12 November Tuesday

രാജ്യദ്രോഹക്കേസ്‌ പിൻവലിക്കാൻ പ്രധാനമന്ത്രി ഇടപെടണം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2019


തിരുവനന്തപുരം
അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ 49 സാംസ്കാരിക നായകർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്‌ റദ്ദാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. അടൂരിനെ  ആക്കുളത്തെ  വസതിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആൾക്കൂട്ടക്കൊലപാതകങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക്‌ കത്തയച്ചതിന്റെ പേരിലാണ്‌  കേസെടുത്തത്‌. ഒരു കത്തയക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക്‌ രാജ്യത്തെ മാറ്റുകയാണ്‌ സംഘപരിവാറും കേന്ദ്ര സർക്കാരും. സാംസ്‌കാരിക രംഗത്തുള്ള മഹത്‌ വ്യക്തിത്വങ്ങളെ വായടിപ്പിക്കുകയെന്ന സംഘപരിവാർ നീക്കമാണ്‌ ഇതിനു പിന്നിൽ.  പ്രധാനമന്ത്രിയും ബിഹാർ മുഖ്യമന്ത്രി നീതിഷ്‌ കുമാറും ഇടപെട്ട്‌ കേസ്‌ പിൻവലിക്കണം. സംഘപരിവാറിന്‌ ശക്തിയുള്ളയിടങ്ങളിൽ ആയുധങ്ങൾ ഉപയോഗിച്ച്‌ അവർ ഭിന്നശബ്ദം ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുകയാണ്‌.

ഗൗരി ലങ്കേഷ്‌, ഗോവിന്ദ്‌ പൻസാരെ, എം എം കലബുർഗി, നരേന്ദ്ര ധാബോൽക്കർ എന്നിവരെയെല്ലാം അവർ ഉന്മൂലനം ചെയ്‌തു. ഇപ്പോൾ ഇതാ അടൂർ, രാമചന്ദ്ര ഗുഹ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹക്കേസ്‌. സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധമുയരണമെന്നും കോടിയേരി പറഞ്ഞു.
അടൂരിന് നിയമസഹായം ഉൾപ്പെടെ എല്ലാ പിന്തുണയും കോടിയേരി വാഗ്ദാനം ചെയ്‌തു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഒപ്പമുണ്ടായി.


പ്രധാന വാർത്തകൾ
 Top