താനൂർ > ഷൂ ധരിച്ചതിന്റെ പേരിൽ പ്ലസ്വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിനിരയാക്കി മർദ്ദിച്ചു. കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്വൺ വിദ്യാർഥിയായ നന്ദുലാലിനെയാണ് സീനിയർ വിദ്യാർഥികൾ മർദ്ദിച്ചവശനാക്കിയത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ഇന്റർവെൽ സമയത്ത് സീനിയർ വിദ്യാർത്ഥികളായ ഷിബിലി, അലി തുടങ്ങിയവർ നന്ദു ലാലിനെ സ്കൂളിന് പിറകുവശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ ഷൂ ധരിക്കാൻ പാടില്ലെന്ന് നിനക്കറിയില്ലേ എന്ന് ആക്രോശിച്ചുകൊണ്ട് ഷിബിലി നന്ദുലാലിന്റെ മുഖത്ത് ഇടിച്ചു. സമീപത്തെ മതിലിനോട് ചേർത്ത് നിർത്തിയായിരുന്നു അലിയുടെ മർദ്ദനം. മാത്രമല്ല നന്ദുലാലിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ചുണ്ട് പൊട്ടി രക്തം പൊടിഞ്ഞു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കാലിലെ മസിലുകൾക്ക് ചതവ് ഏറ്റതായി ഡോക്ടർമാർ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽക്കും, താനൂർ പൊലീസിലും പരാതി നൽകി. വട്ടത്താണി സ്വദേശി കളിയിലപറമ്പിൽ ഉണ്ണികൃഷ്ണന്റെ മകനാണ് പരിക്കേറ്റ നന്ദുലാൽ.