24 October Thursday

ഒരുരേഖയുമില്ലാതെ നിരവധി ക്വാറികൾ ; വിജിലൻസ്‌ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019



തിരുവനന്തപുരം
സംസ്ഥാനത്തെ ക്വാറികളിലും മൈനിങ് ആൻഡ്‌ ജിയോളജി ഓഫീസുകളിലും ക്വാറികളിലും വിജിലൻസ് റെയ്‌ഡ്‌. ക്വാറി തുടങ്ങാൻ നിരവധി  ക്ലിയറൻസ്‌ രേഖകൾ ആവശ്യമാണെന്നിരിക്കെ ഒരു രേഖയും സമർപ്പിക്കാതെതന്നെ മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പ്‌ അനുമതി നൽകിയതായി കണ്ടെത്തി.  പാറ ഖനന ക്വാറികൾക്ക് ലൈസൻസ് നൽകുന്നതിൽ ക്രമക്കേടുണ്ടെന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഓപ്പറേഷൻ ഹണ്ട്‌ എന്ന റെയ്‌ഡ്‌ നടത്തിയത്‌. 
ക്വാറികൾ പലതിനും ഒരു ക്ലിയറൻസ്‌ രേഖകളുമില്ല. ചില ക്വാറികൾ അനുമതി നൽകിയതിൽ കൂടുതൽ ഏരിയകളിൽ ഖനനം നടത്തുന്നതായും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കണ്ടെത്തി. 

ക്വാറികളുടെ വാർഷികലാഭത്തിന്റെ ഒരു ശതമാനം അതത്‌ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണം. എന്നാൽ, മിക്ക ഉടമകളും ഇത്‌ നൽകുന്നില്ല. പലയിടങ്ങളിലും സർക്കാർ ഭൂമി കൈയേറിയാണ്‌ ഖനനം. പരിസ്ഥിതിദുർബല പ്രദേശത്തും ഖനനം നടക്കുന്നു. റവന്യൂ ഉദ്യോഗസ്ഥരും മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും ഇതിന്‌ കൂട്ടുനിൽക്കുന്നു. ഉടമകൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, ഖനനംചെയ്ത പാറയുടെ അളവ് കുറച്ചുകാണിക്കുന്നതിലൂടെ ഫീസ് ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുകയാണ്‌. മിക്ക ക്വാറികളിലും അനുമതി നൽകിയ ഭൂമി റവന്യൂ അധികൃതർ അളന്നു -തിട്ടപ്പെടുത്തുന്നില്ലെന്ന്‌ ബോധ്യമായതായി വിജിലൻസ്‌ അധികൃതർ അറിയിച്ചു.   

പത്തനംതിട്ട ജില്ലയിലെ കോന്നി പയ്യാനമ്മലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചില ക്വാറികളിൽനിന്ന്‌ വൻതോതിൽ സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. മലപ്പുറം മേൽമുറിയിലുള്ള ക്വാറിയുടെ ലൈസൻസിൽ അവ്യക്തതയുണ്ടെന്നും ചേലക്കാട്ടുള്ള ക്വാറി ലാഭവിഹിതം പഞ്ചായത്തിൽ നൽകുന്നില്ലെന്നും വനത്തിനോട് ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ഇടുക്കി അറകുളത്തുള്ള ക്വാറിയിൽ അനുവദിച്ചതിൽ കൂടുതലാണ്‌ ഖനനം. കോട്ടയം ജില്ലയിൽ അനുമതി നൽകിയ ഏഴ്‌ ഫയലുകൾ കൂടുതൽ അന്വേഷണത്തിനായി വിജിലൻസ് പിടിച്ചെടുത്തു. അനുവദിച്ചതിൽ കൂടുതൽ പ്രദേശത്ത് ഖനനം നടത്തിയ വിവരങ്ങൾ സർവേ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് അന്വേഷണം തുടരുമെന്ന് വിജിലൻസ്  അറിയിച്ചു. രാത്രി വൈകിയും പരിശോധന തുടർന്നു.

വിജിലൻസ്‌ ഡയറക്ടർ അനിൽകാന്തിന്റെ നിർദേശപ്രകാരം ഐജി എച്ച്‌ വെങ്കിടേഷ്‌, വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് ചുമതലയുള്ള  ഡിവൈഎസ്‌പി ഇ എസ്‌ ബിജുമോൻ എന്നിവരുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റും പരിശോധനയിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top