03 February Friday

പാലിയത്തെ പ്രകമ്പനംകൊള്ളിച്ച പോരാളി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

കുട്ടികളുടെ ക്രിക്കറ്റ്‌ ബാറ്റ്‌ കണ്ടപ്പോൾ പഴയ കളിയോർമ പുതുക്കുന്ന 
സി ആർ വർമ. സമീപം മകൻ രമേശ്‌ വർമ. ഏതാനും മാസംമുമ്പ്‌ എടുത്ത ചിത്രം


കൊച്ചി
നാടുവാഴിത്തത്തെ മുട്ടുകുത്തിച്ച പാലിയം സമരചരിത്രത്തിലെ തിളക്കമാർന്ന ഏടുകളിലൊന്നാണ്‌ തൃപ്പൂണിത്തുറ കോവിലകത്തെ സി ആർ വർമ (കെ ടി രാമവർമ)യുടെ പങ്കാളിത്തം. സമരത്തിന്റെ 75–-ാംവാർഷികത്തിൽ ആ സമരസ്‌മരണ ബാക്കിവച്ചാണ്‌ തൊണ്ണൂറ്റഞ്ചുകാരൻ സി ആറിന്റെ വിയോഗം. നാടുവാഴിത്തത്തിനും അയിത്തവാഴ്‌ചയ്‌ക്കുമെതിരെ തൃപ്പൂണിത്തുറ കോവിലകത്തുനിന്ന്‌ ഉയർന്ന മുദ്രാവാക്യം പാലിയത്തെ മാത്രമല്ല കൊച്ചി രാജകൊട്ടാരത്തെയും വിറകൊള്ളിച്ചു.

പാലിയം കോവിലകത്തിനും ക്ഷേത്രത്തിനും മുന്നിലൂടെ വഴിനടപ്പവകാശത്തിനായി അധഃസ്ഥിതജനത നടത്തിയ പ്രക്ഷോഭം അരങ്ങേറി. 1947 ഡിസംബർ നാലിനാണ്‌ പാലിയം ക്ഷേത്രനടയിൽ സത്യഗ്രഹം തുടങ്ങിയത്‌. 97 ദിവസം നീണ്ട സമരത്തിന്റെ 95–-ാംനാളിൽ -1948 മാർച്ച്‌ ഏഴിന്‌ സി ആറും പി കേരള വർമയും തൃപ്പൂണിത്തുറ കോവിലകത്തിന്റെ പിന്തുണയറിയിച്ച്‌ പാലിയത്തെത്തി. ഇരുവരും മഹാരാജാസ്‌ കോളേജിൽ വിദ്യാർഥികളാണ്‌. ദിവാൻസ്‌ റോഡിലെ റെസിഡൻഷ്യൽ പാലസിൽ താമസം.

മേൽജാതിക്കാർ സമരത്തിൽ അണിനിരക്കണമെന്ന ആഹ്വാനമേറ്റെടുത്ത്‌ മാർച്ച്‌ ആറിന്‌ സി ആറും കൂട്ടരും വാർഡന്റെ കണ്ണുവെട്ടിച്ച്‌ മതിൽചാടി ചേന്ദമംഗലത്തിന്‌ പുറപ്പെട്ടു. പിൽക്കാലത്ത്‌ ഹൈക്കോടതി ജഡ്‌ജിയായ കെ സുകുമാരന്റെ വീട്ടിൽ രാത്രി തങ്ങി. പിറ്റേന്ന്‌ പുലർച്ചെ ആലുവ വഴി പറവൂരിൽ. എൻ കെ മാധവന്റെ നിർദേശപ്രകാരം സമരകേന്ദ്രത്തിലെത്തി. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി പ്രത്യക്ഷപ്പെട്ട സി ആറിനെയും പി കേരളവർമയെയും പൊലീസ്‌ വളഞ്ഞിട്ടു തല്ലി. വാഹനത്തിൽ വലിച്ചിട്ട്‌ ക്യാമ്പിലെത്തിച്ചപ്പോഴാണ്‌ രാജകുടുംബാംഗങ്ങളാണെന്ന്‌ മനസ്സിലായത്‌. കേസെടുക്കാതെ വിട്ടെങ്കിലും അവർ തൃപ്പൂണിത്തുറയ്‌ക്ക്‌ മടങ്ങിയില്ല. ഇരട്ടി ആവേശത്തോടെ സമരകേന്ദ്രത്തിലെത്തി.  പിന്നീട്‌ ഒരു വർഷത്തോളം ഇരുവരും വീട്ടുതടങ്കലിലായിരുന്നു. അടുത്തദിവസങ്ങളിൽ കൊടുങ്ങല്ലൂർ കോവിലകത്തുനിന്നുള്ളവർ സമരത്തിൽ പങ്കെടുത്തു. കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും മരണംവരെ സിപിഐ എമ്മിന്റെയും സജീവപ്രവർത്തകനായി സി ആർ തുടർന്നു.

ആരാധന ഇ എം എസിനോടും കഥകളിയോടും ക്രിക്കറ്റിനോടുമായിരുന്നു. തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബ്ബിലെ മുൻനിര ബാറ്റ്‌സ്‌മാനായിരുന്നു. പൂജ ക്രിക്കറ്റിൽ ഉൾപ്പെടെ ദീർഘകാലം ടിസിസിക്കായി കളിച്ചു. കേരള ക്രിക്കറ്‌ അസോസിയേഷൻ,   തൃപ്പൂണിത്തുറ കഥകളികേന്ദ്രം എന്നിവയുടെ സ്ഥാപകാംഗമാണ്‌. വാർധക്യത്തിന്റെ വയ്യായ്‌ക തളർത്തുംവരെ തൃപ്പൂണിത്തുറയിലെ പൊതുപരിപാടികൾക്കെന്നപോലെ ക്രിക്കറ്റും കഥകളിയുമുള്ളിടത്തെല്ലാം  സി ആർ ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top