21 November Thursday

സ്‌പെഷ്യൽ യൂണിറ്റുകളിൽ ‘തമ്പടിച്ച’ പൊലീസുകാരെ മാറ്റിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

തിരുവനന്തപുരം
സ്‌പെഷ്യൽ യൂണിറ്റിൽ അഞ്ചുവർഷം പിന്നിട്ട പൊലീസ്‌ ഉദ്യോഗസ്ഥരെ മാറ്റി ത്തുടങ്ങി. രണ്ട്‌ ദിവസത്തിനിടെ ഇരുനൂറോളം ഉദ്യോഗസ്ഥരെയാണ്‌ മാറ്റിയത്‌. വർഷങ്ങളായി സ്‌പെഷ്യൽ യൂണിറ്റുകളിൽ ജോലിചെയ്യുന്നവരെ അടിയന്തരമായി സ്ഥലംമാറ്റാൻ സംസ്ഥാന പൊലീസ്‌ മേധാവി എല്ലാ യൂണിറ്റ്‌ മേധാവികൾക്കും ജില്ലാ പൊലീസ്‌ മേധാവികൾക്കും നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്‌ നടപടി. ഇതോടെ പൊലീസ്‌ സ്‌റ്റേഷനുകളിൽ ജോലിക്ക്‌ കൂടുതൽപേരെ ലഭിക്കും. 

ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്തുനിന്നുൾപ്പെടെ അഞ്ചുവർഷം  പിന്നിട്ടവരെ മടക്കി ഉത്തരവിറങ്ങി. സ്‌പെഷ്യൽ ബ്രാഞ്ചിൽ മാറ്റേണ്ടവരുടെ പട്ടിക തയ്യാറാക്കി. ഇവിടെ പകരം നിയമിക്കാൻ താൽപ്പര്യമുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. അടുത്തഘട്ടമായി നാലുവർഷം പിന്നിട്ടവരെയും മാറ്റുമെന്ന്‌ എഐജി രാഹുൽ ആർ നായർ പറഞ്ഞു. പൊലീസ്‌ ആസ്ഥാനത്തുള്ളവരുടെ പട്ടികയും തയ്യാറാക്കും. ഒന്നിടവിട്ട്‌ മാത്രം ജോലിക്കുവരുന്നവരെയും പിടികൂടും.

സംസ്ഥാനത്ത്‌ 5000ത്തോളം പൊലീസുകാരാണ്‌ വിവിധ സ്‌പെഷ്യൽ യൂണിറ്റുകളിൽ തമ്പടിച്ചിരിക്കുന്നവർ. ഇതിൽ ഒരേ യൂണിറ്റിൽ 18 വർഷം കഴിഞ്ഞവർവരെയുണ്ട്‌. ചിലർ സ്‌പെഷ്യൽ യൂണിറ്റുകൾ മാറി കളിക്കുന്നവരുമുണ്ട്‌. സർവീസിൽ കയറിയിട്ട്‌ യൂണിഫോം അണിയാത്ത ഉദ്യോഗസ്ഥരാണ്‌ ഇവരിൽ കൂടുതലും.

 


പ്രധാന വാർത്തകൾ
 Top