05 July Sunday

പേര്‌ ട്രാൻസ്‌ഗ്രിഡ്‌, യുഡിഎഫ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌ കിഫ്‌ബിയെ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019


തിരുവനന്തപുരം
കേരളത്തിന്റെ  അഭിമാനമാകുന്ന ട്രാൻസ്‌ഗ്രിഡ്‌ വൈദ്യുതി പദ്ധതിക്കെതിരെ ദുരാരോപണം ആവർത്തിക്കുന്നതിലൂടെ യുഡിഎഫ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌ കിഫ്‌ബിയെ. 46,000 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരമായതോടെ ദുരാരോപണം ഉന്നയിച്ച്‌ നിക്ഷേപകരെ നിരുത്സാഹപ്പെടുത്താനാണ്‌ ശ്രമം. 

സർക്കാർ വ്യക്തമായ മറുപടി നൽകിയിട്ടും 5000 കോടിയുടെ കിഫ്‌ബി പദ്ധതിയായ ട്രാൻസ്‌ഗ്രിഡിനെതിരെ ചൊവ്വാഴ്‌ച വി ഡി സതീശൻ അഴിമതി ആരോപണം ഉന്നയിച്ചു. തെറ്റായ ആരോപണങ്ങൾ  നിക്ഷേപകർക്ക്‌ കിഫ്‌ബിയെക്കുറിച്ച്‌ മോശം സന്ദേശം നൽകുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ സഭയിൽ പറഞ്ഞു.  ട്രാൻസ്‌ഗ്രിഡ്‌ എസ്‌റ്റിമേറ്റ്‌ തുക ഉയർത്തിയതിനുപിന്നിൽ അഴിമതിയാണെന്നാണ്‌ പ്രധാന ആരോപണം. ഇതേവിഷയത്തിൽ സർക്കാർ പലതവണ മറുപടി പറഞ്ഞതാണ്‌. ഈ സഭയിൽത്തന്നെ മന്ത്രി എം എം മണിയും മറുപടി നൽകി. ബോർഡ്‌ മുൻകാലങ്ങളിലെ അതേമാതൃക തന്നെയാണ്‌ അവലംബിച്ചത്‌.

കേന്ദ്രസ്ഥാപനങ്ങളായ പവർഫിനാൻസ്‌ കോർപറേഷനും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനുമാണ്‌ ടെൻഡർ ഏകോപിപ്പിച്ചതും തീരുമാനമെടുത്തതും.
എസ്‌റ്റിമേറ്റിൽ പത്ത്‌ ശതമാനത്തിൽ കൂടുതൽ വർധന വരുത്തുകയാണെങ്കിൽ റീടെൻഡർ ചെയ്യണമെന്ന നിബന്ധനയും പാലിച്ചു. പങ്കെടുക്കുന്ന കമ്പനികളുടെ ടേൺഓവർ  500 കോടിയെന്നത്‌ കൂടുതൽ കമ്പനികളെ പങ്കെടുപ്പിച്ച്‌ 300 കോടിയാക്കി കുറച്ചു.  ഇതൊക്കെ വ്യക്തമായിട്ടും പ്രതിപക്ഷനേതാവടക്കം ആരോപണം ആവർത്തിക്കുകയാണ്‌. സാമ്പത്തികപ്രതിസന്ധി മറികടന്ന്‌ വികസനം യാഥാർഥ്യമാക്കാനാണ്‌ സർക്കാർ കിഫ്‌ബി പ്രഖ്യാപിച്ചത്‌.  50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തിൽ നൽകിയ വാഗ്ദാനം. എല്ലാ എതിർപ്പും മറികടന്ന്‌ കിഫ്‌ബി യാഥാർഥ്യമായതോടെ പ്രതിപക്ഷം പുതിയ കഥകളുണ്ടാക്കുകയാണ്‌.

ട്രാൻസ്‌ഗ്രിഡിൽ അഴിമതിയില്ല: ഐസക്‌
ട്രാൻസ്‌ഗ്രിഡ്‌ പദ്ധതിയിൽ ഒരു അഴിമതിയും ഇല്ലെന്നും അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. എല്ലാം സുതാര്യവും നിയമപ്രകാരവുമാണ്‌ നടന്നത്‌. ഇന്ത്യയിൽതന്നെ ആദ്യമായാണ്‌ ഇത്തരം പദ്ധതി നടപ്പാക്കുന്നത്‌. ഇത്‌ ബോധ്യപ്പെട്ടതിനാലാണ്‌ കേന്ദ്രം 400 കോടിയുടെ ഗ്രാന്റ്‌ അനുവദിച്ചത്‌.

കെഎസ്‌ഇബിയുടെ മാർഗനിർദേശവും ചട്ടവും പാലിച്ചാണ്‌ പദ്ധതിക്ക്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയത്‌. ഇത്തരം പദ്ധതിയാകുമ്പോൾ ഒട്ടേറെ ലേബർ വർക്ക്‌ കൂടുതൽ വരും. അതിനാലാണ്‌ എസ്‌റ്റിമേറ്റിൽ തുക കൂട്ടുന്നത്‌. കെഎസ്‌ഇബിയുടെ എല്ലാ പദ്ധതികൾക്കും ഈ രീതിതന്നെയാണ്‌ സ്വീകരിക്കാറെന്നും വി ഡി സതീശന്റെ ആരോപണത്തിന്‌ മറുപടിയായി  മന്ത്രി പറഞ്ഞു.

പദ്ധതി വെട്ടിക്കുറയ്‌ക്കേണ്ടിവരും: മന്ത്രി ഐസക്‌
തിരുവനന്തപുരം
സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി-–-നികുതിയിതര വരുമാനങ്ങളിൽ ഇടിവുണ്ടായതിനാൽ പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന്‌ ധനമന്ത്രി  ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. പദ്ധതിവിഹിതം 30 ശതമാനം കുറയ്‌ക്കേണ്ടിവരുമെന്നാണ്‌  നിഗമനം. മുൻഗണനാ പട്ടിക തയ്യാറാക്കി പദ്ധതി പുനഃക്രമീകരിക്കാൻ  വകുപ്പുകൾക്കു കർശനനിർദേശം നൽകി. 

ബജറ്റിൽ പ്രഖ്യാപിച്ചിരുന്നവക്കായി വകയിരുത്തിയ തുകയിൽ 19,463 കോടിയുടെ കുറവുണ്ടാകും.  ക്ഷേമപദ്ധതികൾക്കും വികസനപ്രവർത്തനങ്ങൾക്കും  തടസ്സമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ഉപധനാഭ്യർഥനചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു ധനമന്ത്രി. പ്രളയംമൂലം പ്രതിസന്ധി നേരിട്ടിട്ടും കേന്ദ്രം വായ്‌പ  ഈ വർഷം 6,645 കോടി  വെട്ടിക്കുറച്ചു. നികുതിയിനത്തിൽ ലഭിക്കേണ്ട തുകയിൽ 5,370 കോടിയുടെ കുറവുണ്ട്‌. 1.75 ലക്ഷം കോടി കോർപറേറ്റ് നികുതിയിനത്തിൽ ഇളവ്‌  ലഭിച്ച സാഹചര്യത്തിൽ 42 ശതമാനം സംസ്ഥാനത്തിന് കിട്ടേണ്ടതാണ്. സംസ്ഥാനത്തിന്റെ നികുതിയിനത്തിലെ ഇടിവ് 5623 കോടി രൂപയാണ്. നികുതിയിതരവരുമാനത്തിൽ 1825 കോടിയുടെ ഇടിവുമുണ്ടായി. ഈ സാഹചര്യത്തിലാണ് പദ്ധതിവിഹിതം വെട്ടിച്ചുരുക്കേണ്ടിവന്നത്‌. സംസ്ഥാനത്തിന്റെ ജിഎസ്ടി  നികുതിവരുമാനം 30 ശതമാനമായി  വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.

മോട്ടോർ വാഹനനികുതി ആറുശതമാനം കുറഞ്ഞു. ജിഎസ്ടി വരുമാനവളർച്ച ഏഴ് ശതമാനം മാത്രമാണ്‌. വാറ്റിലെ വളർച്ച എട്ട് ശതമാനവും എക്‌സൈസ്‌ നികുതിയിനത്തിൽ ഏഴും സ്റ്റാമ്പ്  മുദ്രപേപ്പർ ഇനത്തിൽ മൂന്ന് ശതമാനവും മാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷവും വരുമാനം കുറവായിരുന്നെങ്കിലും വികസനത്തിൽ  ഇടിവുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top