20 March Wednesday
മാലിന്യനിര്‍മാര്‍ജനം അവതാളത്തില്‍

എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ബ്രഹ്മപുരം സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018


കൊച്ചി
ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യനിര്‍മാര്‍ജനം അവതാളത്തില്‍. നാട്ടുകാർ ദുരിതത്തിൽ.  ദുർഗന്ധംകാരണം  നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ‌് പ്രദേശവാസികൾ. മലപോലെ കുന്നുകൂടിയ മാലിന്യക്കൂമ്പാരത്തിൽനിന്ന‌് മാരക പദാര്‍ഥങ്ങള്‍ കടമ്പ്രയാറിലേക്ക‌് ഒലിച്ചിറങ്ങുന്നു. ഇടിഞ്ഞുവീഴാറായ ഷെഡും എപ്പോൾ വേണമെങ്കിലും തീ പിടിക്കാവുന്ന അവസ്ഥയും നിലനിൽക്കുന്ന സാഹചര്യവും പ്ലാന്റിനെ കൂടുതൽ പരിതാപകരമാക്കുന്നു.  നഗരസഭാ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതകൊണ്ട‌് വഷളായ ബ്രഹ‌്മപുരം മാലിന്യ പ്ലാന്റ‌് നഗരസഭാ പ്രതിപക്ഷ നേതാവ‌് കെ ജെ ആന്റണിയുടെ നേതൃത്വത്തിൽ എൽഡിഎഫ‌് കൗൺസിലർമാർ  സന്ദർശിച്ചു.

ദിനംപ്രതി 250 ടൺ ജൈവ മാലിന്യവും 110 മുതൽ 120 ടൺ വരെ പ്ലാസ‌്റ്റിക‌് മാലിന്യവുമാണ‌് ബ്രഹ്മപുരം പ്ലാന്റിൽ എത്തുന്നത‌്. ദിനംപ്രതി 56 വണ്ടി പ്ലാസ‌്റ്റിക്കും 40 മുതൽ 50 വണ്ടിവരെ ജൈവ മാലിന്യവും പ്ലാന്റിൽ എത്തും. കൊച്ചി കോർപറേഷൻ കൂടാതെ കളമശേരി, ആലുവ, തൃപ്പൂണിത്തുറ, തൃക്കാക്കര, അങ്കമാലി തുടങ്ങിയ മുനിസിപ്പാലിറ്റികളിൽ നിന്നും പുത്തൻകുരിശ‌്, ചേരാനല്ലൂർ എന്നീ പഞ്ചായത്തുകളിലും നിന്നുള്ള മാലിന്യങ്ങളാണ‌് ഇവിടെ എത്തുന്നത‌്.

തരംതിരിക്കാതെ എത്തിക്കുന്ന ഇവയിൽ ഇ എം സൊലൂഷൻ എന്ന‌ മരുന്ന‌് തളിച്ച‌് 30 ദിവസം ഇളക്കിക്കൊണ്ടേ ഇരിക്കും. ദിവസം മുഴുവൻ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽനിന്ന‌് ലീച്ചറ്റ‌് ഒലിച്ചിറങ്ങും. ഇത‌് തളംകെട്ടി നിൽക്കുന്നതിനാൽ അന്തരീക്ഷം ദുർഗന്ധപൂരിതമാണ‌്. ലീച്ചറ്റ‌് സമീപത്തുള്ള കാനയിലൂടെ ഒഴുകി കടമ്പ്രയാറിലും പരിസരപ്രദേശങ്ങളിലും പടരുന്നത‌് ഗുരുതരമായ ആരോഗ്യപ്രശ‌്നങ്ങളാണ‌് വിളിച്ചുവരുത്തുന്നത‌്.  ദിനംപ്രതി എത്തുന്ന മാലിന്യത്തിന്റെ അളവ‌് കൂടുതലാണ‌്. പ്ലാന്റിന് താങ്ങാനാകുന്നതിലപ്പുറം ആയതിനാൽ പ്ലാസ്റ്റിക‌് മാലിന്യം സമീപത്തെ പറമ്പിൽ കുട്ടിയിട്ടിരിക്കുകയാണ‌്. മുമ്പ‌് മാലിന്യത്തിന‌് തീപിടിച്ചപ്പോൾ മണ്ണിട്ട‌് മൂടിയതിന‌് മുകളിലാണ‌് ഇപ്പോൾ കൂട്ടിയിട്ടിരിക്കുന്നത‌്. പ്രളയകാലത്തെ മാലിന്യവും തരംതിരിക്കാതെ ഇതിന‌് സമീപം ഉണ്ട‌്‌. വേനൽ കടുത്താൽ ഏതുസയമവും തീപിടിക്കാവുന്ന അവസ്ഥയും തള്ളിക്കളായനാകില്ല. സമീപത്ത‌് കൊച്ചിൻ റിഫൈനറിയും പ്രവർത്തിക്കുന്നുണ്ട‌്‌.

75 കോടി രൂപ മുതൽമുടക്കി പണിത ഷെഡ‌് ഉപയോഗശൂന്യമായി സമീപത്തു തന്നെയുണ്ട‌്. പ്ലാസ‌്റ്റിക‌് ഷ്രഡ്ഡിങ് യൂണിറ്റ‌് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കരാർ ഏറ്റെടുത്ത നടത്തിപ്പുകാരന്റെ കീഴിൽ 35 തൊഴിലാളികൾ ദിനംപ്രതി ജോലി ചെയ്യുന്നുണ്ട‌്. ഇവർക്ക‌് ഷൂസ‌്, മാസ‌്ക‌് തുടങ്ങിയവ നൽകുന്നില്ല.  പ്ലാന്റിലേക്ക‌് എത്തുന്ന ലോറികൾ തൂക്കാനുള്ള വേബ്രിഡ‌്ജ‌് സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി പണിത പുതിയ വേ ബ്രിഡ‌്ജും പ്രവർത്തനക്ഷമമല്ല. ജീവനക്കാർക്ക‌ുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഒരുക്കിയിട്ടില്ല. നഗരസഭ എൽഡിഎഫ‌് പാർലമെന്ററി പാർടി നേതാവ‌് വി പി ചന്ദ്രനും പതിനഞ്ചോളം കൗൺസിലർമാരും സന്ദർശനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top