20 February Wednesday

പകർച്ചവ്യാധി നിയന്ത്രണവിധേയം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


സ്വന്തം ലേഖകൻ
മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിൽ പകർച്ചവ്യാധികളും നിയന്ത്രണവിധേയമാകുന്നതായി മന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എലിപ്പനി നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ ഡയറക്ടറേറ്റിലെ ഡിസാസ്റ്റർ കൺട്രോൾ റൂമിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി.

ബുധനാഴ്ച എലിപ്പനി ബാധിച്ച് ഒരാളും സംശയാസ്പദമായി ഒരാളുമാണ് മരിച്ചത‌്. പ്രളയമുണ്ടായ ആഗസ‌്തുമുതൽ എലിപ്പനിയെന്ന‌് സംശയമുള്ള 45 മരണവും സ്ഥിരീകരിച്ച 13 മരണവുമാണുണ്ടായത്. അതേസമയം, ജനുവരിമുതൽ എലിപ്പനി സംശയിച്ച 85 മരണവും സ്ഥിരീകരിച്ച 43 മരണവുമാണുണ്ടായത്. വെള്ളപ്പൊക്കമുണ്ടായ സമയത്തും മരണനിരക്ക് കുറച്ചു നിർത്താൻ കഴിഞ്ഞത് നേട്ടമാണ‌്. എല്ലാ മഴക്കാലത്തിനും പിന്നാലെ ഒരു പകർച്ചവ്യാധി ഒളിഞ്ഞിരിക്കുന്നതിനാൽ അത് മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ് നടപ്പാക്കിയത‌്. ജാഗ്രത മൂന്നാഴ്ചകൂടി തുടരും. ഫലപ്രദമായ മരുന്നുവിതരണം നിലവിലുണ്ട്. കെഎംഎസിഎൽവഴിയാണ് മരുന്നുകൾ സംഭരിച്ച് വിതരണം ചെയ്യുന്നത്. ജില്ലകളിലെ മരുന്നു ലഭ്യത സ്ഥാപനങ്ങളിൽ വിളിച്ച് ദിവസവും ഉറപ്പാക്കുന്നുണ്ട്. വാഹനം ഏർപ്പെടുത്തി എല്ലാ സ്ഥാപനങ്ങളിലും മരുന്നെത്തിക്കാൻവേണ്ടി ദിവസനേ ഡെയ്‌ലി ഡ്രഗ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. 75,33,018 ഡോക്‌സിസൈക്ലിനാണ് ഇതുവരെ വിതരണം ചെയ്തത്. 83 ലക്ഷം ഗുളിക പല ആശുപത്രികളിലായും 13,11,000 ഗുളിക വെയർ ഹൗസിലായും സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

ഐസിഎംആർ, സർക്കാരിന്റെ വിവിധ ഏജൻസികൾ എന്നിവ മുഖേന പകർച്ചവ്യാധികളെപ്പറ്റി പഠനവും നടത്തുന്നു. നിപാ സമയത്ത് പാലിച്ച അതേ കരുതലോടെയാണ് ആരോഗ്യവകുപ്പ് പ്രവർത്തിച്ചത‌്. ഡയാലിസിസ് രോഗികൾ, ഹൃദ‌്‌രോഗികൾ തുടങ്ങിയ രോഗമുള്ളവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയതുകൊണ്ടാണ് ക്യാമ്പുകളിൽനിന്ന‌് അത്യാപത്തുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത്. വീടുകളിൽ പോയവരുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുന്നതിനായി പ്രവർത്തകരെ നിയമിച്ചിട്ടുണ്ട്. 244 താൽക്കാലിക ആശുപത്രികൾ സ്ഥാപിച്ചു. 
എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് ഏകോപിപ്പിച്ച്  1,10,712 പേർക്ക‌് കൗൺസലിങ‌് നൽകി.  

കേന്ദ്രസർക്കാരിന്റെ പൊതുജനാരോഗ്യ ടീം, കേന്ദ്രസർക്കാരിന്റെ എമർജൻസി മെഡിക്കൽ റിലീഫ് ടീം, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, എയർഫോഴ്‌സ്, സിആർപിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, നേവി, ആർമി എന്നിവയ‌്ക്കൊപ്പം കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ അധ്യാപകരും പിജി വിദ്യാർഥികളും ഐഎംഎ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകളും പ്രവർത്തനങ്ങൾക്കൊപ്പം നിന്നു.
ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ ഡയറക്ടർ ആർ എൽ സരിത, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ തുടങ്ങിയവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top