21 October Monday

പുതുവീട്ടിൽ പൊന്നമ്മയ്‌ക്കിത്‌ പൊന്നോണം

എം കെ പത്മകുമാർUpdated: Friday Sep 6, 2019



പൊന്നമ്മയ്‌ക്കിത്‌ വെറും ഓണമല്ല, പൊന്നോണം.   പ്രളയം കൊണ്ടുപോയ വീടിനു പകരം  സർക്കാർ നിർമിച്ചു നൽകിയ പുത്തൻ വീട്ടിലാണ്‌ കുട്ടനാട്ടുകാരി പൊന്നമ്മ ഈ ഓണം ആഘോഷിക്കുക.

കാവാലം ചെറുകര കളത്തിൽപ്പറമ്പിൽ പൊന്നമ്മ ഒരുപാട്‌ ഓണമുണ്ടതാണ്‌. ആദ്യം പ്രതാപിയായ അച്ഛൻ ഗോപാലപിള്ളയുടെ തണലിൽ. പിന്നെ ഭർത്താവ്‌ കാഞ്ഞിരപ്പള്ളിക്കാരൻ തോമസിന്റെ സംരക്ഷണയിലും. എന്നും ഓണം.

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യബസ്‌ ജീവനക്കാരനായിരുന്നു ബേബിച്ചൻ എന്ന തോമസ്‌. തൊഴിലാളികളെ സംഘടിപ്പിച്ച്‌ സമരം നടത്തിയത്‌ ഉടമകൾക്ക്‌ രസിച്ചില്ല.  അടിച്ചൊതുക്കാൻ ഗുണ്ടകളെ ഏർപ്പാടാക്കി. കേസും കൊടുത്തു.  അക്കാലത്ത്‌ അഭയം തേടിയാണ്‌ തോമസ്‌ കുട്ടനാട്ടിലെത്തിയത്‌. ഒളിവു ജീവിതമായിരുന്നെങ്കിലും   പൊന്നമ്മയെ കണ്ടില്ലെന്ന്‌ നടിക്കാനായില്ല; കണ്ടു, ഇഷ്‌ടായി, വിവാഹവും കഴിച്ചു. നാലു കുട്ടികളുമുണ്ടായി. ഇതിനിടയിൽ കുടുംബ വിഹിതമായി കിട്ടിയ അഞ്ചു സെന്റിൽ രണ്ടുമുറി വീടും നിർമിച്ചു. 12 വർഷം മുമ്പ്‌ തോമസ്‌ മരിച്ചു.

കുട്ടനാടൻ ഗ്രാമമായ ചെറുകരയിൽ ജനിച്ചുവളർന്ന പൊന്നമയ്‌ക്ക്‌ വെള്ളവും വെള്ളപ്പൊക്കവും ഒന്നും പുത്തരിയല്ല. മേപ്പുറം പാടത്ത്‌ ക‌ൃഷിയുണ്ടായിരുന്നപ്പോൾ വെള്ളം   ഉപദ്രവിക്കില്ലായിരുന്നു. എന്നാൽ  ക‌ൃഷി നിലച്ചതോടെ   മഴക്കാലം എന്നാൽ വെള്ളപ്പൊക്കം എന്നു കൂടിയായി. ഒരുപാട്‌ വെള്ളപ്പൊക്കം കണ്ടെങ്കിലും കഴിഞ്ഞ മഹാപ്രളയം പോലൊന്ന്‌ ഓർമയിലില്ല. ആഗസ്‌ത്‌ 16നാണ്‌ ചെറുകര തോടുവഴി പമ്പാനദി ആർത്തലച്ചെത്തിയത്‌.  പൊന്നമ്മയുടെ വീടിനെ പ്രളയജലം വിഴുങ്ങാൻ പിന്നെ സമയം അധികമെടുത്തില്ല. രക്ഷപെട്ടശേഷം ചിങ്ങവനത്തുള്ള മകൾ ബിന്ദുവിന്റെ വീട്ടിലാണ്‌ പൊന്നമ്മ കഴിഞ്ഞത്‌.

തിരിച്ചെത്തിയപ്പോൾ വീടിരുന്ന സ്ഥാനത്ത്‌ വിണ്ടുകീറിയ ചുമരുകൾ മാത്രം.  വീടിനായി സർക്കാരിന്‌ അപേക്ഷ നൽകി.   സഹായം വൈകിയില്ല. പണം അനുവദിച്ചു. സഹോദരി വിലാസിനിയുടെ ഇളയമകൻ  സൺയാത്‌സൻ വീടിന്റെ പ്ലാൻ വരച്ച്‌, നിർമാണം ഏറ്റെടുത്തു. അഞ്ചുമാസം കൊണ്ട്‌ വീടു  പൂർത്തിയായി. രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള ഒന്നാംതരം വാർക്ക വീട്‌. ജൂണിൽ പുതിയ വീട്ടിൽ താമസം ആരംഭിച്ചു. പുതിയ വീട്ടിൽ ഓണമുണ്ണാൻ ചിങ്ങവനത്ത്‌ ബാർ ഹോട്ടലിലെ ജീവനക്കാരനായ മകൻ ബിനീഷും ഭാര്യ ഷാനിയും മക്കളായ സൂര്യയും സത്യനും ഒപ്പമുണ്ട്‌.


പ്രധാന വാർത്തകൾ
 Top