കൂത്താട്ടുകുളം
ഒലിയപ്പുറം വടക്കനോടിപ്പാടത്ത് 20 വർഷത്തിനുശേഷം ചൊവ്വാഴ്ച കർഷകർ വിത്തിറക്കും. എംവിഐപി കനാലുകളിലെ വെള്ളമിറങ്ങി കൃഷി ചെയ്യാനാകാതെ ചെളിക്കുണ്ടായി മാറിയ തിരുമാറാടി പഞ്ചായത്തിലെ പാടശേഖരമാണിത്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ 6.32 കോടി രൂപ ചെലവിൽ ഇതുൾപ്പെടെ അഞ്ച് പാടശേഖരങ്ങളാണ് പഞ്ചായത്തിൽ കൃഷിയോഗ്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി നവീകരിച്ച 25 ഏക്കർ കാക്കൂർ തിരുനിലം പാടശേഖരത്ത് കഴിഞ്ഞ പുഞ്ചകൃഷിയിൽ വിത്ത് വിതയ്ക്കുകയും റെക്കോഡ് വിളവ് ലഭിക്കുകയും ചെയ്തിരുന്നു. 20 ഏക്കർ പാടത്ത് സി ടി ശശിയും ഗ്രീൻ ആർമി അംഗം കെ വി ബിനോയിയുമാണ് കൃഷി ഇറക്കുന്നത്. പ്രസിഡന്റ് രമ മുരളീധര കൈമളും വൈസ് പ്രസിഡന്റ് എം എം ജോർജും പഞ്ചായത്ത് അംഗം സി വി ജോയിയും കൃഷിവകുപ്പും സഹായവുമായി ഒപ്പമുണ്ട്.
തരിശുനിലം കൃഷിയോഗ്യമാക്കാൻ ഏക്കറിന് 40,000 രൂപവീതം കൃഷിവകുപ്പ് ധനസഹായം നൽകുന്നുണ്ട്. രാവിലെ ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമളിന്റെ അധ്യക്ഷതയിൽ കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ വിത്തുവിത ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..