19 September Saturday

എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസ്:കുത്തി മുറിവേൽപ്പിച്ചതും പൊള്ളിച്ചതും രണ്ടാംപ്രതി; പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ മികവുറ്റ നീക്കത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


കോലഞ്ചേരി  
എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മുഖ്യപ്രതി ചെമ്പറക്കി വാഴേപ്പിള്ളിയിൽ മുഹമ്മദ് ഷാഫി (48), രണ്ടാംപ്രതി പാങ്കോട് ആശാരിമൂലയിൽ മനോജ് (42), ഇയാളുടെ അമ്മ ഓമന (60) എന്നിവരെയാണ് കോലഞ്ചേരി കോടതിയിൽ ഹാജരാക്കി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്.

ചൊവ്വാഴ്ച പിടിയിലായ പ്രതികളുടെ അറസ്റ്റ് രാത്രി വൈകിയാണ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശം പൊലീസ്‌ വെളിപ്പെടുത്തിയത്‌ ഇങ്ങനെ. മദ്യപാനിയായ മുഹമ്മദ് ഷാഫിക്ക് ഓമനയുമായി മൂന്നുവർഷത്തെ പരിചയമുണ്ട്. പലതവണ പണം വാങ്ങി ഇവരുടെ വീട്ടിൽ ഇയാൾക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കിയിരുന്നു. പുണെയിൽനിന്ന് സവാളയുമായി ശനിയാഴ്ച വൈകി പെരുമ്പാവൂരിലെത്തിയ ഷാഫി, ഞായറാഴ്ച തനിക്കൊരു സ്ത്രീയെ വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്‌ ഓമന വയോധികയെ തന്ത്രപൂർവം വീട്ടിലെത്തിച്ചു. മദ്യലഹരിയിലായിരുന്ന ഷാഫി ഇവരെ ക്രൂരമായി പീഡിപ്പിച്ചു. ഇതിനുശേഷമാണ്‌ രണ്ടാംപ്രതിയും ഓമനയുടെ മകനുമായ മനോജ് എത്തിയത്.

അമ്മയോടൊപ്പം കണ്ട ഷാഫിയെ അടിച്ചോടിച്ചു. മുമ്പ്‌ താനുമായി തർക്കമുള്ള വയോധിക മുറിക്കകത്തുകിടക്കുന്നത് കണ്ട ഇയാൾ പ്രകോപിതനായി അടുക്കളയിൽനിന്ന് കത്തിയെടുത്ത് ശരീരമാസകലം വരയുകയും സ്വകാര്യഭാഗത്ത് കുത്തുകയും ചെയ്തു.  നെഞ്ചിനും അടിവയറിനും ആഞ്ഞുചവിട്ടി. മുറിയിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരി എടുത്ത് സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു. മനോജ് പോയശേഷം ഓമന കിടക്കവിരിയെടുത്ത്‌ രക്തം തുടച്ചശേഷം വയോധികയെ വീട്ടിൽ എത്തിക്കുകയായിരുന്നു. വയോധികയുടെ  മൊഴിയിൽനിന്നാണ് മനോജിനെയും ഓമനയെയും കസ്റ്റഡിയിലെടുത്തത്.

തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ ചെമ്പറക്കിയിലെ വീട്ടിൽനിന്ന് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്.  പുണെയ്ക്ക് മുങ്ങാനിരിക്കെയാണ് പ്രതി വലയിലായത്.  ഇയാൾ ലൈംഗികവൈകൃതത്തിന്‌ അടിമയാണെന്ന്‌ പൊലീസ് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന വയോധികയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.     
വയോധികയുടെ ചികിത്സാചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കുമെന്ന്‌ മന്ത്രി കെ കെ ശൈലജ കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്‌. വയോധികയ്‌ക്ക്‌ നീതി ഉറപ്പാക്കാൻ എല്ലാ സഹായവും നൽകുമെന്ന്‌ ചൊവ്വാഴ്‌ച ആശുപത്രിയിൽ എത്തിയ വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈനും ഉറപ്പുനൽകി.

പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ മികവുറ്റ നീക്കത്തിൽ
വയോധികയെ ക്രൂരമായി പീഡിപ്പിച്ച മുഖ്യപ്രതി മണിക്കൂറുകൾക്കകം വലയിലായത്‌ പുത്തൻകുരിശ് പൊലീസിന്റെ സമയോചിതമായ ഇടപെടൽമൂലം. ഞായറാഴ്ച രാത്രി കോലഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുന്നത്. ഓമനയുടെ വീട്ടിൽവച്ച് വെളുത്ത മുണ്ടുടുത്ത നരച്ച മീശയുള്ള ഒരാളാണ് ഉപദ്രവിച്ചതെന്നായിരുന്നു വയോധികയുടെ മൊഴി. രാത്രിതന്നെ ഓമനയെയും മകൻ മനോജിനെയും കസ്റ്റഡിയിലെടുത്തു. വയോധിക വീട്ടിലെ നടക്കല്ലിലെ കമ്പിയിൽ തട്ടി വീണെന്നും അപ്പോഴാണ്‌ പരിക്കേറ്റതെന്നുമാണ്‌ ഓമന പറഞ്ഞത്. ആവർത്തിച്ചുള്ള ചോദ്യംചെയ്യലിലും മറുപടിയിൽ മാറ്റം വന്നില്ല. ഇതിനിടെ ഓമനയുടെ സഹോദരി അമ്മിണിയുടെ ഫോൺ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിൽനിന്ന്  മുഹമ്മദ് ഷാഫിയുടെ ഫോണിലേക്ക് രാത്രി വൈകിയും വിളികൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്. പുലർച്ചെ അമ്മിണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴും ഷാഫിയെ വിളിച്ച കാര്യം മറച്ചുവച്ചു. അതിനിടെ പുത്തൻകുരിശ് സിഐയുടെയും രാമമംഗലം സിഐ സൈജു കെ പോളിന്റെയും നേതൃത്വത്തിലുള്ള സംഘം ഷാഫിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് യാത്ര തുടങ്ങിയിരുന്നു. രാത്രിതന്നെ ചെമ്പറക്കിയിലെ ബിഎച്ച് നഗറിലെ വീട് കണ്ടെത്തിയെങ്കിലും തൽക്കാലം പിൻവാങ്ങി.

തിങ്കളാഴ്ച ഉച്ചയോടെ ഷാഫി വീട്ടിലെത്തുമെന്ന കൃത്യമായ വിവരം ലഭിച്ചതോടെ പൊലീസ് വീടുവളഞ്ഞു. പുണെയിലേക്ക് പോകാൻ തീരുമാനിച്ച ഇയാൾ, ഉച്ചയ്ക്ക് ഒന്നോടെ പെരുമ്പാവൂരിൽ പാർക്ക് ചെയ്തിരുന്ന വാഹനമെടുത്ത് വീട്ടിലെത്തി. പൊലീസിനെ കണ്ടതോടെ വീടിന്റെ പിന്നിലെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് കീഴടക്കുകയായിരുന്നു. ഇതിനിടെ രണ്ട് സിഐമാർക്കും സാരമായി പരിക്കേറ്റു. ഷാഫിയെ ഏഴുമണിക്കൂർ ചോദ്യംചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല.  മറ്റു പ്രതികളെ ഓൺലൈനിൽ ഷാഫിയുടെ മുന്നിലെത്തിച്ചതോടെ കള്ളങ്ങളെല്ലാം പൊളിഞ്ഞു. തുടർന്ന്‌ കുറ്റം സമ്മതിച്ചു.

പെരുമ്പാവൂരിൽ ലോഡിറക്കി മദ്യപിച്ചശേഷം ഓട്ടോയിലാണ് ഞായറാഴ്ച രാവിലെ പത്തോടെ ഇയാൾ പാങ്കോട്ട് എത്തിയത്. 25,000 രൂപ ഓമന ഷാഫിയോട്‌ കടമായി ആവശ്യപ്പെട്ടു. ഇതിനു പ്രതിഫലമായാണ്‌ ഓർമക്കുറവുള്ള വയോധികയെ ഓമന വീട്ടിലെത്തിച്ചത്. വയോധിക ചെറുത്തതോടെ ഓമനയുടെ സഹായത്തോടെ ആക്രമിച്ച്‌ കീഴ്‌പെടുത്തുകയായിരുന്നുവെന്ന്‌ പ്രതി പൊലീസിന് മൊഴിനൽകി.

മൂന്നാംപ്രതിയുടെ വീട്‌ അനാശാസ്യകേന്ദ്രമെന്ന്‌ പൊലീസ്‌
വയോധികയെ വീട്ടിലേക്ക്‌ വിളിച്ചുകൊണ്ടുപോയി മുഖ്യപ്രതിക്ക്‌ കാഴ്‌ചവച്ച മൂന്നാംപ്രതി ഓമനയുടെ വീട്‌ അനാശാസ്യകേന്ദ്രമെന്ന്‌ പൊലീസ്‌. വീട്ടിൽ അനാശാസ്യത്തിന് എത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായും പൊലീസ് കണ്ടെത്തി. ദളിത് കോൺഗ്രസിന്റെ സംസ്ഥാനനേതാവടക്കം പലരും ഇവിടത്തെ നിത്യസന്ദർശകരാണെന്ന്‌ ഓമന പൊലീസിന്‌ മൊഴിനൽകി. ഇയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങാറുണ്ടെന്നും മൊഴിയിൽ പറയുന്നു.

ഈ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ, മയക്കുമരുന്ന് വിപണനത്തെ സംബന്ധിച്ചും അനാശാസ്യത്തെക്കുറിച്ചും മൊഴിയിൽ  സൂചനയുണ്ട്. വയോധികയെ പീഡിപ്പിച്ച മുറി പൊലീസ് സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പനയും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top