23 September Wednesday

ട്രഷറി സോഫ്‌റ്റ്‌വെയർ യുഡിഎഫ്‌ കാലത്തേത്‌: ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


സംസ്ഥാന ട്രഷറി സോഫ്റ്റുവെയറിന്‌ രൂപം നൽകിയത് കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ‌. 80 ശതമാനത്തോളം നടപടി പൂർത്തിയാക്കിയാണ്‌ ഉമ്മൻചാണ്ടി സർക്കാർ ചുമതല ഒഴിഞ്ഞത്‌. 2016-–--17ൽ പൂർണപ്രവർത്തന സജ്ജമാക്കുക മാത്രമാണ്‌ ഉണ്ടായതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. 

സോഫ്‌റ്റുവെയർ പിഴവിന്റെ കാരണം  അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. പിഴവുകൾ ഉണ്ടാകാം. അവ തിരുത്തി മുന്നോട്ടു പോകുകയാണ്‌ ഈ സർക്കാരിന്റെ നയം. അപൂർവമായെങ്കിലും ട്രഷറിയിൽ നടക്കുന്ന തട്ടിപ്പുകൾക്ക് സർക്കാർ ഏതെന്ന ഭാഷ്യം നൽകുന്നത്‌ ശരിയല്ല. ഇതിന്റെ മറവിൽ ട്രഷറിയുടെ വിശ്വാസ്യതയെ തകർക്കാനുള്ള ശ്രമങ്ങളുണ്ടാകരുതെന്നും ധനമന്ത്രി അഭ്യർഥിച്ചു.

ട്രഷറി ക്രമക്കേടിൽ പുറത്താക്കിയത്‌ 8 പേരെ
ട്രഷറിയിലെ തിരിമറികളുമായി ബന്ധപ്പെട്ട്‌ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടത്‌ എട്ടുപേരെ. 1995 മുതൽ നടപടിക്ക്‌ വിധേയരായവരാണ് ‌ഇവർ. തട്ടിപ്പുകളിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ വ്യക്തം. ട്രഷറി ടിഎസ്‌പി അക്കൗണ്ടിലെ പണംതിരിമറിക്കാണ്‌ മൂന്നുപേരെ പിരിച്ചുവിട്ടത്‌. മൂന്നുപേർ പെൻഷൻ പണം തിരിമറി ചെയ്തതിനും. 2004ൽ കോഴിക്കോട് അഡീഷണൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റിനെ പണാപഹരണം നടത്തിയതിന്‌ പുറത്താക്കി. 2014ൽ കൊടുങ്ങല്ലൂർ സബ് ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റാണ്‌ പുറത്തായത്‌. പണാപഹരണത്തിൽ ആറുമാസത്തെ സസ്‌പെൻഷൻ കഴിഞ്ഞ് കുറ്റക്കാർ തിരികെ ജോലിക്കെത്തുന്ന രീതിയല്ല ട്രഷറിവകുപ്പിൽ.

സമീപകാലത്ത്‌ കാട്ടക്കട ജില്ലാ ട്രഷറിയിലെ ജീവനക്കാരനെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന്‌ കണ്ടെത്തി തരംതാഴ്‌ത്തി. ഇത്‌ പണാപഹരണമായിരുന്നില്ല. തൃശൂർ സ്റ്റാമ്പ് ഡിപ്പോയിലെയും കണ്ണൂർ ജില്ലാ ട്രഷറിയിലെയും പണാപഹരണമല്ലാത്ത ക്രമക്കേടുകളിലും അച്ചടക്കനടപടിയുണ്ടായി. പൊന്നാനി ചങ്ങരംകുളം ട്രഷറിയിലെ ക്രമക്കേടിന് സർവിസിൽനിന്ന്‌ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. മൂന്നു കേസിന്റെ കാര്യത്തിൽ അന്വേഷണ നടപടി പുരോഗമിക്കുകയാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top