17 January Friday

കനത്ത സുരക്ഷയിൽ ശബരിമല

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019


ശബരിമല
മുൻകരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വെള്ളിയാഴ്ച രാത്രി നട അടയ‌്ക്കുംവരെ ശക്തമായ സുരക്ഷ ഏർപ്പെടുത്തി. സന്നിധാനത്തെ വിവിധ മേഖലകളായി തിരിച്ച‌്  ഡിവൈഎസ‌്പിമാർക്ക‌്   ചുമതല നൽകി. വിവിഐപി ദർശനം പരിമിതപ്പെടുത്തും.  കൂടുതൽ മെറ്റൽ ഡിറ്റക്ടറുകളും ബോംബ് ഡിറ്റക‌്ടറുകളും സ്കാനറുകളും എത്തിച്ചു. സംസ്ഥാന പൊലീസിന്റെ 25 കമാൻഡോകൾ സന്നിധാനത്തുണ്ട‌്. പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ‌്തേങ്ങ ഉടയ്ക്കാൻ അനുവദിക്കില്ല. മാളികപ്പുറത്തേക്ക് പോകുന്ന വഴിയിൽ നെയ‌്തോണിയിൽ തേങ്ങ ഉടയ്ക്കാം.

വെള്ളിയാഴ‌്ച സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലർ മോണിറ്ററിങ‌് നടത്തും. ആകാശ നിരീക്ഷണവും നടന്നുവരുന്നു. വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കേരളത്തിലെയും കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലെയും രഹസ്യാന്യേഷണ ഉദ്യോഗസ്ഥർ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നു. 

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ട്രാക്ടറിലും ചുമടുമായി കൊണ്ടുവരുന്ന സാധനങ്ങൾ ബോംബ് സ്ക്വാഡ് കർശന പരിശോധനയ്ക്ക് വിധേയമാക്കും. മാളികപ്പുറം ഫ്ലൈഓവറിലൂടെയും ഭസ്മക്കുളത്തിലേക്കുള്ള പടിക്കെട്ട് വഴിയും തീർഥാടകരെ സോപാനത്തേക്ക് കടത്തിവിടില്ല. മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രമെ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂവെന്ന‌് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഡോ. എ ശ്രീനിവാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം
ശബരിമല സന്നിധാനത്ത് സുരക്ഷയുടെ ഭാഗമായി നടപ്പന്തലിൽ പടി കയറുന്നതിന് മുമ്പ‌് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഡോ. എ ശ്രീനിവാസ് അറിയിച്ചു. ഡ്യൂട്ടിയിലുള്ള പൊലീസുകാർ ഇക്കാര്യം തീർഥാടകരെ അറിയിക്കും. മാളികപ്പുറത്തുനിന്ന് ഇറങ്ങിപ്പോകുന്നത് വരെ മൊബൈൽ സ്വിച്ച് ഓഫ് ആയിരിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top