ട്രെയിനില്‍ പോവുമ്പോളും ആക്രമണത്തിന് ഇരയായി. അവരെ നിലക്കലില്‍ ഒറ്റക്കു വിട്ടിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. 24ന് എത്തിയ രണ്ടു സ്ത്രീകളും ആക്രമണത്തിന് ഇരയായി.  മറ്റൊരു ദിവസം പ്രവേശിപ്പിക്കാമെന്നു പറഞ്ഞാണ് അവരെ തിരികെ വിട്ടത്.

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കിയത് മറ്റു ഭക്തരുടെ സുരക്ഷയെ ബാധിച്ചിട്ടില്ല. ശബരിമല കര്‍മ സമിതി, ആചാരസംരക്ഷണ സമിതി തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ സംഘടനകളാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്. നിലവില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ മലചവിട്ടിക്കഴിഞ്ഞു. ഭക്തര്‍ക്ക് യാതൊരു തടസവുമുണ്ടായില്ല. മറ്റു ഭക്തരുടെ സാന്നിധ്യത്തിലാണ് അവര്‍ ദര്‍ശനം നടത്തിയത്.

യഥാര്‍ത്ഥ ഭക്തര്‍ സ്ത്രീകളെ തടയുകയോ കുഴപ്പമുണ്ടാക്കുകയോ ചെയ്തില്ല. സ്ത്രീകള്‍ സന്ദര്‍ശനം നടത്തിയ ദിവസങ്ങളില്‍ തിരക്കിന് കുറവുണ്ടായിരുന്നില്ല. സമിതിയുടെ റിപ്പോര്‍ട്ടിലെ പാര്‍ക്കിങ് തുടങ്ങി വിവിധ കാര്യങ്ങളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സമിതി റിപ്പോര്‍ട്ട് തള്ളണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top