22 October Tuesday

പൊലീസ്‌ റാങ്ക്‌ പട്ടിക : ആദ്യ നൂറുപേരുടെ ഫോൺവിളി പരിശോധിക്കും: പിഎസ്‌‌സി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


തിരുവനന്തപുരം
പൊലീസ്‌ കോൺസ്‌റ്റബിൾ റാങ്ക്‌ പട്ടികയിലെ  ആദ്യ നൂറുപേരുടെ മൊബൈൽഫോൺ കോളുകൾ പരിശോധിക്കുമെന്ന്‌ പിഎസ്‌സി. കഴിഞ്ഞ വർഷം ജൂലൈ 27 ന്‌ നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക്‌ പട്ടികയിലെ ആദ്യ നൂറ്‌ റാങ്കുകാരുടെ ഫോൺ കോളുകൾ പരിശോധിക്കാൻ പൊലീസ്‌ സൈബർസെല്ലിനോട്‌ ആവശ്യപ്പെട്ടതായി പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ അറിയിച്ചു. അന്വേഷണ റിപ്പോർട്ട്‌ വരുംവരെ ഏഴ്‌ ബറ്റാലിയനിലേക്കുള്ള  റാങ്ക്‌ പട്ടികയിൽനിന്നുള്ള നിയമന ശുപാർശാ നടപടികൾ നിർത്തിവയ്‌ക്കും.

യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘർഷത്തിലെ പ്രതികളായ ശിവരഞ്‌ജിത്ത്‌, പ്രണവ്‌, നസിം എന്നിവരെ ഈ റാങ്ക്‌ലിസ്റ്റിൽനിന്ന്‌ പുറത്താക്കാനും മൂവർക്കും ആജീവനാന്ത വിലക്ക്‌ ഏർപ്പെടുത്താനും പിഎസ്‌സി കഴിഞ്ഞ ദിവസം തീരുമാനിച്ചു.

ശിവരഞ്‌ജിത്ത്‌, പ്രണവ്‌ എന്നിവരുടെ മൊബൈൽ ഫോണുകളിലേക്ക്‌ പരീക്ഷാസമയത്ത്‌ നിരവധി മെസേജുകൾ വന്നതായി പിഎസ്‌സി വിജിലൻസ്‌ വിഭാഗം കണ്ടെത്തി. ശിവരഞ്‌ജിത്തിന്റെ ഫോണിലേക്ക്‌ 96 ഉം പ്രണവിന്റെ ഫോണിലേക്ക്‌ 78ഉം എസ്‌എംഎസ്‌ എത്തി. ഇവയുടെ ഉള്ളടക്കം മനസ്സിലാക്കാനായിട്ടില്ല.
സംശയം നിലനിൽക്കുന്നതിനാലാണ്‌ വിശദമായ അന്വേഷണം നടത്താൻ  പൊലീസിനോട്‌ ആവശ്യപ്പെട്ടത്‌. ആക്ഷേപം ഉയർന്നയുടൻ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ്‌ വിഭാഗം അന്വേഷണം തുടങ്ങി. ആരോപണവിധേയർക്കൊപ്പം പരീക്ഷയെഴുതിയവരിൽനിന്ന്‌ മൊഴിയെടുത്തു.  ഇവർ പരീക്ഷ എഴുതിയ മൂന്ന്‌ സെന്ററിലേയും ഇൻവിജിലേറ്റർമാരിൽനിന്നും പരീക്ഷാ ചുമതലക്കാരിൽനിന്നും മൊഴിയെടുത്തു. 

പരീക്ഷാ ഹാളിൽ ക്രമക്കേടോ അസാധാരണമായ കാര്യങ്ങളോ നടന്നിട്ടില്ലെന്ന്‌ എല്ലാവരും മൊഴി നൽകി. പരീക്ഷാ ദിവസമോ പരീക്ഷയ്‌ക്കുശേഷമോ പരാതി ലഭിച്ചില്ല. വിജിലൻസ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കൂടുതൽ അന്വേഷണത്തിന്‌  പൊലീസിനോട്‌  പിഎസ്‌സി ശുപാർശ ചെയ്‌തത്‌. പിഎസ്‌സിയുടെ വിശ്വാസ്യതയ്‌ക്ക്‌ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും ചെയർമാൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top