Deshabhimani

പൊലീസ്‌ ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന്‌ 
വീട്ടമ്മ ; കെട്ടുകഥയെന്ന്‌ പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 12:19 AM | 0 min read


മലപ്പുറം
വസ്‌തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാൻ പരാതി നൽകിയ വീട്ടമ്മയെ പൊലീസ്‌ ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. പൊന്നാനി മുൻ എസ്‌എച്ച്‌ഒ വിനോദ് വലിയാട്ടൂർ, തിരൂർ മുൻ ഡിവൈഎസ്‌പി വി വി ബെന്നി, മലപ്പുറം മുൻ പൊലീസ്‌ മേധാവി സുജിത്‌ദാസ്‌ എന്നിവർക്കെതിരെ 2022ൽ നൽകിയ പരാതിയാണ്‌ വീട്ടമ്മ സ്വകാര്യചാനലിൽ ആവർത്തിച്ചത്‌.

വസ്‌തുതർക്കം തീർക്കാമെന്ന്‌ വാഗ്‌ദാനം നൽകി ഇന്‍സ്‌പെക്ടര്‍ വിനോദ്‌ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ്‌ പരാതി. ഈ പരാതി ഡിവൈഎസ്‌പി ബെന്നിക്ക് കൈമാറി. ഇദ്ദേഹവും ഉപദ്രവിച്ചു. പിന്നീട്‌ അന്നത്തെ മലപ്പുറം പൊലീസ്‌ മേധാവി എസ്‌ സുജിത്‌ദാസിന്‌ പരാതി നൽകി. എന്നാൽ സുജിത്ദാസ് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ സഹായി കടന്നുപിടിച്ചെന്നുമാണ്‌ യുവതിയുടെ ആരോപണം.

യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന്‌ ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂർ പ്രതികരിച്ചു. ഓട്ടോഡ്രൈവർ കയറിപ്പിടിച്ചെന്ന പരാതിയുമായാണ്‌ യുവതി ആദ്യം എത്തിയത്‌. അന്വേഷണത്തിൽ യുവതി മുമ്പും ഇത്തരം പരാതികൾ നൽകി പണംവാങ്ങി കേസ്‌ ഒത്തുതീർപ്പാക്കിയതായി വിവരം ലഭിച്ചു. യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ റിമാൻഡ്‌ ചെയ്‌തതോടെ ഒത്തുതീർപ്പ്‌ സാഹചര്യം ഇല്ലാതായി. ഇതാണ്‌ തന്നോടുള്ള വ്യക്തിപരമായ എതിർപ്പിന്‌ ഇടയാക്കിയത്‌. തനിക്കെതിരായ പരാതി അന്ന്‌ തിരൂർ ഡിവൈഎസ്‌പി, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി, ജില്ലാ പൊലീസ്‌ മേധാവി എന്നിവർ അന്വേഷിച്ച്‌ നിരപരാധിയാണെന്ന്‌ തെളിഞ്ഞതാണ്‌. കേസ്‌ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്‌ പൊലീസിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ്‌–- അദ്ദേഹം പറഞ്ഞു. 

യുവതിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽചെയ്യുമെന്നും നിലവിൽ താനൂർ ഡിവൈഎസ്‌പിയായ വി വി ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തി ജില്ലാ പൊലീസ്‌ മേധാവി റിപ്പോർട്ട് നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയും അന്വേഷണം നടത്തി. ഈ രണ്ട് അന്വേഷണത്തിലും യുവതിയുടെ പരാതി കളവാണെന്ന് തെളിഞ്ഞു. തനിക്കെതിരെ യുവതി അന്ന് ഇത്തരത്തിലൊരു പരാതി നൽകിയിരുന്നില്ല. മുട്ടിൽ മരംമുറി അന്വേഷിച്ചതിന്റെ ഭാഗമായാണ്‌ കേസിലെ പ്രതികളുമായി ബന്ധമുള്ള ചാനൽ പുതിയ ആരോപണം ഉയർത്തുന്നതെന്ന്‌ കരുതുന്നതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home