21 October Monday

ടൈറ്റാനിയം അഴിമതി : ചെന്നിത്തലയുടെ വാദം പരിഹാസ്യം: സെബാസ്‌റ്റ്യൻ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


കണ്ണൂർ
ടൈറ്റാനിയം അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യംചെയ്യുന്നതിനോ കുറ്റക്കാരനെങ്കിൽ അറസ്റ്റ്ചെയ്യുന്നതിനോ സിബിഐക്ക്‌ നിയമ തടസ്സമില്ലെന്ന്‌ പരാതിക്കാരനായ സെബാസ്‌റ്റ്യൻ ജോർജ്‌. അന്വേഷണം സിബിഐക്ക്‌ വിട്ടത് മണ്ടത്തരമാണെന്നൊക്കെ ചെന്നിത്തല തട്ടിവിടുന്നത്‌ പരിഹാസ്യമാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ കുറിച്ചു.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ചെന്നിത്തല കേസ് അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണം തടയാൻ ഹൈക്കോടതി വിസമ്മതിച്ചു. വിജിലൻസ്‌ അന്വേഷണം തുടരാമെന്നാണ്‌ 2014 നവംബർ 25ന്‌ ജസ്‌റ്റിസ്‌ പി ഉബൈദ്‌ ഉത്തരവിട്ടത്‌.  ചെന്നിത്തലയെ അറസ്‌റ്റ്‌ചെയ്യുന്നതും ചോദ്യംചെയ്യുന്നതും മറ്റൊരു ഉത്തരവുവരെ നീട്ടിവയ്‌ക്കണമെന്നും നിർദേശിച്ചു. എന്നാൽ ഇത്‌ സിബിഐക്ക്‌ ബാധകമല്ല. കേസ്‌ അന്ന്‌ ഹിയറിങ്ങിനായി 2014 ഡിസംബർ  19ലേക്ക്‌ മാറ്റി. പിന്നീട്‌ എന്റെ സത്യവാങ്‌മൂലം പരിഗണിച്ചതോടെ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നൽകിയ പരിരക്ഷ അപ്രസക്തമായി. ചെന്നിത്തല പറയുന്നതുപോലെ കേസ്‌ വെറും നനഞ്ഞ പടക്കമാണെങ്കിൽ അദ്ദേഹം കോടതിയെ സമീപിച്ച്‌ മുമ്പ്‌ തനിക്കു നൽകിയ സംരക്ഷണം ഒഴിവാക്കാൻ ആവശ്യപ്പെടണം.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കേസ്‌ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചതെന്തിനെന്നു വിശദീകരിക്കാനും ചെന്നിത്തലയ്‌ക്ക്‌ ബാധ്യതയുണ്ട്‌. ട്രാവൻകൂർ ടൈറ്റാനിയം നഷ്ടമാക്കിയ കോടികൾക്ക്‌ ഉത്തരവാദികളായവരെ അറസ്റ്റ്ചെയ്ത്‌ ജയിലിലടയ്ക്കണമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും പറയാൻ നട്ടെല്ലുള്ള നേതാക്കളെയാണ്‌ ജനങ്ങൾക്ക്‌ വേണ്ടതെന്നും  സെബാസ്‌റ്റ്യൻ ജോർജ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top