24 April Wednesday
‘മീശ’ നോവൽ വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ഭാവനക്കനുസരിച്ച‌് വിലക്കേർപ്പെടുത്തരുത‌് : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018സ്വന്തം ലേഖകൻ
ആരുടെയെങ്കിലുമൊക്കെ ഭാവനയ്ക്കോ കാഴ്ചപ്പാടിനോ അനുസൃതമായി അടിച്ചേൽപ്പിക്കേണ്ടതല്ല വിലക്കുകളെന്ന‌് സുപ്രീംകോടതി. എസ് ഹരീഷിന്റെ  “മീശ’ നോവൽനിരോധിക്കണമെന്ന ഹർജി തള്ളിയ വിധിന്യായത്തിലാണ‌് കോടതി ഇക്കാര്യം വ്യക്തമാക്കിയത‌്. ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിർണായകമാകാവുന്ന നിരവധി നിരീക്ഷണങ്ങളോടെയാണ് ചീഫ് ജസ്റ്റിസ് ദീപക‌് മിശ്രയും ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും ഡി വൈ ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച് ഹർജി തള്ളിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരാൾ സംസാരിക്കുമ്പോൾ “എനിക്ക് താങ്കളോട് വിയോജിപ്പുണ്ടാകാം, എന്നാൽ അത് പറയുവാനുള്ള താങ്കളുടെ അവകാശത്തിനായി മരിക്കുവോളം താൻ നിലകൊള്ളു’മെന്ന വോൾട്ടയർ വചനമാകണം മാർഗദർശനമാകേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കി. പുസ്തകങ്ങൾ നിരോധിക്കുന്നത‌് ആശയങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും സംസാരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും വിധിന്യായത്തിൽ പറഞ്ഞു. ഇന്ത്യ ഏകാധിപത്യ രാജ്യമല്ല. ആശയങ്ങളുടെ സ്വതന്ത്രമായ കൈമാറ്റം അനുവദിക്കുന്ന ജനാധിപത്യ രാജ്യമാണ്‌.ആവിഷ്കാരസ്വാതന്ത്ര്യത്തിന് പ്രഥമ പരിഗണന കിട്ടത്തക്കവിധത്തിൽ മാനവികതയും സഹിഷ്ണുതയും മുറുകെപ്പിടിക്കാൻ സാഹിത്യാസ്വാദകർ  തയ്യാറാകണം. ആരോപണവിധേയമായ സംഭാഷണത്തിലെ ഭാഷ അശ്ലീലമാണെന്ന് വിദൂരമായിപ്പോലും ചിന്തിക്കാനാകില്ല. അതുകൊണ്ടുതന്നെ അപകീർത്തികരമെന്ന വാദം ഉയരുന്നില്ല. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെയാകെ അപമാനിക്കുന്നതാണ് നോവലിലെ പരാമർശമെന്ന വാദം അടിത്തറയില്ലാതെ മേൽക്കൂര കെട്ടിപ്പടുക്കുന്നതിനു തുല്യമാണെന്നും കോടതി പറഞ്ഞു.

കഥാപാത്രത്തെ ആരാധിക്കുന്നതിനോ സഹാനുഭൂതി പ്രകടമാക്കാനോ ഉള്ള സ്വാതന്ത്ര്യം വായനക്കാരനുണ്ടെന്ന‌് കോടതി പറഞ്ഞു. ആരോപണങ്ങളുടെ പേരിൽ പുസ്തകങ്ങൾ നിരോധിച്ചാൽ പിന്നെ സർഗാത്മകതയുണ്ടാകില്ല. കോടതികൾ അത്തരമൊരു വിശകലനത്തിലേക്ക് എത്തിച്ചേർന്നാൽ പിന്നെ കലയുടെ മരണമാകും. എഴുത്തുകാരന്റെ സ്വാതന്ത്ര്യം സമ്പൂർണല്ലെന്നത് സത്യമാണ്. എന്നാൽ, എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുംമുമ്പായി  ഭരണഘടനയുടെ 19(2)ന് വിരുദ്ധമായി എന്തെങ്കിലും യഥാർഥത്തിൽ ഉണ്ടോയെന്നതാണ് കോടതികൾ പരിശോധിക്കേണ്ടത്. ജനാധിപത്യമൂല്യങ്ങളും സ്വാതന്ത്ര്യത്തിന്റേതായ ആശയങ്ങളും എന്തു വിലകൊടുത്തും ഉയർത്തിപ്പിടിക്കണം. ഈയൊരു വികാരത്തോട് പൂർണമായുള്ള പ്രതിജ്ഞാബദ്ധത കോടതികൾ പാലിക്കണം. നിയമപരമായി വിലക്കപ്പെട്ട എന്തെങ്കിലുമാണെങ്കിൽമാത്രമാണ് മറിച്ചൊരു ഇടപെടൽ ആവശ്യം. “പ്രായോഗിക യാഥാർഥ്യത്തെ’ വിശദമാക്കുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെയടക്കം ചില മുൻകാല കോടതി ഉത്തരവുകളും മീശ നോവലിന്റെ കാര്യത്തിൽ നിലപാടിലെത്തുന്നതിനായി സുപ്രീംകോടതി ഉദാഹരിച്ചിട്ടുണ്ട്. ഡൽഹി മലയാളിയായ രാധാകൃഷ്ണനാണ് നോവലിനെതിരായി കോടതിയെ സമീപിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top