04 July Saturday
ജില്ലകളിൽ ഒമ്പതിന്‌ ആഘോഷം

കേരള ബാങ്ക്‌ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്‌ ; നാണംകെട്ട്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019


കേരളത്തിന്റെ സ്വന്തം കേരള ബാങ്ക്‌ രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ച. എൽഡിഎഫിന്റെ സ്വപ്‌ന പദ്ധതി യാഥാർഥ്യമായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകൽ മൂന്നിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സഹകാരികളുടെയും ബഹുജനങ്ങളുടെയും സമ്മേളനത്തിലാണ്‌ പ്രഖ്യാപനം. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാർ, പ്രമുഖ സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും. മറ്റ്‌ ജില്ലകളിൽ ഒമ്പതിന്‌ സഹകാരികളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ നേതൃത്വം നൽകും.

13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചുകഴിഞ്ഞു. കേരള ബാങ്കിന് ഇടക്കാല ഭരണസമിതിയുമായി. ഏകീകൃത കോർ ബാങ്കിങ്‌ സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ കേരള ബാങ്ക് ഉടന പ്രവർത്തന സജ്ജമാകും. കേരളത്തിന്റെ സാമ്പത്തിക വികസന ചരിത്രത്തിലും സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും പുതുയുഗപ്പിറവിയാണിത്‌. സഹകരണ ബാങ്കിങ്‌ മേഖലയിൽ ലോകത്തിനു മുന്നിൽ മാതൃകയാകുകയാണ്‌ കേരളം.

നാണംകെട്ട്‌ പ്രതിപക്ഷം
തിരുവനന്തപുരം
കേരള ബാങ്ക്‌ രൂപീകരണം യാഥാർഥ്യമായിട്ടും ജനപക്ഷത്തെത്താൻ പ്രതിപക്ഷത്തിന്‌ കഴിയുന്നില്ല. ബാങ്ക്‌ രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനചടങ്ങ്‌ ബഹിഷ്‌കരിക്കാനാണ്‌ പ്രതിപക്ഷനേതാവിന്റെയും യുഡിഎഫിന്റെയും തീരുമാനം. ബാങ്ക്‌ രൂപീകരണം സാധ്യമാകില്ലെന്നു കരുതിയെടുത്ത നിലപാട്‌ തിരുത്താൻ ഗത്യന്തരമില്ലാത്ത അവസ്ഥയിലായി അവർ.

ബാങ്ക് രൂപീകരണം എന്ത് വില കൊടുത്തും തടയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു കേരള ബാങ്കിനെതിരായ പ്രതിപക്ഷനേതാവിന്റെ നീക്കങ്ങളുടെ തുടക്കം.
ഇക്കാര്യം ഉന്നയിച്ച് പലതവണ റിസർവ് ബാങ്ക് ഗവർണർക്കും കേന്ദ്രസർക്കാരിനും കത്തയച്ചു. ജില്ലാ ബാങ്ക് ഭരണം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രതിപക്ഷ എതിർപ്പിന് തുടക്കം. 14 ജില്ലാ ബാങ്കുകളിൽ 13 എണ്ണത്തിലും ഇടതുഭരണം ഉറപ്പാക്കാമായിരുന്നിട്ടും കേവലം രാഷ്ട്രീയനേട്ടത്തിനപ്പുറം നാടിനുവേണ്ടി നിലപാടെടുക്കുകയായിരുന്നു എൽഡിഎഫ്‌.

വ്യാജ ആരോപണ കത്തുകളും  കേസുകളുമെല്ലാം നിശ്ചയദാർഢ്യത്തിലൂടെ സംസ്ഥാന സർക്കാർ അതിജീവിച്ചു. കേരള ബാങ്ക് യാഥാർഥ്യമാക്കി. റിസർവ്‌ ബാങ്ക്‌ അനുമതി ലഭ്യമാകുമെന്ന ഘട്ടത്തിൽ മലപ്പുറത്തെ ജില്ലാ സഹകരണ ബാങ്കിനെയും  ചില പ്രാഥമിക സംഘങ്ങളെയും മുന്നിൽനിർത്തി പ്രതിപക്ഷം നിഴൽയുദ്ധം തുടങ്ങി. സംസ്ഥാന–-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.  അവിടെയും തിരിച്ചടിയായി. അതേസമയം മലപ്പുറത്തിന്റെ കാര്യത്തിൽ സർക്കാരിന്‌ ഒരു പിടിവാശിയുമില്ലെന്ന്‌ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.  ഇതിനെ സാധൂകരിക്കുന്നതാണ്‌ മലപ്പുറം ജില്ലയിൽനിന്നുള്ള പ്രതികരണങ്ങൾ.


പ്രധാന വാർത്തകൾ
 Top