19 September Thursday

ഡിവൈഎഫ്‌ഐ ജാഥകൾ പ്രയാണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


മലപ്പുറം/ കോട്ടയം
വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യമുയർത്തി  ഡിവൈഎഫ്‌ഐ ആഗസ്‌ത്‌ 15ന്‌  സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിന്‌ മുന്നോടിയായുള്ള രണ്ട്‌ മേഖലാജാഥയും  പര്യടനം തുടരുന്നു.  സ്വീകരണകേന്ദ്രങ്ങളിലെല്ലാം യുവാക്കളുടെ വൻ പങ്കാളിത്തവും ഉണ്ടായി.

അയിത്തത്തിനെതിരായ മുന്നേറ്റത്തിലെ സമരോജ്വല ഏടായ വൈക്കം സത്യഗ്രഹത്തിന്റെ സ്‌മാരകത്തിൽ പുഷ്‌പങ്ങൾ അർപിച്ചാണ്‌ എസ്‌ സതീഷ്‌ ക്യാപ്‌റ്റനായ ജാഥ തിങ്കളാഴ്‌ച കോട്ടയം ജില്ലയിലെ പര്യടനത്തിന്‌ തുടക്കം കുറിച്ചത്‌.  കോട്ടയം പഴയ പൊലീസ്‌ സ്റ്റേഷൻ മൈതാനിയിലെ   സ്വീകരണത്തോടെ ജാഥയുടെ തിങ്കളാഴ്‌ചത്തെ പര്യടനം സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം നിഥിൻ കണിച്ചേരി ഉദ്‌ഘാടനം ചെയ്‌തു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ മാനേജർ എസ്‌ കെ സജീഷ്‌, അംഗങ്ങളായ വി കെ സനോജ്‌, എം വിജിൻ, ഡോ. പ്രിൻസി കുര്യാക്കോസ്‌, ഷിജു ഖാൻ, ജില്ലാ സെക്രട്ടറി സജേഷ്‌ ശശി, പ്രിസഡന്റ്‌ കെ ആർ അജയ്‌, എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. ജാഥ ചൊവ്വാഴ്‌ച ചങ്ങനാശേരിയിൽ നിന്ന്‌ പര്യടനം ആരംഭിച്ച്‌ കാഞ്ഞിരപ്പള്ളിയിൽ സമാപിക്കും.

സംസ്ഥാന സെക്രട്ടറി എ എ റഹിം നയിക്കുന്ന വടക്കൻ മേഖലാ ജാഥ തിങ്കളാഴ്‌ച   മലപ്പുറം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. കൊണ്ടോട്ടിയിൽ തുടങ്ങി കലിക്കറ്റ്‌ സർവകലാശാല, പുത്തനത്താണി, എടപ്പാൾ, ചമ്രവട്ടം ജങ്‌ഷൻ എന്നിവിടങ്ങളിലെ സ്വീകരണശേഷം തിരൂരിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനുപുറമെ കെ യു ജനീഷ്,  ഗ്രീഷ്‌മ അജയഘോഷ്, കെ പ്രേംകുമാർ, ജെയ്ക് സി തോമസ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച പാലക്കാട്‌ ജില്ലയിലാണ്‌ പര്യടനം.


പ്രധാന വാർത്തകൾ
 Top