20 September Friday

കരാറുകാരന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019


ചെറുപുഴ കെ കരുണാകരൻ സ്‌മാരക ആശുപത്രി നിർമിച്ച കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ (ജോയി) ദുരൂഹ മരണത്തെക്കുറിച്ച്‌  അന്വേഷിക്കാൻ കണ്ണൂർ ജില്ലാ പൊലീസ്‌  മേധാവി എ പ്രതീഷ്‌കുമാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരിങ്ങോം സിഐ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള  ഏഴംഗ സംഘമാണ്‌ അന്വേഷിക്കുക.  വ്യാഴാഴ്‌ച രാവിലെയാണ്‌ ജോസഫിനെ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ മരിച്ചനിലയിൽ കണ്ടത്‌.

അന്വേഷക സംഘം ജോസഫിന്റെ ഭാര്യ മിനി ജോയിയുടെയും  ബന്ധുക്കളുടെയും മൊഴിയെടുക്കും. ആശുപത്രി നടത്തിപ്പുകാരായ കെ  കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ ഭാരവാഹികൾക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ബന്ധുക്കൾ പൊലീസിന്‌ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ട്രസ്‌റ്റ്‌ ഭാരവാഹികളായ കോൺഗ്രസ്‌ നേതാക്കൾ ആശുപത്രി നിർമിച്ചതിന്റെ പണം നൽകിയിരുന്നില്ല. 1.4 കോടി രൂപ നൽകാനുണ്ടെന്ന്‌ ബന്ധുക്കൾ പറയുന്നു.  ട്രസ്‌റ്റ്‌ ചെയർമാൻ കോൺഗ്രസ്‌ നേതാവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ കുഞ്ഞികൃഷണൻ നായരാണ്‌. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോഷി ജോസാണ്‌ സെക്രട്ടറി.  മുസ്ലിംലീഗ്‌  നേതാവ്‌ അബ്ദുൾ  സലീമാണ്‌ ട്രഷറർ. 30 അംഗങ്ങളുണ്ട്‌.

ബുധനാഴ്‌ച ട്രസ്‌റ്റ്‌ ഭാരവാഹികൾ ജോസഫിനെ ഈ കെട്ടിടത്തിലേക്ക്‌ വിളിപ്പിച്ചിരുന്നു. അന്ന്‌ രാത്രി എട്ടിനാണ്‌ ഇയാളെ കാണാതായത്‌. വ്യാഴാഴ്‌ച പുലർച്ചെ മൂന്നുവരെ ബന്ധുക്കൾ ആശുപത്രിയിലും പരിസരത്തും തെരഞ്ഞു. രാവിലെ ഒമ്പതരയോടെ പൊലീസാണ്‌ ജോസഫിനെ  മരിച്ചനിലയിൽ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുന്നത്‌. 


പ്രധാന വാർത്തകൾ
 Top