19 January Sunday

പൊതുവിദ്യാഭ്യാസത്തിന്റെ മികവിൽ സഫ ഫെബിന്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019


കരുവാരക്കുണ്ട് 
ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് കെട്ടിടം രാഹുൽ ഗാന്ധി എംപി ഉദ്ഘാടനംചെയ്തപ്പോൾ ശ്രദ്ധേയയായി സഫ ഫെബിൻ. ഇതേ വിദ്യാലയത്തിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയായ സഫയാണ് രാഹുലിന്റെ പ്രസംഗം ഇംഗ്ലീഷിൽനിന്നു മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്. സഫയുടെ പരിഭാഷാ മികവ് സദസ്സിന്റെ  കൈയടി നേടി.

തന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ വിദ്യാലയത്തിൽനിന്നുള്ളവരെ രാഹുൽ ഗാന്ധി ക്ഷണിക്കുകയായിരുന്നു. തുടർന്നാണ്‌ സഫ വേദിയിലെത്തിയത്‌. വിദ്യാഭ്യാസത്തിൽ അനുവർത്തിക്കേണ്ട മൂല്യങ്ങളെയും ആനുകാലിക വിഷയങ്ങളെയുംപറ്റി രാഹുൽ സംസാരിച്ചപ്പോൾ ലളിതമായ ഗ്രാമ്യ ഭാഷയിൽ തെറ്റുകളില്ലാതെ സഫ ഓരോ വാചകവും മലയാളത്തിലേക്കു മാറ്റി അവതരിപ്പിച്ചു. പ്രസംഗം തീർന്നയുടൻ ചോക്ലേറ്റ്‌ നൽകി രാഹുൽ അഭിനന്ദിച്ചു.

കരുവാരക്കുണ്ട് സ്വദേശി മദ്രസ അധ്യാപകനായ ഒടാല കുഞ്ഞിമുഹമ്മദിന്റെയും സാറയുടെയും മകളാണ് സഫ ഫെബിൻ. അഞ്ചാംതരം മുതൽ കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്. വിദ്യാലയത്തിൽനിന്നുള്ള മികച്ച പരിശീലനമാണ് പരിഭാഷക്കുള്ള ആത്മവിശ്വാസം പകർന്നതെന്നും മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് സർക്കാർ വിദ്യാലയങ്ങളിലൂടെ ഇപ്പോൾ തങ്ങൾക്ക് ലഭിക്കുന്നതെന്നും സഫ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top