22 March Friday

നെയ്‌ത്തുകാരെ കൈപിടിച്ചുയര്‍ത്തി ചേക്കുട്ടി നല്‍കിയത് 14 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018


കൊച്ചി> പ്രളയദുരിതത്തില്‍നിന്നും നെയ്ത്തുകാരെ പതിയെ കൈപിടിച്ചുയര്‍ത്തി ചേക്കുട്ടിപ്പാവകള്‍. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായ ചേക്കുട്ടിപ്പാവകൾ മൂന്നുമാസംകൊണ്ട് ചേന്ദമംഗലത്തെ നെയ്ത്തുകാർക്ക‌് നൽകിയത് 14 ലക്ഷം രൂപ. പ്രളയം കനത്ത നാശംവിതച്ച ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി യൂണിറ്റുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് ചളികയറി ഉപയോഗശൂന്യമായ തുണികളിൽനിന്ന് ചേക്കുട്ടിപ്പാവകൾ നിർമിക്കാൻ ആരംഭിച്ചത്. സെപ്റ്റംബറിൽ തുടങ്ങിയ ചേക്കുട്ടിയുടെ ഓൺലൈൻ വിൽപ്പനയിലൂടെ ചേന്ദമംഗലത്തെ കരിമ്പാടം ഹാൻഡ്‌ലൂം വീവേഴ്‌സ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക‌് 14 ലക്ഷംരൂപ എത്തിയതായി ചേക്കുട്ടി സംരംഭത്തിനു തുടക്കമിട്ട ലക്ഷ്മിമേനോൻ, സംരംഭകൻ ഗോപിനാഥ‌് പാറയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചേക്കുട്ടിപ്പാവകള്‍ തരംഗമായതോടെ ചേക്കുട്ടി ഷർട്ടുകളും സാരികളും തയ്യാറാക്കി വിപണനത്തിനൊരുങ്ങുകയാണിവര്‍. ചേക്കുട്ടി സംരംഭവുമായി സഹകരിച്ച ഫെഡറൽ ബാങ്ക് അടുത്തദിവസങ്ങളിൽ പത്തുലക്ഷം രൂപകൂടി കൈമാറുമ്പോൾ സൊസൈറ്റിക്ക‌് പ്രളയത്തെത്തുടർന്നുണ്ടായ 25 ലക്ഷം രൂപയുടെ നഷ്ടം നികത്താനാകുമെന്ന് സൊസൈറ്റി സെക്രട്ടറി അജിത്ത്കുമാർ ഗോതുരുത്ത‌് പറഞ്ഞു. ഇതിനോടകം വെബ‌്സൈറ്റ‌് മുഖേന 89,000ത്തിലധികം ചേക്കുട്ടികൾക്കുള്ള ഓർഡറുകൾ ലഭിച്ചുകഴിഞ്ഞതായി ലക്ഷ്മി മേനോൻ പറഞ്ഞു. ഇതിലൂടെ സൊസൈറ്റിക്ക് ഓണവിപണയിൽനിന്ന‌ു ലഭിക്കുമായിരുന്ന 35 ലക്ഷത്തോളം രൂപ സമാഹരിക്കാനാകും.

1300 രൂപയുള്ള ഒരു കൈത്തറി സാരിയിൽനിന്ന‌് 250 മുതൽ 360 വരെ ചേക്കുട്ടികൾ നിർമിച്ചു. ഒരു പാവയ്ക്ക് 25 രൂപയാണ‌് വില. ഇതുവഴി ഒരു സാരിക്ക് 7500 രൂപ മുതൽ 9000 വരെ ലഭിച്ചു. പ്രളയം നാശംവിതച്ച ചേന്ദമംഗലത്തെ കുരിയാപ്പിള്ളി ഹാൻഡ്‌ലൂം വീവേഴ്‌സ് കോ–-ഓപ്പറേറ്റീവ് യൂണിറ്റിൽനിന്നുള്ള തുണികളും ചേക്കുട്ടി നിർമാണത്തിനായി ശേഖരിക്കാൻ ആരംഭിച്ചതായി ലക്ഷ്മി മേനോൻ പറഞ്ഞു. സ്ത്രീകൾ മാത്രം നെയ്ത്തുകാരായുള്ള യൂണിറ്റിന് അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കരിമ്പാടം യൂണിറ്റിന്റെ ജോലികൾ കഴിഞ്ഞാൽ അക്കൗണ്ട് കുരിയാപ്പിള്ളി യൂണിറ്റിന്റെ പേരിലേക്കു മാറ്റും.

ചേക്കുട്ടിനിർമാണം പരിശീലിപ്പിക്കുന്ന 240ലധികം ശിൽപ്പശാലകൾ കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും സംഘടിപ്പിച്ചു. സ്കൂള്‍ വിദ്യാർഥികൾ, വീട്ടമ്മമാർമുതൽ ഐടി ഉദ്യോഗസ്ഥർവരെ നിർമാണത്തിന്റെ ഭാഗമായി. വളന്റിയർമാർവഴിയുള്ള പാവനിർമാണം ഈ മാസം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

കോഴിക്കോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലുള്ള പാരാപ്ലീജിക് രോഗികൾ ചേക്കുട്ടി നിർമാണത്തിന്റെ ഭാഗമാകും. ഒരു പാവയ്ക്ക് അഞ്ചുരൂപവീതം രോഗികൾക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചേന്ദമംഗലത്തെ മറ്റൊരു യൂണിറ്റിൽ വർഷങ്ങളായി വിറ്റഴിക്കാനാകാതെ(കിടന്ന എട്ടുലക്ഷം രൂപയുടെ തുണികൾ പുനരുപയോഗിക്കുന്നതിന്റെ ആലോചനകളും നടന്നുവരുന്നുണ്ട്. ചേക്കുട്ടിയുമായി ബന്ധപ്പെടുത്തി ക്രിസ‌്മസ് അലങ്കാരങ്ങൾ, സമ്മാനങ്ങൾ എന്നിവയ്ക്കുള്ള ഓർഡറുകൾ ലഭിക്കുന്നുണ്ട്. അടുത്തഘട്ടമായി തുണികൾ ഇത്തരത്തിൽ ഉപയോഗപ്പെടുത്തും. ചേക്കുട്ടി നിർമാണം ദുരുപയോഗപ്പെടുത്താതിരിക്കാൻ സെപ്റ്റംബറിൽത്തന്നെ കോപ്പിറൈറ്റിന് അപേക്ഷിച്ചിട്ടുള്ളതായി ലക്ഷ്മി പറഞ്ഞു. ഓരോ ചേക്കുട്ടിപ്പാവയിലും വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഉൾക്കൊള്ളുന്ന ക്യൂആർ കോഡ്, കോപ്പിറൈറ്റഡ് ലോഗോ, ഫെഡറൽ ബാങ്കിന്റെ ലോഗോ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

15-ന് വൈകിട്ട് കേരളത്തിലുടനീളം ചേക്കുട്ടി കൂട്ടായ്മകൾ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകൾ ഉൾപ്പെടെ പ്രളയബാധിത സ്ഥലങ്ങളിൽ ചേരുന്ന കൂട്ടായ്മകളിൽ ദുരിതബാധിതരെയും രക്ഷാപ്രവർത്തനം നടത്തിയവരെയും ഒരുമിച്ചുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ചേക്കുട്ടിപ്പാവയുടെ അണിയറിലുണ്ടായിരുന്നവർ കൂനമ്മാവ് കൊങ്ങോർപ്പിള്ളി സ്‌കൂളിൽ ഒത്തുചേരും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top