22 September Tuesday

ബിപിസിഎൽ നിർബന്ധിത വിആർഎസ്‌ : റിഫൈനറി ജീവനക്കാരുടെ പട്ടിണിസമരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


കൊച്ചി
ബിപിസിഎൽ വിൽപ്പനയുടെ ഭാഗമായി ജീവനക്കാരെ  നിർബന്ധിച്ച്‌ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ വ്യാഴാഴ്‌ച ഭക്ഷണം ഉപേക്ഷിച്ച്‌ പ്രതിഷേധിക്കും. വിആർഎസിന്റെ മറവിൽ തൊഴിലാളികളെ നിർബന്ധിച്ച്‌ പിരിച്ചുവിടാനുള്ള നീക്കത്തിൽനിന്ന്‌ ബിപിസിഎൽ മാനേജ്മെന്റ്‌ പിന്മാറണമെന്ന് ആവശ്യപ്പെട്ട്‌ കൊച്ചിൻ റിഫൈനറി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു), കൊച്ചിൻ റിഫൈനറി എംപ്ലോയീസ്‌ അസോസിയേഷൻ (ഐഎൻടിയുസി) എന്നിവയുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം.

കമ്പനി വാങ്ങാൻ സ്വകാര്യ മുതലാളിമാരെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ നിർബന്ധിത വിആർഎസ്‌ നടപ്പാക്കുന്നത്‌. ഓഫീസർമാരും ജീവനക്കാരും ഉൾപ്പെടെ 11,000 പേരാണ്‌ ബിപിസിഎൽ കോർപറേഷനിലുള്ളത്‌. ഇതിൽ 40 ശതമാനം പേരെ ഒഴിവാക്കാനാണ്‌ പദ്ധതി. ഇപ്പോൾ പിരിഞ്ഞില്ലെങ്കിൽ കമ്പനി വിൽപ്പനയ്‌ക്കുശേഷം സ്വകാര്യ മാനേജ്‌മെന്റ്‌ ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടുമെന്ന്‌ പ്രചരിപ്പിച്ചാണ്‌ ജീവനക്കാരെ വിആർഎസ്‌ എടുക്കാൻ പ്രേരിപ്പിക്കുന്നതെന്നും യൂണിയനുകൾ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.

ബിപിസിഎൽ: നിർബന്ധിത പിരിച്ചുവിടൽ എതിർക്കും–- സിഐടിയു
ബിപിസിഎൽ -വിൽപ്പനയുടെ ഭാഗമായി ജീവനക്കാരെ നിർബന്ധിച്ച് പിരിച്ചുവിടാനുള്ള മാനേജ്മെന്റ് ശ്രമത്തെ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അപലപിച്ചു. മാനേജ്‌മെന്റ്‌ നീക്കത്തെ ശക്തിയുക്തം ചെറുക്കുമെന്നും സിഐടിയു പറഞ്ഞു. -

ബിപിസിഎല്ലിൽ 6000 ഓഫീസർമാർ ഉൾപ്പെടെ 11,000 ജീവനക്കാരാണുള്ളത്. ഇതിന്റെ 40 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ്  തീരുമാനം. മാനേജ്മെന്റിന് താൽപ്പര്യമില്ലാത്തവരെ ഒഴിവാക്കാനാണ്‌ വിആർഎസിന് യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കിയത്‌. ഇപ്പോൾ വിആർഎസ്‌ അംഗീകരിച്ചില്ലെങ്കിൽ ജോലി ഉറപ്പ് നൽകാൻ കഴിയില്ലെന്നാണ്‌   ഭീഷണിപ്പെടുത്തുന്നത്‌. ഫലത്തിൽ വിആർഎസ്, സിആർഎസ്- നിർബന്ധിത പിരിച്ചുവിടലായി മാറുന്നു.
രണ്ടു വർഷമായി തൊഴിലാളികളുടെ ശമ്പള പരിഷ്കരണവും  തടഞ്ഞുവച്ചിരിക്കുകയാണ്. 40 ശതമാനം ജീവനക്കാരെ കുറയ്ക്കണമെന്ന ലക്ഷ്യംവച്ചാണ് മാനേജ്മെന്റ് നീങ്ങുന്നത്. ബിപിസിഎല്ലിനെ സംരക്ഷിക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

നിർബന്ധിത വിആർഎസ്‌ നടപ്പാക്കാൻ അനുവദിക്കില്ല:
റിഫൈനറി വർക്കേഴ്‌സ്‌ അസോ.

ബിപിസിഎലിൽ പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്‌) നിർബന്ധിത വിരമിക്കൽ പദ്ധതിയാക്കി (സിആർഎസ്‌) മാറ്റരുതെന്ന്  കൊച്ചിൻ റിഫൈനറി വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു). നിശ്‌ചിത എണ്ണം ജീവനക്കാരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ  ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും നിർബന്ധിച്ചും  തൊഴിലാളികളെ സ്വയംവിരമിക്കലിന്‌ പ്രേരിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്നാണ്‌ അസോസിയേഷന്റെ ആവശ്യം. മാനേജ്‌മെന്റിന്റെ ഇത്തരം നടപടികൾക്കെതിരെ കേന്ദ്ര ഡെപ്യൂട്ടി ചീഫ്‌ ലേബർ കമീഷണർക്കും ബിപിസിഎൽ–-കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർക്കും മാർക്കറ്റിങ്‌ യൂണിയനുകൾക്കും അയച്ച നിവേദനത്തിലാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌.

2018ൽ നടപ്പാക്കേണ്ട ദീർഘകാല വേതന കരാർ നടപ്പിലാക്കാതെയാണ്‌ കമ്പനി വിആർഎസ്‌ പ്രഖ്യാപിച്ചത്‌. ജീവനക്കാരെ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ്‌ വിഭാഗം ഒന്നടങ്കം ഇതിന്റെ  അംബാസഡർമാരായി മാറിയിരിക്കുന്നു. വിആർഎസ്‌ എടുക്കാത്തവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന വിധത്തിലാണ്‌ ഭീഷണിയും പ്രചാരണവും.

കമ്പനിക്കുവേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന ജീവനക്കാർക്ക്‌ പ്രമോഷനോ അർഹമായ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല.  അവരെ അടിമകളായാണ്‌ മാനേജ്‌മെന്റ്‌ പരിഗണിക്കുന്നത്‌. ജീവനക്കാരുടെ എണ്ണം നിശ്‌ചിത ശതമാനം കുറയ്‌ക്കുക എന്ന ലക്ഷ്യമാണ്‌ മാനേജ്‌മെന്റിനുള്ളത്‌. അതിനാണ്‌ അനധികൃത മാർഗത്തിലൂടെ തൊഴിലാളികളെ വിആർഎസിന്‌ നിർബന്ധിക്കുന്നത്‌. അത്‌ അനുവദിക്കാനാകില്ലെന്നും മാനേജ്‌മെന്റ്‌ തിരുത്താത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക്‌ പോകുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം ജി അജി നിവേദനത്തിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top