13 November Wednesday

ആർഎസ്‌എസിനെ അനുനയിപ്പിക്കാൻ ബിജെപിയുടെ ശ്രമം

ഇ എസ‌് സുഭാഷ‌്Updated: Sunday Oct 6, 2019

കൊച്ചി >  വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്‌ സീറ്റ്‌ നിഷേധിച്ചതോടെ ഇടഞ്ഞ ആർഎസ്‌എസ്‌ സംസ്ഥാന ഘടകത്തെ അനുനയിപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം ശ്രമം തുടങ്ങി. ബിജെപി അഖിലേന്ത്യാ (സംഘടന) ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌ എറണാകുളം എളമക്കരയിലെ ആർഎസ്‌എസ്‌ ആസ്ഥാനത്തെത്തി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി.

ബിജെപി കേന്ദ്രനേതൃത്വവും ആർഎസ്എസ്‌ സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്‌.  തങ്ങളുടെ നിർദേശങ്ങളൊന്നും പരിഗണിക്കാറില്ലെന്നാണ്‌ ആർഎസ്എസിന്റെ പരാതി. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യം തള്ളി വി മുരളീധരന്‌ മന്ത്രിസ്ഥാനം നൽകിയതുൾപ്പൈടയുള്ള കാര്യങ്ങൾ ഇത്‌ വ്യക്തമാക്കുന്നു. നേരത്തെ മുരളീധരനെ രാജ്യസഭാംഗമാക്കിയപ്പോഴും ആർഎസ്‌എസിനോട്‌ ആലോചിച്ചില്ലെന്ന്‌ ആരോപണമുണ്ട്‌.

ആഭ്യന്തര പ്രശ്‌നങ്ങളിൽ ആർഎസ്‌എസ്‌ നിലപാടിനെതിരായ തീരുമാനങ്ങളാണ്‌ കേന്ദ്ര ബിജെപി നേതൃത്വത്തിന്റേത്‌.  വട്ടിയൂർക്കാവിൽ കുമ്മനത്തിന്‌ സീറ്റ്‌ നിഷേധിച്ചതോടെ  ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്ന്‌ ആർഎസ്‌എസ്‌ വിട്ടുനിൽക്കുകയാണ്‌. ഗ്രൂപ്പ്‌ പോരും കാലുവാരൽ ഭീഷണിയും നേരിടുന്ന ബിജെപിക്ക്‌ ഈ തീരുമാനം വലിയ തലവേദനയാണ്‌. കുമ്മനത്തിന്‌ സീറ്റ്‌ നിഷേധിക്കാൻ നേതൃത്വംനൽകിയ ബി എൽ സന്തോഷിനെത്തന്നെ അനുനയ ദൗത്യമേൽപ്പിച്ചത്‌ ഇതിന്‌ പരിഹാരം കാണാനാണ്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുമ്മനം രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ ദുർബല സ്ഥാനാർഥിയാണ്‌ കൃഷ്‌ണദാസ്‌ പക്ഷക്കാരനായ എസ്‌ സുരേഷെന്ന്‌ ബിജെപിക്കാർതന്നെ പറയുന്നു.  വരുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പാർടിനേതൃത്വം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌ എല്ലാ ഗ്രൂപ്പുകളും. സംസ്ഥാന പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ കൃഷ്‌ണദാസ്‌ പക്ഷത്തിന്റെ നോമിനി എം ടി രമേശാണ്‌.  മുരളീധരൻ പക്ഷത്തിന്റെത്‌ കെ സുരേന്ദ്രനും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top