കൊച്ചി
കൈയിൽ കൊണ്ടുനടക്കാവുന്ന പോർട്ടബിൾ ഇ–-സൈക്കിൾ രാജ്യത്ത് ആദ്യമായി നിർമിച്ചത് മൂന്ന് മലയാളികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ തീരൂ, അവർ മലയാളികൾ തന്നെയാണ്. കൊച്ചിക്കാരനായ എ ഐ അഷിനും തൃശൂർ ഇരിങ്ങാലക്കുടക്കാരനായ വി എസ് മിഥുനും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പി ജിഷ്ണുവും. കളമശേരി കിൻഫ്രാ ഹൈടെക്ക് പാർക്കിൽ സ്മാഡോ ലാബ്സ് എന്ന സ്റ്റാർട്ട്അപ് നടത്തുകയാണ് ഈ യുവ എൻജിനിയർമാർ.
2020 ഓടെ ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തുകളിൽ സജീവമാകും. ഇത് മുന്നിൽ കണ്ടാണ് മൂന്നുവർഷം മുമ്പ് ഈ ചെറുപ്പക്കാർ പരിസ്ഥിതി സൗഹൃദ ഇ–-സൈക്കിളിന്റെ നിർമാണം ആരംഭിച്ചത്. ആറു മണിക്കൂർ ചാർജ് ചെയ്താൽ 30 കിലോമീറ്റർ ദൂരം ഓടിക്കാനാകുന്ന ഇലക്ട്രിക്ക് സൈക്കിളുകൾക്കിടയിലേക്ക് രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം ഓടിക്കാവുന്ന പോർട്ടമ്പിൾ ഇ–-സൈക്കിളെത്തിക്കുകയായിരുന്നു ലക്ഷ്യം. രണ്ടാഴ്ചയ്ക്കുമുമ്പ് അവർ ലക്ഷ്യത്തിലെത്തി. ടെസ്ല ഫോൾഡബിൾ ഇ ബൈക്ക് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ആൽഫ 1, ആൽഫ 1 പ്രോ എന്നീ മോഡലുകളാണ് നിർമാണം പൂർത്തിയായിരിക്കുന്നത്. സൈക്കിളിന്റെ പാർട്സുകളിൽ ഭൂരിഭാഗവും കളമശേരിയിലെ സ്മാഡോ ലാബ്സിലാണ് നിർമിക്കുന്നത്. ഊരിയെടുക്കാവുന്ന ബാറ്ററിയാണ് ഇതിനുള്ളത്.
23 കിലോഗ്രാം ഭാരമുള്ള ഇ–-സൈക്കിൾ മടക്കി കൈയിലും ബാഗിലും കൊണ്ടുനടക്കാനാകും. മൂന്ന് രീതിയിൽ പ്രവർത്തിപ്പിക്കാനുമാകും. ഇലക്ട്രിക്ക് മോഡിലല്ലാതെ സാധാരണ സൈക്കിളായി ഉപയോഗിക്കാം. മോട്ടോർ ബൈക്ക് പോലെ ഉപയോഗിക്കുന്നതാണ് രണ്ടാമത്തെ രീതി. പെഡൽ അസിസ്റ്റന്റാണ് മൂന്നാമത്തെ രീതി. ഇത് പ്രായമായവർക്കും ഹൃദ്രോഗമുള്ളവർക്കും വേണ്ടിയുള്ളതാണ്. വേഗത മുൻകൂട്ടി തീരുമാനിക്കാവുന്ന പേരന്റ് കൺട്രോൾ മോഡും ഇ- സൈക്കിളിനുണ്ട്. ഇതിലൂടെ കുട്ടികളുടെ വേഗത രക്ഷകർത്താക്കൾക്ക് തീരുമാനിക്കാനാവും. 49,500 രൂപ വിലയുള്ള ആൽഫ 1ന് രണ്ടുമണിക്കൂർ ചാർജ് ചെയ്താൽ 50 മണിക്കൂറാണ് ഓടിക്കാനാകുക. 69,500 രൂപ വിലയുള്ള ആൽഫ 1 പ്രോ രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടിക്കാനാവും. രണ്ട് മോഡലുകളും 150 കിലോ ഭാരം താങ്ങും. ഇവയ്ക്ക് ഒരു വർഷത്തെ റിപ്ലേസ് വാറണ്ടിയും അഞ്ചുവർഷത്തെ സൗജന്യ സർവീസും ലഭിക്കും. സോഫ്റ്റ്വെയർ എൻജിനിയറായ മിഥുനാണ് കമ്പനി സിഇഒ. മെക്കാട്രോണിക്സ് എൻജിനിയറായ ജിഷ്ണു സിടിഒയും മെക്കാനിക്കൽ എൻജിനിയറായ അഷിൻ സിഒഒയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..