24 October Thursday

ശബരിമലയിൽ മണ്ഡലകാലത്ത്‌ വിപുലമായ സൗകര്യം ; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


സ്വന്തം ലേഖകൻ
ശബരിമലയിൽ മണ്ഡലകാലത്ത്‌ വിപുലമായ സൗകര്യം ഏർപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. തീർഥാടകരുടെ വാഹനങ്ങൾ പമ്പവരെ കടത്തിവിടും. പമ്പയിൽ തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ നിലയ്‌ക്കലിൽ പാർക്കുചെയ്യണം.

നിലയ്‌ക്കലിൽ 400 പൊലീസുകാർക്കും 170 കെഎസ്‌ആർടിസി ജീവനക്കാർക്കും താമസസൗകര്യം ഒരുക്കും.  10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നിലയ്‌ക്കലിൽ സ്ഥാപിക്കും. ഇതിനായി 8.4 കോടി രൂപ വകയിരുത്തി. നിലയ്‌ക്കലിൽ വിരിവയ്‌പ്പുകാർക്ക്‌ കൂടുതൽ സൗകര്യങ്ങളും അധികതാമസ സൗകര്യവും ഏർപ്പെടുത്തും.

നിലയ്‌ക്കലിൽ വിപുലമായ പാർക്കിങ്‌ ഗ്രൗണ്ടിനായി കിഫ്‌ബിയിൽനിന്ന്‌ അഞ്ചു കോടി രൂപ അനുവദിക്കും. സന്നിധാനത്ത്‌ ദിവസവും 1500 കിലോ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ്‌ സ്ഥാപിക്കും. ശുചിമുറികളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്കായി പ്രത്യേക ശുചീകരണ ബ്ലോക്കും സ്ഥാപിക്കും.
ശുദ്ധജലം, ശൗചാലയങ്ങൾ, താമസിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങൾ, മാലിന്യസംസ്കരണം, വൈദ്യസഹായം, യാത്രാ സൗകര്യം, തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന പ്രവൃത്തികളും യോഗം വിലയിരുത്തി.


പ്രധാന വാർത്തകൾ
 Top