19 January Sunday

ഫാത്തിമയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

മദ്രാസ്‌ ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും.  വനിത ഐജിയ്ക്കായിരിക്കും അന്വേഷണചുമതല. ഐഐടികളിലെ ദുരൂഹ മരണങ്ങളെ കുറിച്ച് മറ്റൊരു സിബിഐ സംഘം അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി അമിത്‌ഷാ അറിയിച്ചതായി ഫാത്തിമയുടെ ബാപ്പ അബ്‌ദുൾ ലത്തീഫ്‌ പറഞ്ഞു. അബ്‌ദുൾ ലത്തീഫ്‌ പാർലമെന്റിലെത്തി  പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കി.

നിലവിലെ അന്വേഷണം തൃപ്‌തികരമാണെന്ന്‌ ആഭ്യന്തരമന്ത്രിയെ ലത്തീഫ്‌ അറിയിച്ചു. നിലവിലെ അന്വേഷണത്തിന്‌ തടസ്സമില്ലെന്ന്‌ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുനിന്നുള്ള എംപിമാർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും  അമിത്‌ഷാ അറിയിച്ചു. സിബിഐ അന്വേഷണം ആരംഭിക്കാൻ ഒരുമാസം വേണ്ടിവരുമെന്നും നിലവിലെ അന്വേഷണം അതിനുള്ളിൽ തീരുമെന്നും ലത്തീഫ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. കേരള മുഖ്യമന്ത്രി നേരിട്ട്‌ വിളിച്ച്‌ ആവശ്യമായതുചെയ്യുമെന്ന്‌ അറിയിച്ചിരുന്നു. എല്ലാ എംപിമാരും ശക്തമായ പിന്തുണയാണ്‌ നൽകിയതെന്നും ലത്തീഫ്‌ പറഞ്ഞു. അബ്‌ദുൾ ലത്തീഫ്‌, ഫാത്തിമയുടെ സഹോദരി ആയിഷ, കൊല്ലം മുൻ മേയർ അഡ്വ. വി രാജേന്ദ്രബാബു എന്നിവർക്കൊപ്പം കേരളത്തിൽ നിന്നുള്ള എംപിമാരും കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.

കൊലപാതക സാധ്യതയും അന്വേഷിക്കണം:- ഉപ്പ
മദ്രാസ്‌ ഐഐടി വിദ്യാർഥിനി ഫാത്തിമയുടെ മരണത്തിൽ കൊലപാതക സാധ്യതയും അന്വേഷിക്കണമെന്ന്‌ ഉപ്പ അബ്‌ദുൾ ലത്തീഫ്‌ പറഞ്ഞു. തെളിവില്ലാതാക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചത്‌.  മുട്ടുകാലിൽ നിൽക്കുന്ന വിധത്തിലായിരുന്നു മൃതദേഹം. മൂന്ന്‌ അധ്യാപകരും ഏഴ്‌ സഹപാഠികളും മരണത്തിന്‌ കാരണക്കാരാണെന്ന്‌ ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിദേശത്തു പഠിച്ച മലയാളി വിദ്യാർഥികളടക്കം ഇതിലുണ്ട്‌.–- പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ കണ്ടശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തലത്തിലുമുള്ള ഉപദ്രവത്തിനും ഫാത്തിമ ഇരയായി.  ഡിജിറ്റൽ ഡയറി എഴുതാറുണ്ടായിരുന്ന ഫാത്തിമ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഫാത്തിമയുടെ മരണമുണ്ടായ ദിവസം ഹോസ്റ്റലിൽ നടന്ന ഒരു ജന്മദിന ആഘോഷം പുലർച്ചെവരെ നീണ്ടിരുന്നു.  പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ മരണം നടന്നതായാണ്‌ ഡോക്‌ടർ അറിയിച്ചത്‌.

നായയെ എത്തിച്ച്‌ അന്വേഷിക്കാനോ വിശദീകരണം നൽകാനോ പൊലീസ്‌ തയാറായില്ല. സിസിടിവി ദൃശ്യങ്ങൾ തിരുത്തിയിട്ടുണ്ട്‌. മരണം അറിഞ്ഞെത്തിയ കൊല്ലം മേയറായിരുന്ന വി രാജേന്ദ്രബാബുവിനോടും  കുടുംബാംഗങ്ങളോടും കോട്ടൂർപുരം പൊലീസ്‌ മോശമായി പെരുമാറി.

മൃതദേഹത്തോടുപോലും ആദരവ്‌ കാട്ടിയില്ല. കേസ്‌ സങ്കീർണമാണെന്നും കൂടുതൽ സമയം വേണമെന്നുമാണ്‌ കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ കമീഷണർ ഈശ്വര മൂർത്തി പറഞ്ഞത്‌. അദ്ദേഹം നിർദേശിച്ചതിനാലാണ്‌ പലതും വെളിപ്പെടുത്താതിരുന്നത്‌–-  ലത്തീഫ്‌ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ കൊല്ലം മുൻ മേയർ വി രാജേന്ദ്രബാബു, എ എം ആരിഫ്‌ എംപി, സിപിഐ എം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതി എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top