24 September Thursday

ഫണ്ട് തിരിമറി : യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ ഉൾപ്പെടെ 4 പേര്‍ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


തൃശൂർ
പ്രവർത്തന ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ തിരിമറി നടത്തിയ കേസിൽ യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ(യുഎൻഎ) ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ അടക്കം നാലു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന ഇവരെ തൃശൂരിലെ ഒരു ഫ്ലാറ്റിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ ജാസ്മിൻ ഷായെ കൂടാതെ രണ്ടാം പ്രതിയും  സംസ്ഥാന പ്രസിഡന്റുമായ  ഷോബി ജോസഫ്, മൂന്നാം പ്രതിയും  ജാസ്മിൻ ഷായുടെ ഡ്രൈവറുമായ  നിതിൻ മോഹൻ,  നാലാം പ്രതി  ഓഫീസ് ജീവനക്കാരൻ പി ഡി ജിത്തു എന്നിവരെയാണ് തിരുവനന്തപുരത്തുനിന്നെത്തിയ ക്രൈംബ്രാഞ്ച് നാലാം യൂണിറ്റ് അറസ്റ്റുചെയ്തത്. ഫണ്ട് വകമാറ്റി വാങ്ങിയ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
യുഎൻഎ  തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി ബി മുകേഷ് 2019 -ൽ ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചത്.  

വിദേശത്തായിരുന്ന  ജാസ്മിൻഷാ കഴിഞ്ഞ മാർച്ചിലാണ് നാട്ടിലെത്തിയത്. അന്നുമുതൽ നാലു പ്രതികളും ഒളിവിൽ കഴിയുകയായിരുന്നു.  കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ  ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചത്‌. വിശദ  അന്വേഷണത്തിനുള്ള ഹൈക്കോടതി വിധിക്കെതിരേ ജാസ്മിൻഷായും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം നടക്കട്ടെയെന്നായിരുന്നു കോടതി നിലപാട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top