23 September Wednesday

എൻഎച്ച്‌എം ജീവനക്കാരുടെ‌ പ്രതിഫലം കൂട്ടി ; എച്ച്‌എംസികൾക്ക്‌ 36.36 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


കോവിഡ് പ്രതിരോധ പ്രവർത്തനത്തിലുള്ള എൻഎച്ച്എം ജീവനക്കാരുടെ പ്രതിഫലം വർധിപ്പിച്ചു.   കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. ഇൻസെന്റീവും റിസ്ക് അലവൻസും ഏർപ്പെടുത്തി. ഇതിന്  മാസം 22.68 കോടി രൂപ അധികമായി അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവർ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000 ആക്കി ഉയർത്തും. 20 ശതമാനം റിസ്ക് അലവൻസുമുണ്ടാകും.സീനിയർ കൺസൾട്ടന്റ്‌, ഡെന്റൽ സർജൻ, ആയുഷ് ഡോക്ടർമാർ തുടങ്ങിയവർ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനമാകും റിസ്ക് അലവൻസ്.

മൂന്നാമത്തെ വിഭാഗത്തിൽ സ്റ്റാഫ് നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരാണുള്ളത്. ഇവരുടെ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയാക്കും. 25 ശതമാനം റിസ്ക് അലവൻസും. ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്ക് അലവൻസുണ്ടാകും.
കോവിഡ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാർ ഉണ്ടെങ്കിൽ, ഇൻസെന്റീവും റിസ്ക് അലവൻസും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും.വിവിധ രോഗങ്ങൾക്കുള്ള കോവിഡ് ഹെൽത്ത് പോളിസി പാക്കേജുകൾ കെഎഎസ്‌പി സ്കീമിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കും നൽകും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകും.

എച്ച്‌എംസികൾക്ക്‌ 36.36 കോടി
നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) സമർപ്പിച്ച ഹോസ്പിറ്റൽ മാനേജ്മെന്റെ്‌ കമ്മിറ്റികൾക്ക് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. കോവിഡ് സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്താണിത്‌.

വ്യാപാരികൾക്ക് ധനസഹായം
2018 മഹാപ്രളയത്തിൽ നാശനഷ്ടമുണ്ടായ വ്യാപാരി ക്ഷേമബോർഡ് അംഗങ്ങളല്ലാത്ത 10,800 വ്യാപാരികൾക്ക് 5000 രൂപവീതം ധനസഹായം അനുവദിക്കാൻ 5.4 കോടി രൂപ ദുരിതാശ്വാസനിധിയിൽനിന്ന്‌ അനുവദിക്കും. റവന്യൂ അതോറിറ്റി / ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി/ സെക്രട്ടറി എന്നിവർ നൽകുന്ന റിപ്പോർട്ടിന്റെ/ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം. 

രാത്രി ഏഴുമുതൽ രാവിലെ ആറുവരെ രാത്രി ഷിഫ്റ്റുകളിൽ സ്ത്രീകൾക്ക് ഫാക്ടറികളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നതിന് 1948ലെ ഫാക്ടറീസ് ആക്ട് സെക്‌ഷൻ 66 ഭേദഗതി ചെയ്യാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

സ്ഥിരം തസ്തികയാക്കും
സഹകരണവകുപ്പിൽ 1986 മുതൽ താൽക്കാലികാടിസ്ഥാനത്തിൽ തുടർന്നുവരുന്ന കുടിശ്ശിക നിവാരണ ഓഡിറ്റർമാരുടെ 75 തസ്തിക ധനവകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി  2020 ജനുവരി ഒന്നുമുതൽ  പ്രാബല്യത്തിൽ സ്ഥിരം തസ്തികകളായി മാറ്റും.

കേന്ദ്ര-–- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് എം എം പുഞ്ചി കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിക്കുന്ന ഇന്റർ സ്റ്റേറ്റ് കൗൺസിലിന്റെ അജൻഡ ഇനങ്ങളിൽ സംസ്ഥാനത്തിന്റെ അഭിപ്രായം രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഡയറക്ടർ തസ്തിക സൃഷ്ടിക്കും. സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ്‌ ആൻഡ് ഡയഗണോസ്റ്റിക്സ് മുൻ ഡയറക്ടർ (ഹൈദരാബാദ്) ഡോ. ദേബാശിഷ്‌ മിത്രയെ പുനർനിയമന വ്യവസ്ഥയിൽ നിയമിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top