24 October Thursday

യുഎൻഎ സാമ്പത്തിക തട്ടിപ്പ്‌ കേസ്‌ ; ജാഷ്‌മിൻ ഷായ്‌ക്ക് ലുക്കൗട്ട്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


തിരുവനന്തപുരം
സാമ്പത്തിക തട്ടിപ്പ്‌ കേസിൽ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (യുഎൻഎ)  ദേശീയ പ്രസിഡന്റ്‌  ജാസ്മിൻ ഷാ ഉൾപ്പെടെ നാലു പ്രതികൾക്കായി ക്രൈംബ്രാഞ്ച്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കുമെതിരെയാണ്‌  ലുക്കൗട്ട് നോട്ടീസ്. കേസിൽ ജാസ്‌മിൻ ഷായുടെ ഭാര്യയേയും പ്രതിചേർത്തു. ഇവരുടെ അക്കൗണ്ടിലേക്ക്‌  50 ലക്ഷം രൂപ കൈമാറിയെന്ന്‌ കണ്ടെത്തി.

യുഎൻഎയുടെ ഫണ്ട്‌ അനധികൃതമായി കൈക്കലാക്കിയെന്ന സംസ്ഥാന ഭാരവാഹിയായിരുന്ന സിബി മുകേഷിന്റെ പരാതിയിലാണ്‌ കേസ്.  പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന്‌ കണ്ടെത്തി.  കേസ്‌ രജിസ്‌റ്റർചെയ്‌ത്‌ അന്വേഷണത്തിന്‌ പ്രത്യേക സംഘവും  രൂപീകരിച്ചു.  എന്നാൽ പ്രതികൾ അന്വേഷണ സംഘത്തിന്‌ മുമ്പ്‌ ഹാജരായില്ല. ഇതോടെയാണ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കിയത്‌.  പ്രതികളിൽ ചിലർ  വിവിധ പേരുകളിൽ പലയിടത്തു മാറി മാറി താമസിക്കുന്നതായും ചിലർ  രാജ്യം വിട്ടതായും അന്വേഷണ സംഘം കണ്ടെത്തി.   

യുഎൻഎയുടെ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചിരുന്നു. എന്നാൽ അക്കൗണ്ട് വഴിയല്ലാതെ സംഘടനയ്ക്ക് നിരവധി പേർ പണം കൈമാറിയിട്ടുണ്ട്. അവർ പരാതിയുമായി വന്നിട്ടില്ല. ഇത്തരം പരാതികൾ കൂടി വന്നാൽ തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നും അന്വേഷണ സംഘം പറഞ്ഞു. എന്നാൽ  താൻ ഖത്തറിലാണെന്നും അടുത്ത ദിവസം നാട്ടിലേക്ക് വരാനിരുന്നതാണെന്നും ജാഷ്‌മിൻഷാ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top